Quantcast

‘നുണകൾ കൊണ്ട് രക്ഷപ്പെടാനാകില്ല’; അമിത്​ ഷായുടെ അംബേദ്​കർ പരാമർശത്തിൽ കോൺ​ഗ്രസിനെ കുറ്റപ്പെടുത്തി മോദി

അംബേദ്​കറോട്​ അനാദരവ്​ കാണിച്ചതിൽ അമിത്​ ഷാ മാപ്പ്​ പറയണമെന്ന്​ പ്രതിപക്ഷം

MediaOne Logo

Web Desk

  • Published:

    18 Dec 2024 9:40 AM GMT

amit shah and narendra modi
X

ന്യൂഡൽഹി: ഭരണഘടനാ ശിൽപി ഡോ. അംബേദ്​കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ പരാമർശത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി മോദി. അംബേദ്കറുടെ പാരമ്പര്യം ഇല്ലാതാക്കാനാണ് കോൺ​ഗ്രസ്​ ശ്രമിക്കുന്നതെന്ന്​ മോദി ‘എക്​സി’ൽ കുറിച്ചു. നുണകൾ കൊണ്ട് കോൺഗ്രസിന് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അംബേദ്​കറോട്​ അമിത്​ ഷാ അനാദരവ്​ കാണിച്ചെന്നാരോപിച്ച്​ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുണ്ട്​. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ബുധനാഴ്​ച​ സഭ പിരിഞ്ഞു. ഇതിനിടയിലാണ്​ മോദിയുടെ ട്വീറ്റുകൾ വരുന്നത്​.

‘കോൺഗ്രസും അതി​െൻറ അഴുകിയ ആവാസവ്യവസ്ഥയും അവരുടെ ദുഷിച്ച നുണകൾക്ക് വർഷങ്ങളായി തങ്ങൾ ചെയ്ത ദുഷ്പ്രവൃത്തികൾ, പ്രത്യേകിച്ച് ഡോ. അംബേദ്​കറോടുള്ള അവഹേളനത്തെ മറയ്ക്കാൻ കഴിയുമെന്ന് കരുതുന്നുവെങ്കിൽ അവർക്ക് തെറ്റിപ്പോയി! ഡോ. അംബേദ്കറുടെ പാരമ്പര്യം ഇല്ലാതാക്കാനും പട്ടികജാതി/പട്ടികവർഗ സമുദായങ്ങളെ അവഹേളിക്കാനും സാധ്യമായ എല്ലാ വൃത്തികെട്ട തന്ത്രങ്ങളും ഒരു കുടുംബത്തി​െൻറ നേതൃത്വത്തിലുള്ള ഒരു പാർട്ടി എങ്ങനെയാണ് നടത്തിയതെന്ന് ഇന്ത്യയിലെ ജനങ്ങൾ വീണ്ടും വീണ്ടും കണ്ടതാണ്’ -മോദി ‘എക്​സി’ൽ കുറിച്ചു.

ഡോ. അംബേദ്കറോട് കോൺഗ്രസ്​ അനാദരവ് കാണിച്ചതിന്റെ വിവരങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ‘അദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ ഒന്നല്ല, രണ്ട് തവണ പരാജയപ്പെടുത്തുക, പണ്ഡിറ്റ് നെഹ്റു അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുകയും അദ്ദേഹത്തിന്റെ തോൽവി അഭിമാന പ്രശ്നമാക്കുകയും ചെയ്തു, അദ്ദേഹത്തിന് ഭാരതരത്ന നിഷേധിച്ചു, പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് അഭിമാനകരമായ സ്ഥാനം നിഷേധിച്ചു’ -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

‘കോൺഗ്രസിന് അവർക്ക് ഇഷ്ടമുള്ളതുപോലെ ശ്രമിക്കാം, പക്ഷേ പട്ടികജാതി/ പട്ടികവർഗ സമുദായങ്ങൾക്കെതിരായ ഏറ്റവും മോശമായ കൂട്ടക്കൊലകൾ അവരുടെ ഭരണത്തിന്​ കീഴിൽ നടന്നുവെന്ന് അവർക്ക് നിഷേധിക്കാൻ കഴിയില്ല. വർഷങ്ങളോളം അവർ അധികാരത്തിലിരുന്നെങ്കിലും പട്ടികജാതി, പട്ടികവർഗ സമുദായങ്ങളെ ശാക്തീകരിക്കാൻ കാര്യമായ ഒന്നും ചെയ്തില്ല’-മോദി കുറിച്ചു.

കഴിഞ്ഞദിവസം രാജ്യസഭയിൽ സംസാരിക്കവെയാണ്​ അംബേദ്​കറെക്കുറിച്ച്​ അമിത്​ ഷാ പരാമർശിക്കുന്നത്​. ‘അംബേദ്​കർ, അംബേദ്​കർ, അംബേദ്​കർ... എന്ന്​ പറയുന്നത്​ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇതിന്​ പകരം ദൈവനാമം ഉച്ചരിച്ചിരുന്നുവെങ്കിൽ സ്വർഗത്തിൽ സ്​ഥാനം ലഭിച്ചേനെ’ -എന്നായിരുന്നു അമിത്​ ഷായുടെ വാക്കുകൾ.

പ്രസ്​താവനയിൽ അമിത്​ ഷാ മാപ്പ്​ പറയണമെന്നാണ്​ പ്രതിപക്ഷ ആവശ്യം. ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി ബുധനാഴ്​ച മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്​. പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, ഡൽഹി മുഖ്യമന്ത്രി അതിഷി എന്നിവർ പങ്കെടുക്കും.

TAGS :

Next Story