അയോധ്യയിൽ തിരക്ക് രൂക്ഷം; സന്ദർശനം ഒഴിവാക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി മോദി
വിഐപികൾ എത്തുന്നത് പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുമെന്നും മോദി അറിയിച്ചു
ഡൽഹി: അയോധ്യ സന്ദർശനം തൽകാലം ഒഴിവാക്കാൻ കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ നിർദേശം. രാമക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്താണ് നിർദേശം. വിഐപികൾ എത്തുന്നത് പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുമെന്നും മന്ത്രിമാർക്ക് മാർച്ചിൽ സന്ദർശനം ആകാമെന്നും മന്ത്രിസഭാ യോഗത്തിൽ മോദി അറിയിച്ചു.
പൊതുജനങ്ങൾക്ക് ഇന്നലെ മുതലാണ് ക്ഷേത്രദർശനം ആരംഭിച്ചത്. പിന്നാലെ, ക്ഷേത്ര കവാടത്തിന് മുന്നിൽ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പൊലീസും സുരക്ഷാസേനയും കുഴയുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ ഏഴു മുതലാണ് ജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങിയത്.
ദിവസങ്ങൾക്ക് മുൻപേ അയോധ്യയിലെത്തിയ പലർക്കും ദർശനം ലഭിച്ചില്ല. ക്ഷേത്രദർശനം സാധ്യമാവാത്തവരുടെ തിരക്കാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്. ആദ്യദിവസം അഞ്ചുലക്ഷത്തിലധികം ആളുകൾ അയോധ്യയിൽ എത്തിയെന്നാണ് കണക്കുകൾ. ഇതിനിടെ മന്ത്രിമാരടക്കം പല വിഐപികളുമെത്തിയതിനാൽ ഗതാഗതം സ്തംഭിച്ചു. രാത്രി 9 വരെയാണ് ദർശനം അനുവദിച്ചിരിക്കുന്നതെങ്കിലും ഇപ്പോഴും ആയിരങ്ങൾ പുറത്തു കാത്തുനിൽക്കുകയാണ്.
Adjust Story Font
16