Quantcast

കൈ കൊടുത്ത് മോദിയും രാഹുൽ ഗാന്ധിയും: വൈറലായി മോദിയുടെ 'കോൻ രാഹുൽ' ചോദ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിനിടെ 'ആരാണ് രാഹുൽ (കോൻ രാഹുൽ)' എന്ന് മോദി പരിഹസിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-06-26 11:27:51.0

Published:

26 Jun 2024 11:24 AM GMT

rahul gandhi- Modi
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഹസ്തദാനം ചെയ്യുന്ന വീഡിയോയും ചിത്രവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സ്പീക്കറായി തെരഞ്ഞെടുത്തതിന് പിന്നാലെ ഓം ബിര്‍ളയെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഇരിപ്പിടത്തിലേക്ക് ആനയിച്ചുകൊണ്ടുപോകുന്നതിന് മുമ്പേയായിരുന്നു ഇരുവരും പരസ്പരം കൈകൊടുത്തത്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവ കാഴ്ചകളിലൊന്നായിരുന്നു അത്. രാഹുൽ ഗാന്ധിയെ ഒരു നിലക്കും അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന മോദിയും ബി.ജെ.പിയും ഇപ്പോൾ അദ്ദേഹത്തിന് കൈ കൊടുക്കുന്ന നിലയിലെത്തി എന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം.

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ചോദ്യങ്ങൾക്ക് മറുപടിയായി, 'ആരാണ് രാഹുൽ (കോൻ രാഹുൽ)' എന്ന് മോദി പരിഹസിച്ചിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുധീർ ചൗധരി, രാഹുൽ കൻവാൽ എന്നിവരായിരുന്നു മോദിയെ അഭിമുഖം നടത്തിയിരുന്നത്. കോൻ രാഹുൽ എന്ന ചോദ്യത്തിന് രാഹുൽ കൻവാൽ ചിരിക്കുന്നതും കാണാമായിരുന്നു.

യൂത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ ബി.വി. ശ്രീനിവാസ, രാഹുലും ഓം ബിർളയും തമ്മിൽ ഹസ്തദാനം ചെയ്യുന്നതും അടുത്ത് നിന്ന് മോദി ഇരുവരേയും നോക്കുന്നതിന്റേയും ചിത്രം പങ്കുവെച്ചു. കോൻ രാഹുൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. പിന്നാലെ നിരവധി പേരാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് കോൻ രാഹുൽ എന്ന് ചോദിച്ചത്.

''തെരഞ്ഞെടുപ്പ് നടക്കുമ്പോൾ “കോൻ രാഹുൽ?” എന്ന് ചോദിച്ച മോദിക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ട് ആരാണ് രാഹുൽ എന്ന്, മോദിക്കൊപ്പം സ്പീക്കറെ ആനയിച്ച് രാഹുൽ ഗാന്ധി''- എന്നായിരുന്നു എം.എല്‍.എ ടി.സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷമായി ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലായിരുന്നു. പ്രതിപക്ഷ നേതാവിനെ നാമനിർദ്ദേശം ചെയ്യാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ലോക്‌സഭാ സീറ്റുകൾ നേടാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാര്‍ക്കും കഴിഞ്ഞിരുന്നില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ഏതാനും സ്വതന്ത്രസ്ഥാനാർഥികൾ പിന്തുണ കൊടുത്തതോടെ 100 ലേറെ അംഗങ്ങൾ കോൺഗ്രസിനുണ്ട്. ഗാന്ധി കുടുംബത്തിൽ നിന്നുള്ള മൂന്നാം പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി. സോണിയാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരായിരുന്നു രാഹുലിന് മുമ്പ് പ്രതിപക്ഷ സ്ഥാനത്തിരുന്ന ഗാന്ധി കുടുംബാംഗങ്ങൾ.

പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാ പദവി കൂടി ലഭിച്ചതോടെ മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാനാണ് ഇന്‍ഡ്യ സഖ്യം ശ്രമിക്കുന്നത്. അതിന്റെ ആദ്യ ചുവടുവെപ്പുകള്‍ അവര്‍ ആരംഭിച്ചുകഴിഞ്ഞു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ നിക്കങ്ങള്‍ക്കും പ്രസംഗത്തിനും കയ്യടി ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്സഭയിൽ നിന്ന് അയോഗ്യനായി ഇടയ്ക്ക് പുറത്തു പോയ രാഹുൽ ഗാന്ധിക്ക് ഈ പാർലമെൻററി ഉത്തരവാദിത്തം മധുര പ്രതികാരം കൂടിയാണ്.

TAGS :

Next Story