Quantcast

മോദി ഹിമാലയത്തിൽ പതിറ്റാണ്ടുകള്‍ തപസ്സിരുന്നിരുന്നു, അന്നൊന്നും ആർക്കും പ്രശ്‌നമുണ്ടായിരുന്നില്ല- കങ്കണ റണാവട്ട്

"മോദി ധ്യാനം ഇപ്പോൾ ആരംഭിച്ചതല്ല"

MediaOne Logo

Web Desk

  • Published:

    1 Jun 2024 7:38 AM GMT

Kangana Ranaut
X

മണ്ഡി: ഹിമാലയ താഴ്‌വരയിൽ വരെ തപസ്സിരുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവട്ട്. രാഷ്ട്രീയത്തിലെത്തിയപ്പോൾ ആരംഭിച്ചതല്ല മോദിയുടെ ധ്യാനമെന്നും അവർ പറഞ്ഞു. സ്വന്തം മണ്ഡലമായ മണ്ഡിയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കങ്കണ.

'മോദി ധ്യാനം ഇപ്പോൾ ആരംഭിച്ചതല്ല. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഇതെല്ലാം ചെയ്തിട്ടുണ്ട്. അങ്ങനെ എത്ര ചിത്രങ്ങൾ നമ്മളൊക്കെ കണ്ടിട്ടുണ്ട്. ഇവിടെ ഹിമാലയത്തിന്റെ താഴ്‌വരകളിൽ അദ്ദേഹം തപസ്സു ചെയ്തിട്ടുണ്ട്. എത്ര പതിറ്റാണ്ടുകള്‍ എന്ന് ആര്‍ക്കറിയാം. ഇപ്പോൾ അദ്ദേഹത്തിന്റെ ധ്യാനം ആളുകൾ വിഷയമാക്കുന്നു. ഇത് ഒരാളുടെ ജീവിത ശൈലിയാണ്. അതു മറക്കരുത്.' - അവർ പറഞ്ഞു.



ഹിമാചൽ പ്രദേശിൽ മോദി പ്രഭാവമുണ്ടെന്നും സംസ്ഥാനത്തെ നാലു സീറ്റിലും ബിജെപി വിജയിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത് ജനാധിപത്യത്തിന്റെ ഉത്സവമാണ്. ഇതിൽ എല്ലാവരും പങ്കെടുത്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തണം. മണ്ഡിയിലെ ജനം തന്നെ അനുഗ്രഹിക്കുമെന്നാണ് കരുതുന്നത്. ബിജെപിയുടെ നാനൂറ് സീറ്റിൽ ഹിമാചലിലെ നാലു സീറ്റുമുണ്ടാകും- അവർ പറഞ്ഞു.

കോൺഗ്രസിനായി വിക്രമാദിത്യ സിങ്ങാണ് മണ്ഡിയിൽ മത്സരിക്കുന്നത്. ആറു തവണ സംസ്ഥാന മുഖ്യമന്ത്രിയായ വീർഭദ്ര സിങ്ങിന്റെ മകനാണ് വിക്രമാദിത്യ. വീർഭദ്ര കുടുംബത്തിന്റെ കോട്ടയായ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള മുതിർന്ന നേതാക്കൾ കങ്കണയ്ക്കായി പ്രചാരണത്തിനെത്തിയിരുന്നു. കോൺഗ്രസിന്റെ സിറ്റിങ് മണ്ഡലമാണിത്. 8,766 വോട്ടിനായിരുന്നു 2019 ല്‍ കോൺഗ്രസിന്റെ ജയം.

അതിനിടെ, കന്യാകുമാരി വിവേകാനന്ദപ്പാറയിലെ നരേന്ദ്രമോദിയുടെ ധ്യാനം ഇന്ന് വൈകിട്ടോടെ അവസാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി നടത്തിയ ധ്യാനത്തെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

TAGS :

Next Story