കാവിപ്പടയുടെ നെഞ്ചിലൂടെ കൊള്ളിയാന്‍ മിന്നിച്ച രാഹുല്‍; ഇന്‍ഡ്യാ കമ്പനിയുടെ കളി കാണാനിരിക്കുന്നതേയുള്ളൂ
തറാത്ത പാദവും ചിതറാത്ത ചിത്തവുമായി ഒരമ്പത്തിമൂന്നുകാരന്‍ നടന്നു പോയ വഴികളില്‍ ബാക്കിയായ അടയാളക്കല്ലുകളാണ് ഈ തെരഞ്ഞെടുപ്പിന്‍റെ നിറമുള്ള കാഴ്ച
തിരുവനന്തപുരം: അധികാരത്തിലേക്ക് തിരിച്ചെത്താനായില്ലെങ്കിലും കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത് വലിയ ആശ്വാസമാണ്. പരിഹാസങ്ങളും പരിമിതികളും മറികടന്ന് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അനിഷേധ്യ സാനിധ്യമാകുന്നതിനും ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിപക്ഷ സാനിധ്യമാകാനും ഇന്‍ഡ്യാ ബ്ലോക്കിന് കഴിയും.
തോറ്റുപോയെന്നിരിക്കാം.. ചെങ്കോട്ടയിലേക്കുള്ള വഴി വീഥിയില്‍ ഇടറി വീണെന്നുമിരിക്കാം.. പക്ഷെ കാവിപ്പടയുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാന്‍ മിന്നിയിട്ടുണ്ട്.. പതറാത്ത പാദവും ചിതറാത്ത ചിത്തവുമായി ഒരമ്പത്തിമൂന്നുകാരന്‍ നടന്നു പോയ വഴികളില്‍ ബാക്കിയായ അടയാളക്കല്ലുകളാണ് ഈ തെരഞ്ഞെടുപ്പിന്‍റെ നിറമുള്ള കാഴ്ച.
കാവി മാഞ്ഞ വഴിയോരങ്ങളില്‍ തെളിഞ്ഞു വന്ന നീലക്കല്ലുകള്‍ രാഹുലിന്‍റെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങളാണ്. നിരാശയുടെ നിലയില്ലാക്കയത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പിടിച്ചുയര്‍ത്തിയ രാജകുമാരന്‍. വീണും എണീറ്റ് നടന്നും മുന്നോട്ടാഞ്ഞും പാകം വന്നൊരു രാഹുല്‍ ഗാന്ധിയാണ് ഈ തെരഞ്ഞെടുപ്പ് ബാക്കിയാക്കുന്ന ശ്രദ്ധേയ കാഴ്ചകളിലൊന്ന്..
2019 ല്‍ 52 സീറ്റുമായി പാടെ തകര്‍ന്നുപോയ പാര്‍ട്ടിയുടെ നേതൃപദവി ഉപേക്ഷിച്ച് പുറത്തേക്കിറങ്ങിയതാണ് രാഹുല്‍.. പിന്നീട് നടന്നുതീര്‍ത്ത ചവിട്ടടികള്‍ക്ക് രാജ്യത്തിന്‍റെ മനസ്സില്‍ കണക്കുണ്ട്.. ചേര്‍ത്തുപിടിച്ച ഹൃദയങ്ങള്‍ക്കും എണ്ണമുണ്ട്.. രാജ്യം കണ്ടിരിക്കെയാണ് അയാളുടെ താടി രോമങ്ങളില്‍ നര വീണത്..
അനക്കങ്ങളില്‍ നോട്ടങ്ങളില്‍ വാഗ്വിലാസങ്ങളില്‍ പുതുക്കിപ്പണിത് പൊളിച്ചുവാര്‍ക്കപ്പെട്ട ഒരു നേതാവ് ഉയിരെടുത്തതും കണ്‍മുന്നിലാണ്.. തിരിച്ചുവരാന്‍ കോണ്‍ഗ്രസിന് ഇനിയും കാരണങ്ങളുണ്ടെന്ന് അയാള്‍ വിളിച്ചു പറയുന്നു. അപ്പുറത്തൊരാള്‍ വിഭജനത്തിന്‍റെ കാഷായവസ്ത്രവുമായി രാഷ്ട്രീയ തീര്‍ത്ഥാടനത്തിനിറങ്ങിയപ്പോള്‍ രാഹുല്‍ ഇരുള്‍ വീണ വഴികളിലൂടെ വെളിച്ചം വിതറി.. അപ്പുറത്തൊരാള്‍ താൻ ദൈവത്തിന്‍റെ ദൂതനാണെന്ന് വീമ്പുപറഞ്ഞപ്പോള്‍ താന്‍ ജനങ്ങളുടെ കാവൽക്കാരനാണെന്ന് രാഹുൽ വിളിച്ചു പറഞ്ഞു..
വെറുപ്പിന്‍റെ കമ്പോളങ്ങളില്‍ വലം കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ഭരണഘടനയുമായി രാഹുല്‍ ആളെക്കൂട്ടി.. ഓരം ചേര്‍ന്നു നിന്നവരുടെ ഇടനെഞ്ചുകളിലേക്ക് പെയ്തിറങ്ങി.. ഇന്ത്യയുടെ മതേതര മനസ്സിനേറ്റ മുറിവുകളില്‍ അയാളുടെ പൊടിമരുന്നുകൾ ഫലം കണ്ടു. ഒറ്റയ്ക്ക് കയറിച്ചെല്ലാനാകാത്ത ഇടങ്ങളില്‍ പുതിയ കൂട്ടുകളുണ്ടായി. യു.പിയില്‍ അഖിലേഷും ബിഹാറില്‍ തേജസ്വിയും മഹാരാഷ്ട്രയില്‍ ഉദ്ധവും രാഹുലിന്‍റെ ഇടവും വലവും നിന്നു..
ഇന്ത്യന്‍ രാഷ്ട്രീയം കണ്ട ഏറ്റവും വലിയ അതിശയചിത്രമായി പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചിരുന്നപ്പോള്‍ അതിന്‍റെ കേന്ദ്രബിന്ദുവായി രാഹുല്‍ നടുക്കിരുന്നു.. യു.പിയിലും രാജസ്ഥാനിലും ഹിന്ദിഹൃദയഭൂമിയിലും അതിന്‍റെ പ്രകമ്പനങ്ങളുണ്ടാകുന്നു. ഒടുക്കം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ പഴയ മോദി തന്നെ കഷ്ടിച്ച് മുന്നില്‍ കയറിയിരിക്കുമ്പോള്‍ നേര്‍ക്കുനേര്‍ പടവെട്ടാനൊരുങ്ങി പുതിയ പ്രതിപക്ഷനേതാവുണ്ടാകും. അയാള്‍ക്കൊപ്പം കരുത്തുള്ള പുതിയ ചേരിയുണ്ടാകും.. ഇനിയാണ് മോദിയും ബി.ജെ.പിയും ഭയക്കേണ്ടതെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നു. കാത്തിരിക്കാം ഇന്‍ഡ്യാ കമ്പനിയുടെ പുതിയ കളികള്‍ക്കായി...
Adjust Story Font
16