മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ ഇന്ത്യ സന്ദർശിക്കും
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ മെയ് 9ന് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം (എം.ഇ.എ)അറിയിച്ചു. അധികാരമേറ്റ ശേഷം വിദേശകാര്യ മന്ത്രി സമീറിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങളിൽ ചർച്ചകൾക്കായി സമീർ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മാലദ്വീപിന്റെ പ്രസിഡന്റ് മുഹമ്മദ് മുയിസു രാജ്യത്ത് നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കടുത്ത സമ്മർദത്തിലായിരുന്നു. ഇന്ത്യ ഇതിനകം തന്നെ തങ്ങളുടെ ഭൂരിഭാഗം സൈനികരെയും പിൻവലിച്ചു. മെയ് 10 ആണ് സൈനികരെ പിൻവലിക്കാനുള്ള അവസാന തീയ്യതിയെന്ന് മുയിസു പറഞ്ഞത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രധാന സമുദ്ര അയൽരാജ്യമാണ് മാലിദ്വീപ്. 2023ൽ മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെ ഇന്ത്യവിരുദ്ധ നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. തന്ത്രപരമായി ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണിത്. വിദേശകാര്യ മന്ത്രി സമീറിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് കൂടുതൽ ഊർജം പകരുമെന്ന് പ്രതീക്ഷിക്കുന്നതായി എം.ഇ.എ പ്രസ്താവനയിൽ പറഞ്ഞു.
Adjust Story Font
16