Quantcast

2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള മോദിയുടെ ആഗ്രഹം അസംബന്ധം: റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ

‘ശക്തമായ സാമ്പത്തിക വളർച്ച നേടുകയാ​ണെന്ന തെറ്റായ പ്രചാരണം വിശ്വസിക്കുന്നതിലൂടെ ഇന്ത്യ വലിയ തെറ്റാണ് ചെയ്യുന്നത്’

MediaOne Logo

Web Desk

  • Updated:

    2024-03-28 07:03:41.0

Published:

26 March 2024 4:25 PM GMT

raghuram rajan
X

ന്യൂഡൽഹി: 2047ഓടെ ഇന്ത്യയെ വികസിത സമ്പദ്‌വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം അസംബന്ധമാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാജ്യത്ത് കുട്ടികളിൽ പലർക്കും ഹൈസ്കൂൾ വിദ്യാഭ്യാസം പോലുമില്ല. സ്കൂളുകളിൽനിന്ന് കൊഴിഞ്ഞുപോകുന്നവരുടെ നിരക്കും ഏറെയാണ്. ഇവ പരിഹരിക്കാതെ വികസിത സമ്പദ്‍വ്യവസ്ഥയെക്കുറിച്ച് സംസാരിക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലായിരുന്നു രഘുറാം രാജന്റെ പ്രതികരണം.

ശക്തമായ സാമ്പത്തിക വളർച്ച നേടുകയാ​ണെന്ന തെറ്റായ പ്രചാരണം വിശ്വസിക്കുന്നതിലൂടെ ഇന്ത്യ വലിയ തെറ്റാണ് ചെയ്യുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാതെ ഇത്തരം തെറ്റായ പ്രചാരണത്തിന് പിറകെ പോകരുത്.

തെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അഭിമുഖീകരിക്കേണ്ട ഏറ്റവും വലിയ ​വെല്ലുവിളി വിദ്യാഭ്യാസവും തൊഴിലാളികളുടെ നൈപുണ്യവും മെച്ചപ്പെടുത്തുക എന്നതാണ്. 140 കോടി ജനസംഖ്യയുടെ പകുതിയിലധികവും 30 വയസ്സിന് താഴെയുള്ള രാജ്യത്ത് അത് പരിഹരിക്കാതെ യുവജനങ്ങളുടെ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യ പാടുപെടും.

ഇന്ത്യ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് അമിതവും വഴിതെറ്റിപ്പിക്കുന്നതുമായ പ്രചാരണങ്ങളെ വിശ്വസിക്കുക എന്നതാണ്. ഈ പ്രചാരണം യഥാർത്ഥമാണെന്ന് ഉറപ്പാക്കാൻ നമുക്ക് ഇനിയും നിരവധി വർഷങ്ങളുടെ കഠിനാധ്വാനം ആവശ്യമുണ്ട്.

എന്നാൽ, ഈ ​പ്രചാരണം ജനങ്ങൾ വിശ്വസിക്കണമെന്ന് രാഷ്ട്രീയക്കാർ ആഗ്രഹിക്കുകയാണ്. എന്നാൽ, ഇന്ത്യ ആ വിശ്വാസത്തിന് കീഴടങ്ങുന്നത് ഗുരുതര തെറ്റാണ്.

നമുക്ക് വർധിച്ചുവരുന്ന തൊഴിൽ ശക്തിയുണ്ട്. പക്ഷേ, അവർ മികച്ച ജോലികളിൽ ഏർപ്പെട്ടാൽ മാത്രമേ അത് ഗുണ​പ്രദമാകൂ. തന്റെ മനസ്സിൽ നമ്മൾ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഏറ്റവും ദുരന്തമാണിത്. ഇന്ത്യ ആദ്യം തൊഴിലാളികളെ കൂടുതൽ വിദഗ്ധരാക്കേണ്ടതുണ്ട്. കൂടാതെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുമുണ്ട്.

കോവിഡിന് ശേഷം ഇന്ത്യൻ സ്കൂൾ കുട്ടികളുടെ പഠനശേഷി 2012ന് മുമ്പുള്ള നില​യിലേക്ക് ഇടിഞ്ഞതായി പഠനങ്ങൾ കാണിക്കുന്നു. ഗ്രേഡ് മൂന്ന് വിദ്യാർഥികളിൽ 20.5 ശതമാനം പേർക്ക് മാത്രമേ ഗ്രേഡ് രണ്ടിലെ പാഠങ്ങൾ വയിക്കാൻ സാധിക്കുന്നുള്ളൂ. ഇന്ത്യയിലെ സാക്ഷരതാ നിരക്ക് വിയറ്റ്നാം പോലെയുള്ള മറ്റു ഏഷ്യൻ രാജ്യങ്ങളേക്കാൾ താഴെയാണ്. ഈ കണക്കിനെക്കുറിച്ച് നമ്മൾ തീർച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്. മാനുഷിക മൂലധനത്തിന്റെ അഭാവം പതിറ്റാണ്ടുകളോളം നമ്മോടൊപ്പം തുടരും.

സുസ്ഥിരമായ അടിസ്ഥാനത്തിൽ എട്ട് ശതമാനം വളർച്ച കൈവരിക്കാൻ ഇന്ത്യ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് വരുന്നുണ്ട്. സർക്കാർ പറയുന്നത് വരുന്ന സാമ്പത്തിക വർഷം ഇത് ഏഴ് ശതമാനത്തിൽ കൂടുതലാകുമെന്നും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇതിനെ മാറ്റുകയും ചെയ്യുമെന്നുമാണ്.

ഉന്നത വിദ്യാഭ്യാസത്തിനായുള്ള വാർഷിക ബജറ്റിനേക്കാൾ കൂടുതൽ ചിപ്പ് നിർമ്മാണ സബ്‌സിഡികൾക്കായി ചെലവഴിക്കാനുള്ള മോദി സർക്കാറിന്റെ നയപരമായ തീരുമാനങ്ങൾ തെറ്റാണ്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ സെമി കണ്ടക്ടർ ബിസിനസുകൾക്കുള്ള സബ്‌സിഡികൾ ഏകദേശം 760 ബില്യൺ രൂപയാണ്. എന്നാൽ, ഉന്നത വിദ്യാഭ്യാസത്തിന് 476 ബില്യൺ രൂപ മാത്രമാണ് അനുവദിച്ചത്.

വിദ്യാഭ്യാസ സമ്പ്രദായം നേരെയാക്കുന്നതിന് പകരം ചിപ്പ് നിർമ്മാണം പോലുള്ള വലിയ പദ്ധതികളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മികച്ച വിദ്യാഭ്യാസം നൽകിയാൽ മാത്രമേ ഇത്തരം വ്യവസായങ്ങൾക്ക് ആവശ്യമായ പരിശീലനം ലഭിച്ച എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ കഴിയുകയുള്ളൂവെന്നും രഘുറാം രാജൻ വ്യക്തമാക്കി.

TAGS :

Next Story