പോളിങ് ഓഫീസറെ തല്ലി; യു.പിയില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസെടുത്തു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയായിരുന്നു സംഭവം.
ഉത്തര്‍ പ്രദേശില്‍ പോളിങ് ബൂത്തില്‍ വെച്ച് പ്രിസൈഡിങ് ഓഫീസറെ മര്‍ദിച്ച ബി.ജെ.പി എം.എല്‍.എക്കെതിരെ കേസെടുത്തു. സർധാനയിലെ എം.എൽ.എ സംഗീത് സോമിനെതിരെയാണ് കേസെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയായിരുന്നു സംഭവം.
മീററ്റ് ജില്ലയിലെ സലാവ ഗ്രാമത്തിലെ 131ആം നമ്പർ ബൂത്തിലേക്ക് എം.എല്‍.എയും അദ്ദേഹത്തിന്റെ അനുയായികളും ഇരച്ചുകയറുകയായിരുന്നു. ഫെബ്രുവരി 10ന് ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. പുറത്ത് വോട്ടർമാരുടെ നീണ്ടനിര കണ്ട് എം.എല്‍.എ അസ്വസ്ഥനായെന്ന് പൊലീസ് പറയുന്നു. വോട്ടെടുപ്പിലെ മെല്ലെപ്പോക്കിനെ ചൊല്ലി എം.എല്‍.എ പ്രിസൈഡിങ് ഓഫീസര്‍ അശ്വിനി ശര്‍മയോട് തട്ടിക്കയറി. അതിനിടെയാണ് അശ്വിനി ശര്‍മയെ എം.എല്‍.എ മര്‍ദിച്ചത്. എം.എൽ.എയുടെ അനുയായികൾ ബൂത്തിനകത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍ നീക്കം ചെയ്തുവെന്നും പൊലീസ് വിശദീകരിച്ചു.
"അശ്വിനി ശര്‍മ പരാതി നല്‍കുമെന്ന് കരുതി 10 മണിക്കൂര്‍ കാത്തുനിന്നു. അദ്ദേഹം പരാതി നല്‍കാന്‍ എത്തിയില്ല. തുടർന്ന് സർധാന പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ലക്ഷ്മൺ വർമ എം.എല്‍.എക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഞങ്ങൾ സംഭവം അന്വേഷിക്കുകയാണ്. അന്വേഷണം പൂർത്തിയാക്കിയ ശേഷം നടപടിയെടുക്കും"- മീററ്റ് പൊലീസ് സൂപ്രണ്ട് (എസ്എസ്പി) പ്രഭാകർ ചൗധരി പറഞ്ഞു.
എഫ്.ഐ.ആറിന്റെ പകർപ്പ് അതേ ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. മൊഴി രേഖപ്പെടുത്താൻ ഹാജരാകാന്‍ പ്രിസൈഡിങ് ഓഫീസറോട് പൊലീസ് ആവശ്യപ്പെട്ടു. പുതിയ എഫ്‌ഐആർ പ്രകാരം സംഗീത് സോമിനെതിരായ കേസുകളുടെ എണ്ണം എട്ടായി. ഇതുവരെ ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. 2013ലെ മുസാഫർനഗർ കലാപക്കേസിലും എം.എല്‍.എ പ്രതിയായിരുന്നെങ്കിലും കഴിഞ്ഞ വർഷം കോടതി ക്ലീൻ ചിറ്റ് നൽകി. മൂന്നാം തവണയാണ് സംഗീത് സോം സര്‍ധാനയില്‍ നിന്ന് ജനവിധി തേടുന്നത്.
Adjust Story Font
16