Quantcast

കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

കുവൈത്തിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് സ്വദേശികൾക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ തമിഴ് പ്രവാസി ക്ഷേമ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2024-06-14 02:30:43.0

Published:

14 Jun 2024 2:22 AM GMT

MK Stalin announces Rs 5 lakh aid to kin of Tamilians killed in Kuwait building fire
X

ചെന്നൈ: കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ഏഴ് പേരുടെ മരണം സ്ഥിരീകരിച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കുടുംബങ്ങളെ അനുശോചനം അറിയിച്ചു.

തീപിടിത്തത്തിൽ മരിച്ച ഏഴ് പേരുടെ മൃതദേഹം കുവൈത്തിലെ ഇന്ത്യൻ എംബസിയുടെയും മറ്റ് തമിഴ് സംഘടനകളുടേയും സഹായത്തോടെ സ്വകാര്യ വിമാനത്തിൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരികയാണെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.

കുവൈത്തിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് സ്വദേശികൾക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ തമിഴ് പ്രവാസി ക്ഷേമ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.

തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള വീരച്ചാമി മാരിയപ്പൻ, കടലൂർ ജില്ലയിൽ നിന്നുള്ള കൃഷ്ണമൂർത്തി ചിന്നദുരൈ, ചെന്നൈ സ്വദേശി ഗോവിന്ദൻ ശിവശങ്കർ, ട്രിച്ചി ജില്ലയിൽ നിന്നുള്ള രാജു എബമേശൻ, തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ഭുനാഫ് റിച്ചാർഡ്, രാമനാഥപുരം ജില്ലയിൽ നിന്നുള്ള കറുപ്പണ്ണൻ രാമു, വില്ലുപുരം ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഷെരീഫ് എന്നിവരാണ് മരിച്ചത്.

കുവൈത്തിൽ ബുധനാഴ്ച നാലു മണിയോടെയുണ്ടായ തീപിടിത്തത്തിൽ മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരാണ്. ഇവരിൽ 23 പേർ മലയാളികളും ഏഴ് പേർ തമിഴ്‌നാട് സ്വദേശികളും രണ്ട് വീതം ആന്ധ്രാപ്രദേശ്, ഒഡീഷ സ്വദേശികളും ബിഹാർ, മധ്യപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യൻ എയർഫോഴ്സ് വിമാനത്തിലാണ് അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിൽ 23 മലയാളികളുടെ കുടുംബത്തിന് നേരത്തെ കേരളാ സർക്കാരും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിരുന്നു. ഇതു കൂടാതെ, വ്യവസായികളായ എം.എ യൂസഫലി അഞ്ച് ലക്ഷവും രവി പിള്ള രണ്ട് ലക്ഷവും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് അറിയിച്ചിരുന്നു.

TAGS :

Next Story