15 ദിവസത്തിനിടയില്‍ 758 തവണയെങ്കിലും സ്വന്തം പേര് പറഞ്ഞു, തൊഴിലില്ലായ്മയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല: മോദിക്കെതിരെ ഖാര്‍ഗെ
അവസാനഘട്ട പ്രചാരണത്തിൻ്റെ അവസാന ദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ
ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 758 തവണ സ്വന്തം പേര് പറഞ്ഞപ്പോൾ തൊഴിലില്ലായ്മയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പൊതുതെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പ്രചാരണത്തിൻ്റെ അവസാന ദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''കഴിഞ്ഞ 15 ദിവസത്തിനിടെ മോദി പ്രസംഗത്തിൽ കോൺഗ്രസിൻ്റെ പേര് 232 തവണയും സ്വന്തം പേര് 758 തവണയും പറഞ്ഞു. പക്ഷേ, ഒരിക്കൽ പോലും അദ്ദേഹം തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ചില്ല'' ഖാര്‍ഗെ വ്യക്തമാക്കി. ജൂൺ നാലിന് ശേഷം ഇന്‍ഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ ആവര്‍ത്തിച്ചുപറഞ്ഞു. ''ജൂൺ 4ന് ഈ രാജ്യത്തെ ജനങ്ങൾ ഒരു പുതിയ ബദൽ സർക്കാര്‍ നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇന്‍ഡ്യാ സഖ്യം പൂർണ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ രൂപീകരിക്കും. നാമെല്ലാവരും ചേർന്ന് ഈ രാജ്യത്തിന് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ദേശീയ വികസന സര്‍ക്കാരിന് രൂപം നല്‍കും. എല്ലാവരേയും ഒപ്പം കൂട്ടി ഞങ്ങൾ മുന്നോട്ട് പോകും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ രാജ്യത്തെ ഓരോ പൗരനും ഇത്തവണ ഒരുമിച്ചതിനാൽ ഈ തെരഞ്ഞെടുപ്പ് ദീർഘകാലം ഓർമിക്കപ്പെടുമെന്നും ഖാർഗെ വ്യക്തമാക്കി. “മതപരവും ഭിന്നിപ്പിക്കുന്നതുമായ വിഷയങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രധാനമന്ത്രിയും ബി.ജെ.ഇപി നേതാക്കളും എണ്ണമറ്റ ശ്രമങ്ങൾ നടത്തി. ഇതൊക്കെയാണെങ്കിലും ജനങ്ങള്‍ യഥാര്‍ഥ വസ്തുത തിരിച്ചറിഞ്ഞു. ഈ സർക്കാരിന് ഒരവസരം കൂടി ലഭിച്ചാൽ അത് ജനാധിപത്യത്തിൻ്റെ അന്ത്യമാകുമെന്ന ഞങ്ങളുടെ കാഴ്ചപ്പാട് ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട്.''അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാതിയുടെയും മതത്തിൻ്റെയും പേരിൽ വോട്ട് അഭ്യർത്ഥിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടും 421 തവണ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നരേന്ദ്ര മോദി 'മന്ദിർ-മസ്ജിദ്', ഭിന്നിപ്പുണ്ടാക്കുന്ന വിഷയങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചുവെന്ന് ഖാർഗെ ആരോപിച്ചു. ഗാന്ധി സിനിമയിലൂടെയാണ് മഹാത്മാ ഗാന്ധിയെ ലോകം അറിഞ്ഞതെന്ന മോദിയുടെ പരാമര്‍ശത്തെക്കുറിച്ചും ഖാര്‍ഗെ പറഞ്ഞു. മോദി ഗാന്ധിയെക്കുറിച്ച് പഠിച്ചിട്ടില്ലെങ്കിലും മഹാത്മാവ് ലോകം മുഴുവന്‍ അറിയപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16