പ്രതിഷ്‌ഠാദിനം പുതിയ കാലചക്രത്തിന്റെ തുടക്കമെന്ന് മോദി
ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിൽ നരേന്ദ്രമോദിയാണ് വിഗ്രഹം പ്രതിഷ്ഠിച്ചത്
ഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് വരും കാലങ്ങളിൽ ജനം ചർച്ച ചെയ്യും. രാം ലല്ല ഇനി ടെൻ്റിൽ അല്ല ക്ഷേത്രത്തിൽ ഉണ്ടാകും. രാമക്ഷേത്രത്തിൻ്റെ നിർമാണം പുതിയ ഊർജമാണ് സൃഷ്ടിച്ചതെന്നും മോദി പറഞ്ഞു.
രാജ്യത്തിൻറെ രാമഭക്തിയാക്കി മാറ്റണമെന്ന് എണ്ണായിരത്തോളം അതിഥികൾ ഉൾപ്പെട്ട സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. രാമരാജ്യം എന്ന സ്വപ്നം ത്രെത യുഗത്തിൽ തന്നെ സ്ഥാപിതമായിരുന്നു. അടുത്ത ആയിരം വർഷത്തേക്ക് ഉള്ള രാജ്യത്തിൻ്റെ പുരോഗതിക്ക് തുടക്കം കുറിക്കാൻ ഇതാണ് ശരിയായ സമയം. കേവലം ഇത് രാമക്ഷേത്രം അല്ല രാജ്യത്തിൻ്റെ കാഴ്ചപ്പാടിൻ്റെ ക്ഷേത്രം ആണെന്നും മോദി പറഞ്ഞു.
ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിൽ ഉച്ചക്ക് 12ന് ശേഷമുള്ള അഭിജിത് മുഹൂർത്തത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഗ്രഹം പ്രതിഷ്ഠിച്ചത്. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മുതിർന്ന ബി.ജെ.പി നേതാവും രാമക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വ്യക്തിയുമായ എൽ.കെ അദ്വാനി പ്രതിഷ്ഠാ ചടങ്ങിനെത്തിയില്ല. ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് അദ്ദേഹം ചടങ്ങിൽനിന്ന് വിട്ടുനിന്നത്.
അമിതാഭ് ബച്ചൻ, വിവേക് ഒബ്‌റോയ്, മുകേഷ് അംബാനി, അനിൽ അംബാനി, രൺബീർ കപൂർ, ആലിയ ഭട്ട്, രാംചരൺ, സോനു നിഗം, കങ്കണ, ജാക്കി ഷെറോഫ്, രജനീകാന്ത്, അനുപം ഖേർ, സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്‌കർ, രവീന്ദ്ര ജഡേജ, മിതാലി രാജ്, സൈന നെഹ്‌വാൾ തുടങ്ങിയവർ അയോധ്യയിലെത്തിയിരുന്നു.
അതേസമയം, പ്രതിപക്ഷ നേതാക്കൾ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ഡൽഹിയിൽ ആം ആദ്മി പാർട്ടി ഘോഷയാത്ര സംഘടിപ്പിച്ചു.ബംഗാളിൽ മമത ബാനർജീ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിലൂടെ കടന്നുപോകുന്ന സാമുദായിക ഐക്യറാലിയും നടത്തും.
അയോധ്യയിലെ രാമക്ഷേത്രം ബി.ജെ.പി. രാഷ്ട്രീയനേട്ടമാക്കാൻ ശ്രമിക്കുമ്പോൾ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന വേളയിൽ പ്രതിപക്ഷപാര്‍ട്ടികള്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സമാന്തരപരിപാടികള്‍ സംഘടിപ്പിച്ചു.മഹാരാഷ്ട്രയില്‍ മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന നേതാക്കള്‍ നാസിക്കില്‍ ക്ഷേത്രസന്ദര്‍ശനം നടത്തി.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ,ഇതിനു പിന്നാലെ ദേവാലയങ്ങള്‍,ക്ഷേത്രങ്ങള്‍ പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിങ്ങനെ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിലൂടെ കടന്നുപോകുന്ന സാമുദായിക ഐക്യറാലിയും സംഘടിപ്പിക്കും. ഡൽഹിയിൽ ആം ആദ്മി പാർട്ടി വിവിധ ഇടങ്ങളിൽ ഘോഷയാത്ര സംഘടിപ്പിച്ചു.
Adjust Story Font
16