"100 വയസ്സുള്ള എന്‍റെ അമ്മ വരെ വാക്സിന് ഊഴം കാത്തിരുന്നു, എന്നാല്‍ പരിവാര്‍ വാദികളോ"; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
ബി.ജെ.പി സർക്കാർ സാധാരണക്കാർക്ക് വാക്‌സിൻ സൗജന്യമായാണ് നൽകുന്നതെന്നും എന്നാൽ കോൺഗ്രസും സമാജ്‍വാദി പാർട്ടിയുമായിരുന്നെങ്കിൽ വാക്സിൻ വിൽപ്പന നടത്തുമായിരുന്നെന്നും മോദി
100 വയസ്സ് കഴിഞ്ഞ തന്റെ അമ്മ വരെ വാക്‌സിനേഷനുള്ള അവസരത്തിന് വേണ്ടി കാത്തിരുന്നു എന്നും എന്നാൽ 'പരിവാർവാദികൾ' തങ്ങളുടെ ആളുകൾക്ക് ആദ്യം വാക്സിന്‍ ലഭ്യമായോ എന്ന് ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനേയും സമാജ്‍വാദിപാർട്ടിയേയും ലക്ഷ്യം വച്ചാണ് പ്രധാനമന്ത്രിയുടെ പരാമർശം.
"നോക്കൂ ഞാനും എന്റെ അമ്മയും വാക്‌സിൻ സ്വീകരിച്ചു. എന്റെ അമ്മക്ക് നൂറ് വയസ്സായി. പക്ഷെ ഇപ്പോഴുമവർ വാക്‌സിനേഷനുള്ള തന്റെ ഊഴത്തിനായി കാത്തിരിക്കുകയാണ്. വാർധക്യം ബാധിച്ചെങ്കിലും രോഗാവസ്ഥകളൊന്നുമില്ലാത്തതിനാൽ ഇതുവരെ ബൂസ്റ്റർ ഡോസ് പോലും അവര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാൽ ഒന്നാലോചിച്ചു നോക്കൂ. ഈ സ്ഥാനത്ത് പരിവാർവാദികളായിരുന്നെങ്കിലോ. അവർക്കും അവരുടെ ആളുകൾക്കും ആദ്യം വാക്‌സിൻ ലഭിച്ചോ എന്നുറപ്പാക്കും"- പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ അമേഠിയിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാർ സാധാരണക്കാർക്ക് വാക്‌സിൻ സൗജന്യമായാണ് നൽകുന്നതെന്നും എന്നാൽ കോൺഗ്രസും സമാജ്‍വാദി പാർട്ടിയുമായിരുന്നെങ്കിൽ വാക്സിൻ വിൽപ്പന നടത്തുമായിരുന്നെന്നും മോദി കുറ്റപ്പെടുത്തി.
സമാജ്‍വാദി പാർട്ടിയേയും കോൺഗ്രസിനേയും വിമർശിക്കാൻ പ്രധാനമന്ത്രി സാധാരണയായി ഉപയോഗിക്കുന്ന പ്രയോഗമാണ് 'ഘോർ പരിവാർ വാദികൾ'. 2019 വരെ കോൺഗ്രസിന്റെ കുത്തകമണ്ഡലമായിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി സ്‍മൃതി ഇറാനി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ മണ്ഡലത്തില്‍ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലും അമേഠിയിൽ വേരുകളുറപ്പിക്കാനാണ് ബി.ജെ.പി യുടെ ശ്രമം
Adjust Story Font
16