'മട്ടൻ, മുജ്‌റ, മംഗള്‍സൂത്ര' എന്നും പറഞ്ഞ് മോദി ഇനിയും വരില്ല-മനോജ് കുമാർ ഝാ
ആന്ധ്രാപ്രദേശിലെ മുസ്‌ലിം സംവരണം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇനി മോദിക്കു തീരുമാനിക്കേണ്ടിവരുമെന്നും ആർ.ജെ.ഡി രാജ്യസഭാ എം.പി മനോജ് കുമാർ ഝാ പറഞ്ഞു
മനോജ് കുമാര്‍ ഝാ
പാട്‌ന: കഴിഞ്ഞ പത്തു വർഷത്തിനിടെ ഇതാദ്യമായാണ് എൻ.ഡി.എ സഖ്യത്തെ കുറിച്ച് കേൾക്കുന്നതെന്ന് രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി) രാജ്യസഭാ അംഗം മനോജ് കുമാർ ഝാ. മുൻപ് മോദി, മോദി, മോദി മാത്രമാണുണ്ടായിരുന്നത്. മോദിയുടെ മട്ടൻ, മുജ്‌റ, മംഗൾസൂത്രയൊന്നും ഇനിയും ആവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 96 മണിക്കൂറായി കേൾക്കുന്ന ഈ എൻ.ഡി.എ, എൻ.ഡി.എ പ്രതിധ്വനി തന്നെ അത്ഭുതപ്പെടുത്തിരിക്കുകയാണെന്നും മനോജ് ഝാ പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ അവർ എൻ.ഡി.എ യോഗം ചേർന്നതോ സഖ്യത്തെ കുറിച്ചു സംസാരിച്ചതോ എനിക്ക് ഓർമയില്ല. എങ്ങും മോദി, മോദി, മോദി എന്നു മാത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''ആത്മരതിയിലൂടെ ജനാധിപത്യത്തിനു മുന്നോട്ടുപോകാനാകില്ല. ഐക്യമെന്ന രത്‌നമാണ് അതിനു വേണ്ടത്. സർക്കാർ രൂപീകരിക്കുന്നത് എൻ.ഡി.എ ആണെങ്കിലും, ഞങ്ങൾ പ്രതിപക്ഷത്താണെങ്കിലും മോദിയുടെ ഏകാധിപത്യ സ്വഭാവത്തിനു നിയന്ത്രണമുണ്ടാകുമെന്നതു കൊണ്ട് എനിക്കു സന്തോഷമേയുള്ളൂ.''
നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിയുവിനെയും ആശ്രയിച്ചായിരിക്കും എൻ.ഡി.എ സഖ്യത്തിന്റെ നിലനിൽപ്പെന്ന കോൺഗ്രസ് പ്രതികരണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അതു കോൺഗ്രസിന്റെ വിലയിരുത്തലാണ്. എന്നാൽ, ആരു സർക്കാരുണ്ടാക്കിയാലും തെരഞ്ഞെടുപ്പ് വിജയിച്ചാലും ജനാധിപത്യത്തിൽ ഐക്യത്തിനായിരിക്കണം എപ്പോഴും പ്രാമുഖ്യം. എന്തായാലും തെരഞ്ഞൈടുപ്പ് സമയത്ത് നമ്മൾ കേട്ട 'മട്ടൻ, മുജ്‌റ, മംഗൾസൂത്ര' പരാമർശമൊന്നും ഇനിയും ആവർത്തിക്കില്ലെന്ന് തനിക്ക് ഉറപ്പുനൽകാനാകുമെന്നും മനോജ് ഝാ പറഞ്ഞു.
''സംസ്ഥാനത്തിന്റെ കാര്യത്തിൽ എനിക്കു സന്തോഷമേയുള്ളൂ. ബിഹാറിന് പ്രത്യേക പദവി, ദേശീയാടിസ്ഥാനത്തിൽ ജാതി സെൻസസ് തുടങ്ങിയുള്ള നിതീഷ് കുമാറിന്റെയും തേജസ്വി യാദവിന്റെയും ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ മുന്നിലെത്താൻ പോകുകയാണ്. ഇത്തവണ അവർക്ക് വഴങ്ങേണ്ടിവരും.''
മുസ്‌ലിം സംവരണ വിഷയത്തിൽ ഞങ്ങൾ പലകുറി വാർത്താസമ്മേളനം നടത്തി വിശദീകരിച്ചതാണ്. ഭരണഘടനയുടെ 15, 16 വകുപ്പുകൾ പ്രകാരം മുസ്‌ലിംകൾക്ക് സംവരണം നൽകണമെന്ന മണ്ഡൽ കമ്മിഷൻ നിർദേശം വിലയിരുത്തണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു. സാമൂഹികവും അക്കാദമികവുമായ അടിസ്ഥാനത്തിൽ ഹിന്ദു ഇതര സമുദായങ്ങളായ സിഖുകാർക്കും മുസ്‌ലിംകൾക്കും സംവരണം അനുവദിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ മുസ്‌ലിം സംവരണം ഇതിൽ ഏതു ഗണത്തിൽപെടുമെന്ന് ഇനി മോദിക്കു തീരുമാനിക്കേണ്ടിവരുമെന്നും ടി.ഡി.പി നിലപാടിലേക്കു സൂചിപ്പിച്ച് മനോജ് കുമാർ ഝാ കൂട്ടിച്ചേർത്തു.
Summary: Modi cannot carry on 'Mutton-Mujra-Mangalsutra' remarks anymore, says RJD MP Manoj Kumar Jha
Adjust Story Font
16