Quantcast

വീണ്ടും ട്വിസ്റ്റ്: 'രേവണ്ണയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ'; ആരോപണവുമായി എം.എൽ.എ

ബിജെപി ഭാരവാഹികളിൽ പലരും പ്രധാനപ്പെട്ട വ്യക്തികളുടെ അശ്ലീല വീഡിയോകൾ കൈവശം വച്ചിരിക്കുകയാണെന്നും സ്വന്തം എംഎൽഎമാരെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുകയാണെന്നും യത്‌നാൽ ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    5 Aug 2024 9:10 AM GMT

Karnataka,Revanna video leak,Karnataka BJP,Basangouda Patil Yatnal,പ്രജ്വല്‍ രേവണ്ണ,കര്‍ണാടക ബി.ജെ.പി,
X

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ കൊച്ചുമകനും ഹസന്‍ മുൻ എംപിയുമായ പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോയുടെ പെൻഡ്രൈവുകൾ പ്രചരിപ്പിച്ചതിന് പിന്നിൽ പാർട്ടി സംസ്ഥാന അധ്യക്ഷനാണെന്ന ആരോപണവുമായി ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്‌നാൽ.

'കർണാടക ബി.ജെ.പി അധ്യക്ഷൻ വിജയേന്ദ്രയുടെ നിർദേശപ്രകാരമാണ് പെൻഡ്രൈവുകൾ വിതരണം ചെയ്തത്. എത്രപേർക്ക് അദ്ദേഹം പെൻഡ്രൈവുകൾ വിതരണം ചെയ്തു?...ധൈര്യമുണ്ടെങ്കിൽ അദ്ദേഹം ഉത്തരം പറയട്ടെ...'വിജയപുര നിയമസഭാംഗമായ യത്‌നാൽ വെല്ലുവിളിച്ചു.

ബിജെപി ഭാരവാഹികളിൽ പലരും പ്രധാനപ്പെട്ട വ്യക്തികളുടെ അശ്ലീല വീഡിയോകൾ കൈവശം വച്ചിരിക്കുകയാണെന്നും സ്വന്തം എംഎൽഎമാരെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുകയാണെന്നും യത്‌നാൽ ആരോപിച്ചു.

വിജയേന്ദ്രയ്ക്കെതിരായ ആരോപണങ്ങൾ കർണാടകയിലെ ബിജെപിക്കുള്ളിൽ പുകയുന്ന ഭിന്നതയെയാണ് മറനീക്കി പുറത്ത് വരുന്നത്. നിരവധി മുതിർന്ന നേതാക്കളുടെ അഭിപ്രായത്തെ അവഗണിച്ച് യെദ്യൂരപ്പയുടെ ഇളയ മകനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത് മുതൽ ഈ ഭിന്നത മറനീക്കി പുറത്ത് വരുന്നുണ്ട്. യത്‌നാലും ബിജെപി എംഎൽഎ രമേഷ് ജാർക്കിഹോളിയുമടക്കമുള്ളവർ യെദ്യൂരപ്പ കുടുംബത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

'യെദ്യൂരപ്പ ഒരു പാർട്ടിയുടെയും വേദിയിൽ വരരുത്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്, കേസുകൾ കോടതിയുടെ പരിഗണനയിലാണ്. ഒരു വേദിയിലും വരരുതെന്ന് പാർട്ടി യെദ്യൂരപ്പയോട് നിർദേശിക്കണം. സിദ്ധരാമയ്യ ഉടൻ രാജിവയ്ക്കണമെന്ന് അദ്ദേഹം പ്രസംഗങ്ങൾ നടത്തുന്നു. നിങ്ങൾക്കും നിങ്ങളുടെ മകനുമെതിരെ തട്ടിപ്പ് കേസുകളുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കുമോ അതോ അവർക്കെതിരെ നടപടിയെടുക്കുമോ എന്നാണ് എനിക്ക് ഹൈക്കമാൻഡിനോട് ചോദിക്കാനുള്ളത്... 'അദ്ദേഹം പറഞ്ഞു.

വിജയേന്ദ്രയെയും യെദ്യൂരപ്പയെയും കുറിച്ച് യത്‌നാലിന് പല കാര്യങ്ങളും അറിയാമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ''വിജയേന്ദ്രയ്ക്കും യെദ്യൂരപ്പയ്ക്കും അഴിമതിയെക്കുറിച്ച് സംസാരിക്കാൻ ധാർമ്മിക അവകാശമില്ലെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ഇതിനോട് യോജിക്കുന്നു. അദ്ദേഹത്തിന്റെ മറ്റ് പ്രസ്താവനകളെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ''ദിനേഷ് ഗുണ്ടു റാവു പ്രതികരിച്ചു.

ലൈംഗിക പീഡനകേസിൽ ജയിലിൽ കഴിയുന്ന പ്രജ്വലിന്റെ ജാമ്യാപേക്ഷ അടുത്തിടെ പ്രത്യേക കോടതി തള്ളിയിരുന്നു. പീഡനദൃശ്യങ്ങൾ പ്രചരിച്ചതോടെ ജർമനിയിലേക്ക് കടന്ന പ്രജ്വൽ മേയ് 31 ന് മടങ്ങിവന്നപ്പോഴാണ് അറസ്റ്റിലാകുന്നത്.

TAGS :

Next Story