'മോദി ഇന്ത്യയുടെ രാജാവല്ല', രൂക്ഷവിമർശനവുമായി സുബ്രഹ്‌മണ്യൻ സ്വാമി
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും സമീപനങ്ങളെ സ്വാമി ചോദ്യം ചെയ്തു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് മുതിർന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്‌മണ്യൻ സ്വാമി. മോദി രാജാവല്ലെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക, വിദേശ നയങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിലാണ് ബിജെപി നേതാവിന്റെ പ്രതികരണം.
'സാമ്പത്തിക,വിദേശ നയങ്ങളിൽ ഞാൻ മോദി വിരുദ്ധനയം സ്വീകരിക്കുന്നയാളാണ്. അതേക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണ്. നിങ്ങൾ പങ്കാളിത്ത ജനാധിപത്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? മോദി ഇന്ത്യയുടെ രാജാവൊന്നുമല്ല' - ഒരു ട്വിറ്റർ ഉപയോക്താവിന് മറുപടിയായി സ്വാമി പറഞ്ഞു.
I am anti Modi policies for the economy & foreign policy and I am ready to debate with any responsible on it. Have you heard about participatory democracy? Modi is not King of India
— Subramanian Swamy (@Swamy39) August 14, 2021
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും സമീപനങ്ങളെ സ്വാമി ചോദ്യം ചെയ്തു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ അകപ്പെട്ട പ്രശ്‌നങ്ങൾക്ക് ഈ രണ്ട് ബ്യൂറോക്രാറ്റുകളും മാപ്പു പറയുമോ? മോദിയുടെ വിശ്വസ്തരായതു കൊണ്ടാണ് അവർക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടിയത്. അയൽക്കാർ പോലും നമ്മളുമായി ഇപ്പോൾ പ്രശ്‌നത്തിലാണ്- സ്വാമി ചൂണ്ടിക്കാട്ടി.
Adjust Story Font
16