'വാരാണസിയിൽ മോദി തോൽക്കും, ഇനി കോൺഗ്രസിന്റെ സുവർണ കാലം'; കോൺഗ്രസ് സ്ഥാനാർഥി അജയ് റായ്
"കുറച്ച് ചൈനീസ് വിളക്കുകൾ സ്ഥാപിച്ചതാണ് വാരാണസിയിൽ മോദി ചെയ്ത വികസനം"
നരേന്ദ്ര മോദി വാരാണസിയിൽ ജയിക്കില്ലെന്നു വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർഥി അജയ്‌റായ്...വാരണാസിക്കാർക്ക് വേണ്ടി മോദി ഒന്നും ചെയ്തില്ലെന്നും പ്രധാന ജോലികളെല്ലാം മോദി ഗുജറാത്തികൾക്കാണ് നൽകിയതെന്നും അജയ് റായ് മീഡിയവണിനോട് പ്രതികരിച്ചു.
"മോദിയുടെ പ്രധാനമന്ത്രി പദവി ജൂൺ നാല് വരെ മാത്രമേയുള്ളൂ. ജനം കോൺഗ്രസിന്റെ പക്ഷത്താണ്. സ്വന്തം സഹോദരനും ബന്ധുക്കൾക്കുമൊക്കെയല്ലേ ആളുകൾ വോട്ട് ചെയ്യൂ. അങ്ങനെയൊരു ബന്ധമാണ് വാരാണസിക്കാർക്ക് എന്നോടുള്ളത്. ഞാനൊരു കുടുംബാംഗത്തെ പോലെയാണ് അവർക്ക്. മോദിയാകട്ടെ വാരാണസിക്കാർക്ക് വേണ്ടി ഒന്നും ചെയ്തിട്ട് പോലുമില്ല. ഇവിടെയൊരു തുറമുഖത്തിന് അനുമതി ആയിരുന്നു. അത് പ്രവർത്തനം തുടങ്ങിയോ എന്ന് നോക്കൂ. ടിഎഫ്‌സി സെന്റർ കൊണ്ടു വരുമെന്ന് പറഞ്ഞു, അതെന്തായി?
ഗുജറാത്തികൾക്ക് വേണ്ടിയാണ് മോദിയുടെ പ്രവർത്തനമെല്ലാം. ബനാറസുകാർക്ക് കിട്ടേണ്ട ജോലികളെല്ലാം മോദി അവർക്ക് കൊടുത്തു. ഈയടുത്ത് ഉദ്ഘാടനം ചെയ്ത അമൂൽ പ്ലാന്റ് തന്നെ നോക്കൂ... ഗുജറാത്തിൽ നിന്നുള്ളവരാണ് അവിടെ ഉന്നത ഉദ്യോഗസ്ഥർ. മെഷീനുകൾ തുടയ്ക്കാനും മറ്റും വാരാണസിക്കാരും. ഇത് ഇനി നടക്കില്ല. കുറച്ച് ചൈനീസ് വിളക്കുകൾ സ്ഥാപിച്ചതാണ് വാരാണസിയിൽ മോദി ചെയ്ത വികസനം. ഈ വിളക്കുകൾ കൊണ്ട് വാരാണസിക്കാരുടെ വയർ നിറയുമോ? അവരുടെ കുടുംബം പുലരുമോ?
എയർബസ് ഉൾപ്പടെയുള്ള പദ്ധതികളെല്ലാം മോദി ഗുജറാത്തിനാണ് കൊടുത്തത്. ഒന്നും തന്നെ മോദി വാരാണസിക്ക് നൽകിയിട്ടില്ല. ഇതിനൊക്കെയുള്ള മറുപടി ജനം നൽകും. വാരാണസിയിൽ ഇത്തവണ മോദി ജയിക്കില്ല. ഇനി വരാനിരിക്കുന്നത് കോൺഗ്രസിന്റെ സുവർണകാലമാണ്. കോൺഗ്രസിന് എത്ര സീറ്റ് കിട്ടും എത്ര ഭൂരിപക്ഷത്തിൽ ജയിക്കും എന്നൊക്കെ ജനം തീരുമാനിക്കും". അജയ് പറഞ്ഞു.
Adjust Story Font
16