മൂന്ന് വർഷം മുൻപ് വെറുതെവിട്ട കേസിൽ അസം എംഎൽഎക്കെതിരെ യുഎപിഎ ചുമത്തി എൻഐഎ കോടതി
കുറ്റപത്രത്തിൽ എൻഐഎ ഉന്നയിച്ച രണ്ട് സുപ്രധാന കുറ്റങ്ങൾ കോടതി ഒഴിവാക്കി
ന്യൂഡൽഹി: ശിവസാഗർ എം.എൽ.എ അഖിൽ ഗൊഗോയിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ യുഎപിഎ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി പ്രത്യേക എൻഐഎ കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തെന്ന് ആരോപിച്ചാണ് കേസ്. കേസിലെ എല്ലാ കുറ്റങ്ങളിൽ നിന്നും ഗൊഗോയിയെ എൻഐഎ കോടതി മൂന്ന് വർഷത്തിന് മുൻപ് ഒഴിവാക്കിയിരുന്നു.
2019 ഡിസംബറിൽ ചന്ദ്മാരി പൊലീസ് സ്‌റ്റേഷനിലായിരുന്നു സ്വതന്ത്ര എംഎൽഎയായ ഗൊഗോയിക്കും കൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ അദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത രണ്ട് കേസുകളിൽ ഒന്നാണിത്. യുഎപിഎ സെക്ഷൻ 18 പ്രകാരമാണ് ഗൊഗോയിക്കെതിരെ കുറ്റം ചുമത്തിയത്.
എന്നാൽ, കുറ്റപത്രത്തിൽ എൻഐഎ ഉന്നയിച്ച രണ്ട് സുപ്രധാന കുറ്റങ്ങൾ കോടതി ഒഴിവാക്കി. യുഎപിഎയുടെ 39-ാം വകുപ്പ്, (തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നൽകൽ), ഐപിസി 124എ (രാജ്യദ്രോഹം) എന്നീ വകുപ്പുകളാണ് കോടതി തള്ളിയത്.
2020 ഡിസംബർ 12ന് അറസ്റ്റിലായതു മുതൽ ഒന്നര വർഷത്തിലേറെ ഗൊഗോയ് ജയിലിലായിരുന്നു. പ്രഥമദൃഷ്ട്യാ കുറ്റം ചുമത്താനുള്ള കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി 2021 ജൂലൈ ഒന്നിന് പ്രത്യേക എൻഐഎ കോടതി എല്ലാ കുറ്റങ്ങളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി വിട്ടയച്ചു. ഇതിനെതിരെ എൻഐഎ ഗുവാഹത്തി ഹൈക്കോടതിയിൽ കഴിഞ്ഞ വർഷം അപ്പീൽ നൽകിയിരുന്നു. തുടർന്ന് കുറ്റം ചുമത്താൻ എൻഐഎയെ ഹൈക്കോടതി അനുവദിക്കുകയായിരുന്നു.
Adjust Story Font
16