ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി എം.കെ സ്റ്റാലിൻ
ജനുവരി 21-ന് സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് വിങ് സമ്മേളനത്തെ എതിർക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
ചെന്നൈ: മകൻ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഉദയനിധിയുടെ നേതൃത്വത്തിൽ ജനുവരി 21-ന് സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് വിങ് സമ്മേളനത്തെ എതിർക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. സംസ്ഥാനത്തുടനീളമുള്ള യുവാക്കൾ സമ്മേളനത്തിനായി തയ്യാറെടുക്കുമ്പോൾ ചിലർ തന്റെ ആരോഗ്യത്തെ കുറിച്ച് പോലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും സ്റ്റാലിൻ പറഞ്ഞു. പൊങ്കൽ ആശംസാ സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്തെ ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നിടത്തോളം താൻ ആശങ്കപ്പെടില്ലെന്ന് വെള്ളിയാഴ്ച ഒരു ചടങ്ങിൽ സംസാരിക്കുമ്പോൾ സ്റ്റാലിൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന ആശംസാ സന്ദേശത്തിലും അദ്ദേഹം ആവർത്തിച്ചു. 'ഞാൻ ആരോഗ്യവാനും സന്തോഷവാനുമാണ്. ഞാൻ ജോലിചെയ്യുന്നു, ജോലി ചെയ്യുന്നു, ജോലി ചെയ്യുന്നു' - സ്റ്റാലിൻ പറഞ്ഞു.
മുഖ്യമന്ത്രിയെ സഹായിക്കാൻ മന്ത്രിമാരെല്ലാം ഉണ്ടെന്നും അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണമെന്നും ഉദയനിധി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. യൂത്ത് വിങ് സമ്മേളനത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കങ്ങൾ പാർട്ടി പ്രവർത്തകർ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ അവകാശങ്ങളും ഫെഡറലിസവും സംരക്ഷിക്കുക എന്നതായിരിക്കും സമ്മേളനത്തിന്റെ ലക്ഷ്യം. ഡി.എം.കെ അധ്യക്ഷസ്ഥാനം ലഭിച്ചത് പ്രവർത്തകരുടെയും പാർട്ടി ജനറൽ കൗൺസിലിന്റെയും തീരുമാനപ്രകാരമാണ്. പക്ഷേ, ജനങ്ങളുടെ പിന്തുണയും പാർട്ടി പ്രവർത്തകരുടെ വലിയ പരിശ്രമവുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16