Quantcast

'രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് ഭരിച്ചാൽ പ്രധാനമന്ത്രി ഒറ്റപ്പെടും'; മുന്നറിയിപ്പുമായി എം.കെ സ്റ്റാലിൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിച്ചവരോട് പ്രധാനമന്ത്രി മോദി പ്രതികാരം ചെയ്യുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    24 July 2024 2:05 PM GMT

MK Stalin’s warning to PM Narendra Modi ‘You will be isolated’
X

ചെന്നൈ: രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് ഭരണം നടത്തിയാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റപ്പെടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബിഹാറിനും ആന്ധ്രാപ്രദേശിനും നൽകിയ ബജറ്റ് വിഹിതത്തെച്ചൊല്ലി മോദിക്കെതിരെ ആഞ്ഞടിച്ച സ്റ്റാലിൻ, തൻ്റെ സഖ്യകക്ഷികളെ ഒപ്പം ചേർത്ത് പ്രധാനമന്ത്രിക്ക് സ്വന്തം ഭരണം സംരക്ഷിക്കാനാകുമെന്നും എന്നാൽ രാജ്യത്തെ രക്ഷിക്കാനാകില്ലെന്നും എക്സിൽ കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിച്ചവരോട് പ്രധാനമന്ത്രി മോദി പ്രതികാരം ചെയ്യുകയാണെന്നും എം.കെ സ്റ്റാലിൻ ആരോപിച്ചു. ബജറ്റിൽ മറ്റ് സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രാജ്യസഭയിൽ ഇറങ്ങിപ്പോയി മണിക്കൂറുകൾക്ക് ശേഷമായിരുന്നു മോദിക്കെതിരായ തമിഴ്നാട് മുഖ്യമന്ത്രിയുടെ വിമർശനം.

'കേന്ദ്ര ബജറ്റിൽ നിരവധി സംസ്ഥാനങ്ങളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇൻഡ്യ മുന്നണി എം.പിമാർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു- "തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി നമുക്ക് രാജ്യത്തെ കുറിച്ച് ചിന്തിക്കണം" എന്ന്. എന്നാൽ ഇന്നലത്തെ ബജറ്റ് നിങ്ങളുടെ ഭരണത്തെ രക്ഷിച്ചേക്കും, രാജ്യത്തെ രക്ഷിക്കില്ല. എല്ലാവരെയും ഉൾക്കൊണ്ട് ഭരണം നടത്തുക. നിങ്ങളെ തോൽപ്പിച്ചവരോട് പ്രതികാരം ചെയ്യരുത്. ഞാനൊരു ഉപദേശം തരാം- നിങ്ങളുടെ രാഷ്ട്രീയ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും അനുസൃതമായി ഭരണം നടത്തിയാൽ നിങ്ങൾ തീർച്ചയായും ഒറ്റപ്പെടും'- അദ്ദേഹം വിശദമാക്കി.

നേരത്തെ, മോദിയെ ഉപദേശിച്ച് ഡി.എം.കെ എം.പി ദയാനിധി മാരനും രം​ഗത്തെത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ട് പഠിക്കാനും അദ്ദേഹത്തിന്റെ രീതി പിന്തുടരാനുമായിരുന്നു ഉപദേശം. സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്യാത്ത ആളുകൾക്കായി പ്രവർത്തിക്കണമെന്നും എം.പി മോദിയോട് പറഞ്ഞു.

'തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനിൽ നിന്ന് പ്രധാനമന്ത്രി ചില നല്ല ഉപദേശങ്ങൾ സ്വീകരിക്കേണ്ട സമയമായി എന്നെനിക്ക് തോന്നുന്നു. തനിക്ക് വോട്ട് ചെയ്ത ആളുകൾക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാത്ത ആളുകൾക്ക് വേണ്ടിയും താൻ പ്രവർത്തിക്കുമെന്നും അത് തൻ്റെ കടമയാണെന്നും മുഖ്യമന്ത്രിയായപ്പോൾ സ്റ്റാലിൻ പറഞ്ഞിരുന്നു. ഇന്ന് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് തൻ്റെ പാർട്ടിക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് തന്നെ പിന്തുണയ്ക്കുന്ന പാർട്ടികൾക്ക് വേണ്ടി മാത്രമാണ്'- മാരൻ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളെ ബജറ്റിൽ സർക്കാർ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി ഇൻഡ്യ മുന്നണിയിലെ പാർട്ടികൾ രാജ്യസഭയിൽ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു. കൂടാതെ പാര്‍ലമെന്റ് കവാടത്തില്‍ ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി എന്നിവരെ കൂടാതെ കോണ്‍ഗ്രസ്, ടി.എം.സി, എസ്.പി, ഡി.എം.കെ, ഇടതുപക്ഷ പാർട്ടികൾ എന്നിവയുടെ എം.പിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

കേന്ദ്രത്തിൽ എൻ.ഡി.എയെ മൂന്നാമതും അധികാരത്തിലെത്താൻ സഹായിച്ച ടി.ഡി.പിയും ജെ.ഡി.യുവും ഭരിക്കുന്ന ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ തഴഞ്ഞിരുന്നു. ബിഹാറിന് 26,000 കോടിയുടെയും ആന്ധ്രയ്ക്ക് 15,000 കോടിയുടേയും പദ്ധതികളാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചത്. പ്രതിപക്ഷം ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളെ അവ​ഗണിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിമാരും വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

TAGS :

Next Story