Quantcast

പ്രളയഭൂമിയിൽ നേരിട്ടെത്തി, ഭക്ഷണം വിളമ്പി; ദുരിതാശ്വാസ പ്രവർത്തനങ്ങളെ മുന്നില്‍നിന്നു നയിച്ച് സ്റ്റാലിൻ

ചെന്നൈയിൽ മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേരിട്ടെത്തിയത്. അടിയന്തരമായി ഒരു ലക്ഷത്തോളം പേർക്ക് ഭക്ഷണം വിതരണം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2021-11-08 15:36:45.0

Published:

8 Nov 2021 1:58 PM GMT

പ്രളയഭൂമിയിൽ നേരിട്ടെത്തി, ഭക്ഷണം വിളമ്പി; ദുരിതാശ്വാസ പ്രവർത്തനങ്ങളെ മുന്നില്‍നിന്നു നയിച്ച് സ്റ്റാലിൻ
X

മഴക്കെടുതി തുടരുന്ന പ്രദേശങ്ങളിൽ നേരിട്ടെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച സ്റ്റാലിൻ ദുരന്തബാധിതർക്ക് ഭക്ഷണവും ദുരിതാശ്വാസ കിറ്റുകളും വിതരണം ചെയ്തു.

ചെന്നൈയിൽ മഴക്കെടുതി രൂക്ഷമായ പേരമ്പൂർ, ആർകെ നഗർ അടക്കമുള്ള തീരപ്രദേശങ്ങളിലും റോയപുരം അടക്കമുള്ള സ്ഥലങ്ങളിലുമാണ് സ്റ്റാലിൻ നേരിട്ടെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അടിയന്തരമായി ഒരു ലക്ഷത്തോളം പേർക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. സ്റ്റാലിൻ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് തമിഴ്‌നാട് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി എംഎ സുബ്രഹ്‌മണ്യൻ പറഞ്ഞു. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്താൻ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നത്. ഇതിനകം നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ചെന്നൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നതിനെ തുടർന്ന് മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിൽ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോർട്ട്. അടുത്ത രണ്ട് ദിവസവും ചെന്നൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളായ വെളാച്ചേരി, വ്യാസർപ്പാടി, പെരമ്പലൂർ തുടങ്ങിയ മേഖലകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇരുന്നൂറോളം ക്യാംപുകളിലായി നൂറുകണക്കിന് കുടുംബങ്ങളാണ് കഴിയുന്നത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ നാല് ജില്ലകളിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി സംഭരണശേഷി എത്തിയതിനെ തുടർന്ന് പുഴൽ, ചെമ്പരമ്പാക്കം അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൽ കലക്ടർമാർക്ക് നിർദേശം നൽകി. 2015നുശേഷം ചെന്നെയിലുണ്ടായ ഏറ്റവും വലിയ മഴയാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോർട്ട്.

TAGS :

Next Story