Quantcast

ഗവർണറെ നിയന്ത്രിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാർ തമിഴ് ജനതയുടെ രോഷം അറിയേണ്ടി വരും: എം.കെ സ്റ്റാലിൻ

"തമിഴ്നാട് രാജ്യത്തെ മികച്ച സംസ്ഥാനമായി മാറുന്നത് ഗവർണർക്ക് സഹിക്കുന്നില്ല."

MediaOne Logo

Web Desk

  • Published:

    3 July 2023 10:18 AM GMT

Opposition alliance without Congress is not practical: Stalin
X

എം.കെ സ്റ്റാലിൻ

ഗവർണർ ആർ.എൻ രവിയെ കേന്ദ്ര സർക്കാർ നിയന്ത്രിച്ചില്ലെങ്കിൽ തമിഴ് ജനതയുടെ രോഷം നേരിടേണ്ടി വരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭരണഘടനയനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർ രാഷ്ട്രീയക്കാരനാവരുതെന്നും തമിഴ്‌നാട് മികച്ച സംസ്ഥാനങ്ങളിലൊന്നായി മാറുന്നത് ഗവർണർക്ക് സഹിക്കുന്നില്ലെന്നും സ്റ്റാലിൻ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

'ഡി.എം.കെ. സമാധാനത്തോടെ ഭരണം നടത്തുന്നതിൽ നിന്നും ജനങ്ങൾക്ക് എന്തെങ്കിലും നന്മ ചെയ്യുന്നതിൽ നിന്നും സർക്കാരിനെ തടയുകയാണ് ഗവർണറുടെ ഉദ്ദേശ്യം. കഴിഞ്ഞ രണ്ട് വർഷത്തിനിടയില് ഞങ്ങൾ നിരവധി പദ്ധതികളാവിഷ് കരിക്കുകയും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്നായി തമിഴ് നാടിനെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഗവർണർക്ക് ഇത് സഹിക്കാനായില്ല. രാജ്യത്തിനോ ജനങ്ങള്‌ക്കോ നന്മ ചെയ്യാൻ അദ്ദേഹത്തിന് ഉദ്ദേശ്യമില്ല. അതുകൊണ്ടാണ് അദ്ദേഹം തമിഴ്‌നാട്ടിലെ ജനങ്ങൾക്കെതിരെയും തമിഴ്‌നാട് സർക്കാരിനെതിരെയും സംസാരിക്കുന്നത്.' - സ്റ്റാലിൻ പറയുന്നു.

'ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്ന വിധത്തിലുള്ള അദ്ദേഹത്തിന്റെ അടിസ്ഥാനരഹിതമായ പ്രസംഗങ്ങളും പ്രവർത്തനങ്ങളും സാമൂഹിക അസ്വസ്ഥതയ്ക്ക് കാരണമാവുന്നുണ്ട്. ഇതൊന്നും ചെയ്യാൻ തനിക്ക് അധികാരമില്ലെന്നും ഭരണഘടന പ്രകാരം നിയമിതനായ ഗവർണറാണെന്നും അദ്ദേഹത്തിനറിയാം. അറിഞ്ഞുകൊണ്ട്, തമിഴ്‌നാട്ടിലെ ജനങ്ങളെ വെച്ച് അദ്ദേഹം കളിക്കുകയാണ്.'

വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിക്കൊണ്ടുള്ള ഗവർണറുടെ നടപടിയെ രൂക്ഷമായാണ് സ്റ്റാലിൻ വിമർശിച്ചത്:

'മന്ത്രിമാരെ നിയമിക്കാനോ നീക്കം ചെയ്യാനോ ഗവർണർക്ക് അധികാരമില്ലെന്നാണ് ഭരണഘടന പറയുന്നത്. കേന്ദ്രസർക്കാർ അദ്ദേഹത്തെ നിയന്ത്രിച്ചില്ലെങ്കിൽ തമിഴ് ജനതയുടെ രോഷം നേരിടേണ്ടി വരും.'

'ഇ.ഡിയെ ബി.ജെ.പി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണെന്നാണ് ഞങ്ങളുടെ പരസ്യമായ ആരോപണം. രാഷ്ട്രീയ പകപോക്കൽ ഉദ്ദേശ്യത്തോടെ ആദായനികുതി വകുപ്പ് സെന്തിൽ ബാലാജിയെ റെയ്ഡ് ചെയ്യുകയും മനുഷ്യത്വരഹിതമായി ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. സത്യസന്ധമായി പ്രവർത്തിക്കേണ്ട സംഘടനകളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഞങ്ങൾ ആരോപിക്കുന്നു.'

'9 വർഷം മുമ്പത്തെ ഒരു കേസിൽ പൊടുന്നനെ റെയ്ഡ് നടത്തി 18 മണിക്കൂർ തടവിലാക്കേണ്ടതിന്റെ ആവശ്യകത എന്താണ്? അദ്ദേഹം ഒരു മന്ത്രിയാണ്. പൊതുവേദികളിൽ പുറത്തും പരിപാടികളിൽ പങ്കെടുത്തയാളാണ് അദ്ദേഹം. അങ്ങനെയെങ്കില് ഒറ്റ ദിവസം കൊണ്ട് പൂട്ടിയിടാനും മൊഴിയെടുക്കാനുമുള്ള നിർബന്ധം എവിടെ നിന്ന് വന്നു?...'

'ഹൃദയത്തിൽ നാല് ബ്ലോക്കുകളുണ്ടെന്നും ഹൃദയശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നും പറഞ്ഞിട്ടും അത് നാടകമാണെന്ന് പരിഹസിക്കുകയാണ് ഇ.ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയും അറസ്റ്റും അധികാര ദുർവിനിയോഗമാണ്. അതിനാൽ സെന്തിലിനെ മന്ത്രിസഭയിൽ നിന്ന് മാറ്റാനാകില്ലെന്നാണ് ഞങ്ങളുടെ നിലപാട്. ആശുപത്രിയിലായതിനാൽ വകുപ്പില്ലാതെ മന്ത്രിയായി തുടരുകയാണ്. സത്യസന്ധവും നിയമാനുസൃതവുമായ അന്വേഷണത്തെ ഞങ്ങൾ ഒരിക്കലും എതിർത്തിട്ടില്ല. പക്ഷേ, നിയമവിരുദ്ധമായി നീങ്ങിയാൽ അത് അംഗീകരിക്കാൻ കഴിയില്ല.' സ്റ്റാലിൻ പറഞ്ഞു.

TAGS :

Next Story