അദാനി വിഷയം വ്യക്തിപരമെന്ന് മോദി; വിമർശിച്ച് രാഹുൽ
അദാനിയെക്കുറിച്ച് ചോദ്യം ചോദിച്ചപ്പോൾ പ്രധാനമന്ത്രി പരിഭ്രാന്തനായെന്ന് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ അഴിമതി ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദി മറച്ചുവച്ചതായി കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയും വിദേശത്ത് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് വ്യക്തിപരമായ കാര്യമാണെന്ന് പറയുകയും ചെയ്യുന്നുവെന്ന് ‘എക്‌സി’ലെ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
‘രാജ്യത്ത് ചോദ്യങ്ങൾ ചോദിച്ചാൽ നിശ്ശബ്ദതയാണ്, വിദേശത്ത് ചോദ്യങ്ങൾ ചോദിച്ചാൽ അത് വ്യക്തിപരമായ കാര്യമാണ്! അമേരിക്കയിൽ പോലും മോദിജി അദാനിയുടെ അഴിമതി മറച്ചുവെച്ചു!’ -രാഹുൽ ഗാന്ധി ‘എക്സി’ൽ കുറിച്ചു.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോദിയും ട്രംപും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദാനിയുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നത്. അദാനിയുമായി ബന്ധപ്പെട്ട വിഷയം ചർച്ചകളിൽ ഉൾപ്പെടുത്തിയോ എന്നായിരുന്നു ചോദ്യം. ‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, നമ്മുടെ സംസ്കാരം ‘വസുധൈവ കുടുംബകം’ ആണ്. ലോകം മുഴുവൻ ഒരു കുടുംബമായിട്ടാണ് ഞങ്ങൾ കാണുന്നത്. ഓരോ ഇന്ത്യക്കാരനും എന്‍റേതാണെന്ന് ഞാൻ വിശ്വസിക്കുന്നു. രണ്ട് രാജ്യങ്ങളിലെ രണ്ട് പ്രമുഖ നേതാക്കൾ ഒരിക്കലും ഇത്തരം വ്യക്തിപരമായ വിഷയങ്ങൾ ചർച്ച ചെയ്യാറില്ല’ -എന്നായിരുന്നു മോദിയുടെ മറുപടി.
അതേസമയം, അദാനിയെക്കുറിച്ചുള്ള ചോദ്യം മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ പ്രധാനമന്ത്രി കോപിക്കുകയും പരിഭ്രാന്തനാകുകയും ചെയ്തതായി തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി സാകേത് ഗോഖലെ പറഞ്ഞു. ഇന്ത്യയിൽ പ്രധാനമന്ത്രി തിരക്കഥ രചിച്ചുള്ള അഭിമുഖങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘പ്രധാനമന്ത്രി മോദി യുഎസിൽ ഒരു വാർത്താസമ്മേളനം നടത്താൻ നിർബന്ധിതനായി - 11 വർഷത്തിനിടെ അദ്ദേഹം ഇന്ത്യയിൽ ചെയ്യാത്ത ഒന്ന്. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിൽ ഒരിക്കലും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തത്. അതുകൊണ്ടാണ് ഇന്ത്യയിലെ അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ പൂർണമായും തിരക്കഥക്ക് അനുസരിച്ചാകുന്നത്. അദ്ദേഹം വളരെ ദേഷ്യക്കാരനും അസ്വസ്ഥനുമാണ്’ -ഗോഖലെ ട്വീറ്റ് ചെയ്തു.
Adjust Story Font
16