മഹാരാഷ്ട്രയിൽ അണിയറ നീക്കങ്ങൾ സജീവം; ശരത് പവാറിനെ ബന്ധപ്പെട്ട് അജിത് പവാർ പക്ഷത്തെ എം.എൽ.എമാർ
ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ എൻ.ഡി.എ കക്ഷികൾക്കിടയിൽ അണിയറ നീക്കങ്ങൾ സജീവമായതായി റിപ്പോർട്ട്. എൻ.ഡി.എയുടെ ഭാഗമായ എൻ.സി.പി അജിത് പവാർ പക്ഷത്തുള്ള 15ഓളം എം.എൽ.എമാർ ശരത് പവാറിനെ ബന്ധപ്പെട്ടതായാണ് വിവരം.
അതേസമയം, എം.എൽ.എമാരുടെയും പാർട്ടി നേതാക്കളുടെയും നിർണായക യോഗം അജിത് പവാർ വിളിച്ചുചേർത്തിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിച്ചത്. ഇതിൽ ഒരിടത്ത് മാത്രമാണ് വിജയിക്കാനായാത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ തിരിച്ചടിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജി സന്നദ്ധത അറിയിച്ച് രംഗത്തുവന്നിരുന്നു. എന്നാൽ, സഖ്യമായി മത്സരിച്ചതിനാൽ പരാജയം ബി.ജെ.പി, ശിവസേന, എൻ.സി.പി എന്നീ മൂന്ന് പാർട്ടികളുടേയും കൂട്ടുത്തരവാദിത്തമാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സംസ്ഥാനത്ത് ബി.ജെ.പി എം.പിമാരുടെ എണ്ണം 23ൽ നിന്ന് ഒമ്പതായി കുറഞ്ഞതിന് പിന്നാലെയാണ് ഫഡ്നാവിസ് രാജി സന്നദ്ധത അറിയിച്ചത്.
ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് വലിയ തിരിച്ചടിയുണ്ടാകുന്നത്. സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയും ബി.ജെ.പിയും ചേർന്ന് 48 സീറ്റുകളിൽ 17 സീറ്റുകളാണ് എൻ.ഡി.എ നേടിയത്. 31 സീറ്റുകൾ നേടി ഇൻഡ്യാ മുന്നണി വലിയ മുന്നേറ്റമാണ് മഹാരാഷ്ട്രയിൽ നടത്തിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 48ൽ 41 സീറ്റുകളും ശിവസേന-ബി.ജെ.പി സഖ്യം നേടിയിരുന്നു.
Adjust Story Font
16