Quantcast

റമദാനിൽ ഗസ്സയിലെ യുദ്ധം നിർത്താൻ പ്രതിനിധിയെ അയച്ചു, ഇതിൽ പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല: മോദി

മണിപ്പൂരിൽ അക്രമം തടയാൻ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് വിമർശനം

MediaOne Logo

Web Desk

  • Published:

    17 May 2024 12:36 PM GMT

narendra modi
X

ന്യൂഡൽഹി: റമദാനിൽ ഗസ്സയിൽ യുദ്ധം നിർത്തണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലേക്ക് താൻ പ്രതിനിധിയെ അയച്ചതായി പ്രധാനമന്ത്രി ന​രേന്ദ്ര മോദി. വിശുദ്ധ മാസത്തിൽ യുദ്ധത്തിൽ ഏർപ്പെടുന്നതിനു പകരം സമാധാനം നിലനിർത്താനാണ് ഇസ്രായേലിനോട് അഭ്യർത്ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മോദി ഇക്കാര്യം വ്യക്തമാക്കിയത്.

ചുരുങ്ങിയത് റമദാൻ മാസത്തിലെങ്കിലും ഗസ്സയിൽ ബോംബിടരുതെന്ന് ഇസ്രയേലിനോട് തന്റെ പ്രതിനിധി ആവശ്യപ്പെട്ടു. ഇവിടെ താൻ മുസ്‍ലിംകൾക്കെതിരാണെന്ന ആരോപണമാണ് ആളുകൾ ഉയർത്തുന്നത്. പക്ഷെ, മോദി ഗസ്സയിൽ ബോംബാക്രമണം നിർത്താൻ നടപടി സ്വീകരിച്ചു. ഇതിൽ തനിക്ക് പബ്ലിസിറ്റി വേണ്ടെന്നും മോദി പറഞ്ഞു.

തന്റെ നിർദേശം പിന്തുടരാൻ ഇസ്രായേൽ എല്ലാ ശ്രമങ്ങളും നടത്തി. പക്ഷേ, രണ്ട് മൂന്ന് ദിവസങ്ങളിൽ ആക്രമണമുണ്ടായി. യുദ്ധം നിർത്താൻ മറ്റു ചില രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതും ഫലം കണ്ടിട്ടുണ്ടാകുമെന്നും മോദി പറഞ്ഞു.

മതേതരത്വം പ്രകടിപ്പിക്കുന്ന മുൻ സർക്കാരുകളിൽ നിന്ന് വിഭിന്നമായി താൻ ഇസ്രായേലിലേക്കും ഫലസ്തീനിലേക്കും വ്യത്യസ്ത സമയങ്ങളിലാണ് സന്ദർശനം നടത്തിത്. ഇസ്രായേലിലേക്ക് പോകുമ്പോൾ ഫലസ്തീൻ സന്ദർശനം നിർബന്ധമാണെന്നത് നേരത്തെ ഒരു ഫാഷനായിരുന്നു. അവർ മതേതരത്വം നടത്തി തിരിച്ചുവരികയായിരുന്നു പതിവ്. എന്നാൽ, താൻ അങ്ങനെ ചെയ്യാൻ വിസമ്മതിച്ചുവെന്നും മോദി പറഞ്ഞു.

അതേസമയം, റമദാനിൽ ഗസ്സയിൽ ആക്രമണം നിർത്തിയെന്ന മോദിയുടെ പ്രസ്താവനക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. റമദാനിലും കടുത്ത ആക്രമണമാണ് ഇസ്രായേൽ അഴിച്ചുവിട്ടത്. റമദാനിലെ ആദ്യ പത്ത് ദിവസത്തിനിടെ 876 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. യു.എൻ സുരക്ഷാ കൗൺസിൽ റമദാനിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതും ഇസ്രായേൽ അവഗണിച്ചു.

ഗസ്സയിൽ യുദ്ധം നിർത്താൻ ആവശ്യപ്പെട്ട മോദി എന്തുകൊണ്ട് മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് പലരും കുറ്റപ്പെടുത്തി. ‘നുണ പറയുന്നതിന് ഒരു പരിധിയുണ്ട്. നിങ്ങൾ ഗസ്സയിൽ ആക്രമണം നിർത്തിയെന്ന് അവകാശപ്പെടുന്നു. പക്ഷേ, അപ്പോൾ മണിപ്പൂർ കത്തുകയായിരുന്നു. വനിതകളെ നഗ്നരാക്കി പരേഡ് നടത്തി. നിങ്ങൾക്ക് അത് തടയാനായില്ല’ -ഒരാൾ ‘എക്സി’ൽ കുറിച്ചു. മണിപ്പൂരിൽ മുസ്‍ലിംകളില്ല, അതുകൊണ്ടാകും അവിടെ ആക്രണം അവസാനിപ്പിക്കാൻ ശ്രമിക്കാതിരുന്നതെന്ന് മറ്റൊരാൾ പരിഹസിച്ചു.

റഷ്യ - യുക്രൈൻ യുദ്ധത്തിൽ ഇടപെട്ടെന്ന അവകാശവാദവുമായും കഴിഞ്ഞദിവസം നരേന്ദ്ര മോദി രംഗത്തുവന്നിരുന്നു. യുക്രൈൻ യുദ്ധത്തിൽ മിക്ക രാജ്യങ്ങളും നിലപാട് എടുത്തിട്ടുണ്ടെന്നും എന്നാൽ, വളരെ കൃത്യമായി നിലപാട് അവതരിപ്പിച്ചത് നമ്മൾ മാത്രമേയുള്ളൂവെന്നും മോദി പറഞ്ഞു. നമ്മൾ ആരുടെയും പക്ഷത്തല്ല. സമാധാനപക്ഷത്താണു നമ്മൾ. അതുകൊണ്ടുതന്നെ ആയുധ കൈമാറ്റത്തിനു വേണ്ടിയോ യുദ്ധത്തിനു വേണ്ടിയോ ഒന്നും സംസാരിക്കാത്ത ഏക സമൂഹം നമ്മളാണെന്ന വിശ്വാസം ലോകത്തിനുണ്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിന്റെ കണ്ണിൽ നോക്കി ഇതു യുദ്ധത്തിനുള്ള സമയമല്ലെന്നു പറയാനുള്ള ധൈര്യം തനിക്കുണ്ടായെന്നും മോദി പറഞ്ഞു.

അതേസമയം, യുക്രൈയ്ൻ - റഷ്യ യുദ്ധം നിർത്താൻ മോദി നടപടി സ്വീകരിച്ചെന്ന് കാണിച്ച് ബി.ജെ.പി നേരത്തേ പരസ്യം പുറത്തിറക്കിയിരുന്നു. ഇതിനെതിരെ വലിയ പരിഹാസമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നത്. പരസ്യത്തിൽ അഭിനയിച്ച പെൺകുട്ടിക്ക് പരിഹാസങ്ങൾ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയു​ണ്ടായെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

TAGS :

Next Story