'വലിയ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണം'; ലൈംഗിക പീഡന കേസിൽ വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി
ദൃശ്യങ്ങൾ കണ്ടതിന് ശേഷം ബെംഗളൂരു പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്തിടെ നടന്ന ഒരു ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. ഇതുപോലുള്ള ഒരു വലിയ നഗരത്തിൽ ഇത്തരം സംഭവങ്ങൾ സാധാരമാണെന്നായിരുന്നു പരാമർശം. ഗൗരവം കുറച്ച് കാണിച്ച് കുറ്റകൃത്യത്തെ നിസാരവൽക്കരിച്ചു എന്ന് വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
"ഇതുപോലുള്ള ഒരു വലിയ നഗരത്തിൽ ഇത്തരം സംഭവങ്ങൾ ഇവിടെയും അവിടെയും സംഭവിക്കാറുണ്ട്. നിയമപരമായി എന്ത് നടപടി സ്വീകരിക്കണമോ അത് നിയമപ്രകാരം ചെയ്യും. ബീറ്റ് പട്രോളിംഗ് വർധിപ്പിക്കാൻ ഞങ്ങളുടെ കമ്മീഷണർക്ക് ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്," ആഭ്യന്തരമന്ത്രി പറഞ്ഞു.
2025 ഏപ്രിൽ 3 നാണ് സംഭവം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ സുദ്ദഗുണ്ടേപാളയയിലെ ഭാരതി ലേഔട്ട് പ്രദേശത്തെ ആളൊഴിഞ്ഞ തെരുവിൽ വെച്ച് സ്ത്രീയെ ലൈംഗികമായി അതിക്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇടവഴിയിലൂടെ രണ്ട് സ്ത്രീകൾ നടന്നു പോകവെയായിരുന്നു ഒരാൾക്ക് നേരെയുള്ള യുവാവിന്റെ ആക്രമണം. സ്ത്രീകൾ ഒരാളെ ബലമായി ചുമരിനോട് ചേർക്കുന്നതും, തള്ളിയിടുന്നതും പിന്നീട് രക്ഷപ്പെടുന്നതുമെല്ലാം ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
ദൃശ്യങ്ങൾ കണ്ടതിന് ശേഷം ബെംഗളൂരു പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതിജീവിതയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിജീവിതയെ കണ്ടെത്തി ഔദ്യോഗിക പരാതി ലഭിച്ചാൽ ഉടൻ കൂടുതൽ നടപടികൾക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
Adjust Story Font
16