പോപുലർ ഫ്രണ്ട് നിരോധനത്തിന് മുമ്പ് സർക്കാർ മുസ്‌ലിം സംഘടനകളിൽനിന്ന് ഉപദേശം തേടിയെന്ന് റിപ്പോർട്ട്
പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനം സൂഫി, ബറേൽവി പുരോഹിതർ സ്വാഗതം ചെയ്തിട്ടുണ്ട്.
ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ മതസംഘടനകളുടെ ഉപദേശം തേടിയിരുന്നതായി 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട്. പോപുലർ ഫ്രണ്ടിനെ സംബന്ധിച്ച കാഴ്ചപ്പാട് അറിയുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സെപ്റ്റംബർ 17ന് വിവിധ മതസംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടിക്കാഴ്ച കഴിഞ്ഞ സെപ്റ്റംബർ 22നാണ് എൻഐഎയും ഇഡിയും വിവിധ സംസ്ഥാനങ്ങളിലെ പൊലീസും സംയുക്തമായി പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.
ദേശീയ സുരക്ഷാ ഏജൻസിയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ദിയോബന്ദി, ബറേൽവി എന്നീ മതസംഘടനകളുടെയും സൂഫി വിഭാഗത്തിന്റെയും അഭിപ്രായം ആരാഞ്ഞിരുന്നു. പിഎഫ്‌ഐ വഹാബി സലഫി അജണ്ട പിന്തുടരുന്ന പാൻ ഇസ്‌ലാമിക് സംഘടനയാണെന്ന് എല്ലാ മതസംഘടനാ നേതാക്കളും ഒരേ സ്വരത്തിൽ അംഗീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനം സൂഫി, ബറേൽവി പുരോഹിതർ സ്വാഗതം ചെയ്തിട്ടുണ്ട്. തീവ്രവാദത്തിനെതിരെ നടപടി വരുമ്പോൾ എല്ലാവരും ക്ഷമയോടെ വർത്തിക്കണമെന്ന് ആൾ ഇന്ത്യാ സൂഫി സജ്ജദനാശിൻ കൗൺസിൽ ചെയർമാൻ ആഹ്വാനം ചെയ്തു. തീവ്രവാദത്തെ ഇല്ലാതാക്കാൻ സർക്കാറും അന്വേഷണ ഏജൻസികളും നടത്തുന്ന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്നും ചെയർമാൻ പ്രസ്താവനയിൽ പറഞ്ഞു.
നിരോധിച്ച നടപടി അജ്മീർ ദർഗ ആത്മീയ നേതാവ് സൈനുൽ ആബിദീൻ അലി ഖാനും സ്വാഗതം ചെയ്തു. തീവ്രവാദം തടയാൻ നിയമ നടപടികൾ സ്വീകരിക്കുന്നത് എല്ലാവരും സ്വാഗതം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം സുരക്ഷിതമായാൽ നമ്മളും സുരക്ഷിതരായിരിക്കും. ഏതൊരു സംഘടനയേക്കാളും ആശയത്തേക്കാളും വലുതാണ് രാഷ്ട്രം. രാജ്യത്തെ ഭിന്നിപ്പിക്കാനും ഐക്യത്തെയും പരമാധികാരത്തെയും തകർക്കാനും ജനങ്ങളുടെ സമാധാനം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഒരാൾ പ്രവർത്തിക്കുന്നതെങ്കിൽ അയാൾക്ക് ഇവിടെ ജീവിക്കാൻ ഒരു തരത്തിലും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരോധനത്തെ ശരിവെച്ച ആൾ ഇന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ശഹാബുദ്ദീൻ റസ്‌വി ബറേൽവി തീവ്രവാദം തടയാനുള്ള ശരിയായ നടപടിയാണിതെന്നും സൂചിപ്പിച്ചു.
Adjust Story Font
16