Quantcast

വാഴ്ത്തിപ്പാടലുകളെ വേണ്ടെന്നു വച്ച സ്റ്റാലിന്‍

അധികാരമേറ്റെടുത്തപ്പോള്‍ മുതല്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പുതിയ തീരുമാനങ്ങള്‍ കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തെ അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    4 Sep 2021 5:38 AM GMT

വാഴ്ത്തിപ്പാടലുകളെ വേണ്ടെന്നു വച്ച സ്റ്റാലിന്‍
X

അധികാരമേറ്റെടുത്തപ്പോള്‍ മുതല്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പുതിയ തീരുമാനങ്ങള്‍ കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തെ അതിശയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജനപ്രീതിക്ക് വേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിച്ച പി.ആര്‍.ഒ വര്‍ക്കുകള്‍ നടത്തുന്ന ഭരണാധികാരികള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തനാണ് സ്റ്റാലിന്‍. കഴിഞ്ഞ മാസം അദ്ദേഹം കൈക്കൊണ്ട രണ്ടു നടപടികള്‍ രാഷ്ട്രീയത്തില്‍ ഒരു പുതുപാത വെട്ടിത്തുറക്കുന്നതായിരുന്നു.

സ്കൂൾ കുട്ടികൾക്ക് കഴിഞ്ഞ സർക്കാർ നൽകിയ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്കൂൾ ബാഗുകൾ മാറ്റേണ്ടതില്ലെന്നായിരുന്നു ഒരു തീരുമാനം. ആ തുക വിദ്യാർഥികൾക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും സ്റ്റാലിൻ നിർദേശിച്ചു. ഇതിലൂടെ ഏകദേശം 13 കോടി രൂപയാണ് കുട്ടികളുടെ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുക. 65 ലക്ഷത്തോളം സ്കൂൾ ബാഗുകളിലാണ് ജയലളിതയുടേയും എടപ്പാടിയുടെയും ചിത്രം പതിച്ച് കഴിഞ്ഞ സർക്കാർ സൗജന്യമായി വിതരണം ചെയ്തത്.

അധികാര മാറ്റത്തിനനുസരിച്ച്, പൊതുജനത്തിന്‍റെ പണം ഉപയോഗിച്ച് നിർമിച്ച വൻപദ്ധതികൾ പോലും രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ അട്ടിമറിക്കപ്പെട്ടിടത്താണ് സ്റ്റാലിന്‍റെ നിര്‍ണായക തീരുമാനം വരുന്നത്. ചിത്രങ്ങൾ മാറ്റേണ്ടതില്ല എന്ന സർക്കാർ തീരുമാനം അണ്ണാ ഡി.എം.കെയുടെ മുതിർന്ന നേതാക്കളും സ്വാഗതം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഫോട്ടോ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പതിച്ചിരിക്കുന്ന ഒരു രാജ്യത്ത് ഒരു ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ ഫോട്ടോ കുട്ടികളുടെ ബാഗുകളിൽ ഇടുന്നത് പൊരുത്തക്കേടായി തോന്നുന്നില്ലെങ്കിലും തീര്‍ച്ചയായും സ്റ്റാലിന്‍ ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഈ തീരുമാനത്തിലൂടെ ഒരു അപൂര്‍വ സന്ദേശമാണ് നല്‍കിയിരിക്കുന്നത്.

നിയമസഭയിൽ സംസാരിക്കുമ്പോൾ തന്നെ പുകഴ്ത്തരുതെന്ന് മന്ത്രിമാർക്കും എം.എൽ.എമാർക്കും കർശന നിർദേശം നൽകിയതാണ് രണ്ടാമത്തെ തീരുമാനം. സഭയിൽ ചോദ്യമുയരുമ്പോഴും ബില്ലുകൾ അവതരിപ്പിച്ച് സംസാരിക്കുമ്പോഴും സ്റ്റാലിൻ വാഴ്ത്തുകൾ വേണ്ടെന്നാണ് നിര്‍ദേശം. ഇതൊരു അപേക്ഷയല്ല, ഉത്തരവാണെന്നും നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ഡി.എം.കെ എം.എല്‍.എ ജി. ഇയ്യപ്പന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചപ്പോള്‍ സ്റ്റാലിന്‍ ഇടപെട്ടിരുന്നു. എം.എല്‍.എമാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നേതാക്കളെ അനാവശ്യമായി പുകഴ്ത്തി സംസാരിച്ച് സമയം പാഴാക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സ്റ്റാലിന് മുന്‍പും തമിഴ്‌നാട്ടില്‍ സഭയ്ക്കുള്ളില്‍ മുഖ്യമന്ത്രിമാരെ പുകഴ്ത്തുന്നത് പതിവായിരുന്നു. എന്നാല്‍ പല കാര്യങ്ങളിലും മാതൃകാപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്ന സ്റ്റാലിന്‍ ഇക്കാര്യത്തിലും തന്‍റേതായ നിലപാട് സ്വീകരിച്ച് വ്യത്യസ്തനായിരിക്കുകയാണ്.

TAGS :

Next Story