ഊർജിത് പട്ടേലിനെ മോദി പണത്തിനുമേലിരിക്കുന്ന പാമ്പിനോട് ഉപമിച്ചു; മുൻ ധനകാര്യ സെക്രട്ടറിയുടെ പുസ്തകം
2016 സെപ്റ്റംബർ നാല് മുതൽ 2018 ഡിസംബർ 10 വരെയാണ് ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണറായി സേവനമനുഷ്ഠിച്ചത്.
ന്യൂഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണർ ഊർജിത് പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാമ്പിനോട് ഉപമിച്ചതായി ധനകാര്യ സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്ര ഗാർഗ്. പണക്കൂനക്ക് മീതെയിരിക്കുന്ന പാമ്പ് എന്ന് മോദി ഊർജിത് പട്ടേലിനെ വിശേഷിപ്പിച്ചെന്ന് ഗാർഗ് 'വീ ഓൾസോ മെയ്ക് പോളിസി' എന്ന തന്റെ പുസ്തകത്തിൽ പറയുന്നു. 2018 സെപ്റ്റംബർ 14ന് നടന്ന സാമ്പത്തിക അവലോകന യോഗത്തിലാണ് മോദി പട്ടേലിനെ പാമ്പിനോട് ഉപമിച്ചതെന്നാണ് ഗാർഗിന്റെ വെളിപ്പെടുത്തൽ.
മോദി തന്നെയാണ് പട്ടേലിനെ റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചതെങ്കിലും സർക്കാരും ആർ.ബി.ഐയും തമ്മിലുള്ള ഭിന്നതയാണ് പട്ടേലിനെ മോദിക്ക് അനഭിമതനാക്കിയത്. അവലോകനയോഗത്തിൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ മോദി നിരാശ പ്രകടിപ്പിച്ചു. എന്നാൽ റിസർവ് ബാങ്കിന് പുതുതായി ഒന്നും ചെയ്യാനില്ലെന്നും എല്ലാം ചെയ്യാനുള്ളത് സർക്കാരിനാണെന്നും പട്ടേൽ പറഞ്ഞു. ഇതിനായി ചില നിർദേശങ്ങളും അദ്ദേഹം അവതരിപ്പിച്ചെന്ന് ഗാർഗ് പുസ്തകത്തിൽ പറയുന്നു.
ഊർജിത് പട്ടേലിന്റെ പ്രവർത്തനങ്ങളിൽ അന്നത്തെ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അതൃപ്തനായിരുന്നുവെന്നും 2018 സെപ്റ്റംബർ 14ന് ചേർന്ന യോഗത്തിൽ പട്ടേൽ അവതരിപ്പിച്ച സാമ്പത്തിക പ്രതിവിധികൾ തികച്ചും അപ്രായോഗികവും അസ്വീകാര്യവുമെന്നാണ് ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടതെന്നും ഗാർഗ് പറയുന്നു. പിന്നീട് ജയ്റ്റ്‌ലിയും പട്ടേലുമായുള്ള ആശയവിനിമയം പോലും ഇല്ലാതായെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പി.കെ മിശ്രയുമായി മാത്രമാണ് പട്ടേൽ ആശയവിനിമയം നടത്തിയിരുന്നതെന്നും ഗാർഗ് പറയുന്നു.
2016 സെപ്റ്റംബർ നാല് മുതൽ 2018 ഡിസംബർ 10 വരെയാണ് ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണറായി സേവനമനുഷ്ഠിച്ചത്. നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ചെയർമാനാണ് അദ്ദേഹം.
Adjust Story Font
16