പ്രധാനമന്ത്രി അടുത്ത മാസം യുക്രൈനിലേക്ക്; യുദ്ധം തുടങ്ങിയ ശേഷമുള്ള ആദ്യ സന്ദർശനം
ഈ മാസം തുടക്കത്തിൽ മോദി റഷ്യയിലും സന്ദർശനം നടത്തിയിരുന്നു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രൈൻ സന്ദർശിക്കും. 2022ൽ റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി യുക്രൈനിലെത്തുന്നത്. ഒരു മാസം മുമ്പ് ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ മോദി സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോദിയെ അഭിനന്ദിച്ച സെലൻസ്‌കി അദ്ദേഹത്തെ യുക്രൈൻ സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു.
ഈ വർഷം മാർച്ചിൽ സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. നിലവിലുള്ള സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
ഈ മാസം ആദ്യത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി റഷ്യയിലെത്തിയിരുന്നു. യുദ്ധത്തിലൂടെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാവില്ലെന്ന് പുടിനുമായുള്ള ചർച്ചയിലും മോദി പറഞ്ഞിരുന്നു. നയതന്ത്ര ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്നും അതിന് സാധ്യമായതെല്ലാം ചെയ്യാൻ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം പുടിനെ അറിയിച്ചിരുന്നു.
Adjust Story Font
16