'സിമിയുടെ പേരിലും ഇൻഡ്യയുണ്ടായിരുന്നു'; ഇൻഡ്യ സഖ്യത്തിനെതിരെ വീണ്ടും മോദി
പ്രതിപക്ഷ സഖ്യം ഇപ്പോൾ പേര് മാറ്റിയത് യു.പി.എ ഭരണകാലത്തെ കൊള്ളരുതായ്മകളെ മറയ്ക്കാനാണെന്നും മോദി പറഞ്ഞു.
ജയ്പൂർ: പ്രതിപക്ഷ സഖ്യത്തിനെതിരെ വിമർശനം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡ്യ എന്ന പേര് ഉപയോഗിക്കുന്നത് രാജ്യസ്‌നേഹം കൊണ്ടല്ലെന്നും രാജ്യത്തെ കൊള്ളയടിക്കാൻ വേണ്ടിയാണെന്നും മോദി പറഞ്ഞു. ഭീകരസംഘടനയായ സിമി രൂപീകരിക്കപ്പെട്ടത് കോൺഗ്രസ് ഭരണകാലത്താണ്. സിമിയുടെ പേരിലും ഇൻഡ്യയുണ്ടായിരുന്നു. ഇപ്പോൾ പേര് മാറ്റിയത് യു.പി.എ ഭരണകാലത്തെ കൊള്ളരുതായ്മകളെ മറയ്ക്കാനാണെന്നും മോദി രാജസ്ഥാനിലെ ബി.ജെ.പി റാലിയിൽ പറഞ്ഞു.
രാജസ്ഥാനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പ്രധാനമന്ത്രി ആരോപിച്ചു. അശോക് ഗെഹലോട്ട് ഭരണത്തിൽ ജനം ഭയന്നു കഴിയുകയാണ്. രാജസ്ഥാനിലെ ക്രമസമാധാനനില തകർന്നു. നിലവിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ അന്തരീക്ഷമാണ്. കോൺഗ്രസ് വികസനം തടസ്സപ്പെടുത്തി. യുവ സമൂഹത്തിന്റെ ഭാവി തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.
പ്രതിപക്ഷ സഖ്യം രൂപീകരിച്ചത് മുതൽ രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി നടത്തുന്നത്. തട്ടിപ്പുകാർ ചെയ്യുന്നതുപോലെയാണ് യു.പി.എ എന്ന പേരു മാറ്റി പ്രതിപക്ഷം ഇപ്പോൾ ഇൻഡ്യയെന്ന പുതിയ പേരിൽ എത്തിയിരിക്കുന്നതെന്ന് മോദി പറഞ്ഞു.
Adjust Story Font
16