കഞ്ചാവ് മാഫിയയെ കുറിച്ച് വിവരം പൊലീസിന് കൈമാറി: നേതാവിനെ മകന്‍റെ മുന്നില്‍ വെട്ടിക്കൊന്നു
മകനോടൊപ്പം പള്ളിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് വസിം അക്രം ആക്രമിക്കപ്പെട്ടത്
തമിഴ്നാട്ടില്‍ കഞ്ചാവ് മാഫിയയെ കുറിച്ച് പൊലീസിന് വിവരം കൈമാറിയ രാഷ്ട്രീയ നേതാവിനെ ഒരു സംഘം വെട്ടിക്കൊന്നു. വസിം അക്രം എന്നയാളാണ് കൊല്ലപ്പെട്ടത്. മനിതനേയ ജനനായക കച്ചിയുടെ (എംജെകെ) തിരുപ്പത്തൂര്‍ ജില്ലാ ഭാരവാഹിയാണ് കൊല്ലപ്പെട്ട വസിം. ചെന്നൈയ്ക്ക് സമീപം വെല്ലൂരിലാണ് സംഭവം. വസിമിനെ അക്രമികള്‍ മകന്‍റെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്.
വെള്ളിയാഴ്ച വൈകീട്ട് 6.45ഓടെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. മകനോടൊപ്പം പള്ളിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് വസിം അക്രം ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ അക്രമി സംഘം വസിമിനെയും മകനെയും ആക്രമിക്കുകയായിരുന്നു. വടിവാള്‍ ഉള്‍പ്പെടെ മാരാകായുധങ്ങളുമായാണ് സംഘമെത്തിയത്. വസിം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. വസിം സംഭവ സ്ഥലത്തുതന്നെ മരിച്ചു. അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മൃതദേഹം വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
അക്രമികളില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാഞ്ചിപുരത്തെ ടോള്‍ ഗേറ്റില്‍ വച്ചാണ് ദില്ലി കുമാര്‍, രവി എന്നിവരെ പൊലീസ് പിടികൂടിയത്. അമിത വേഗതയിലായിരുന്നു കാര്‍. പൊലീസിനെ കണ്ടു കാറിലുള്ളവര്‍ വാഹനം ഉപേക്ഷിച്ചു ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ കൊലയാളികളെ ഓടിച്ചിട്ടു പിടികൂടി. വസിമിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കാറില്‍ നിന്നു കണ്ടെടുത്തു.
വസിമിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ കഞ്ചാവ് വില്‍പ്പനയെ വസിം എതിര്‍ത്തിരുന്നു. കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് ചില വിവരങ്ങള്‍ പൊലീസിന് കൈമാറുകയും ചെയ്തു. ഇതില്‍ വൈരാഗ്യമുണ്ടായിരുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16