Quantcast

യുപിയില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടക്കൊല: യുവാവിന്‍റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്; പ്രതികളെ ഇനിയും പിടികൂടാനായില്ല

ബജ്റങ്ദള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷാഹിദീന് കരൾസംബന്ധമായ അസുഖങ്ങളുണ്ട്. ഭാര്യ റിസ്‍വാന ഹൃദ്രോഗിയുമാണ്

MediaOne Logo

Web Desk

  • Updated:

    2025-01-02 06:13:05.0

Published:

2 Jan 2025 6:11 AM GMT

Moradabad lynching over ‘cattle slaughter’: Victim’s friend held, no arrest in murder case, Shahideen Qureshi, Bajrang Dal, Majhola mob lynching, Uttar Pradesh
X

ലഖ്‌നൗ: യുപിയിലെ മൊറാദാബാദിൽ ബജ്‌റങ്ദൾ സംഘം യുവാവിനെ പശുക്കടത്ത് ആരോപിച്ച് ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. സംഭവസമയത്ത് യുവാവിന്റെ കൂടെയുണ്ടായിരുന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കൊലപാതകത്തിലെ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.

ഡിസംബർ 30നു പകലാണ് യുപിയിലെ അസലത്പുര സ്വദേശിയും ബോഡിബിൽഡറുമായ മുഹമ്മദ് ഷാഹിദീൻ ഖുറേഷി(37)യെ ബജ്‌റങ്ദൾ പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചത്. വടികളും ആയുധങ്ങളുമായായിരുന്നു ആക്രമണം. ക്രൂരമായ മർദനത്തിനിരയായ യുവാവിനെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ മരിക്കുകയായിരുന്നു. ഷാഹിദീന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

സംഭവത്തിൽ ഷാഹിദീൻ ഖുറേഷിക്കും സുഹൃത്ത് മുഹമ്മദ് അദ്‌നാനും(29) എതിരെ സ്വമേധയാ കേസെടുത്തിരിക്കുകയാണ് പൊലീസ്. പശുക്കടത്തിനാണ് മജോല പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് എസ്എച്ച്ഒ മോഹിത് ചൗധരി പറഞ്ഞു. അതേസമയം, ഷാഹിദീന്റെ സഹോദരൻ മുഹമ്മദ് ഷഹ്ജാദ് നൽകിയ പരാതിയിൽ തിരിച്ചറിയാത്ത ഒരു സംഘത്തിനെതിരെ കേസെടുത്തതായും പൊലീസ് പറയുന്നു. ബിഎൻഎസ് 103-ാം വകുപ്പ് പ്രകാരം കൊലക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.

ഡിസംബർ 30ന് പുലർച്ചെ ഷാഹിദീനും അദ്‌നാനും ചേർന്ന് പശുവിനെ കൊന്നുവെന്ന് ആരോപിച്ചു നാട്ടുകാരുടെ പരാതി ലഭിച്ചിരുന്നുവെന്ന് എസ്എച്ച്ഒ മോഹിത് ചൗധരി പറയുന്നു. സംഭവം നാട്ടുകാർ കണ്ടതോടെ അദ്‌നാൻ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പിന്നാലെയാണ് നാട്ടുകാർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചതെന്നാണ് പൊലീസ് വിശദീകരണം.

യുവാവിന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡിഷനൽ പൊലീസ് സുപ്രണ്ട് കുമാർ വിജയ് സിങ് അറിയിച്ചു. പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൽനിന്ന് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും വിജയ് സിങ് പറഞ്ഞു.

അതേസമയം, വാടകയ്‌ക്കെടുത്ത ഉന്തുവണ്ടിയിൽ കടകളിലേക്കു സാധനങ്ങൾ എത്തിച്ചുകൊടുത്താണ് ഷാഹിദീൻ ഖുറേഷി കുടുംബത്തെ നോക്കിയിരുന്നതെന്ന് കുടുംബം പറയുന്നു. എന്നാൽ, പ്രമേഹവും കരൾസംബന്ധമായ അസുഖങ്ങളെയും തുടർന്ന് ഏതാനും മാസങ്ങൾക്കുമുൻപ് ഈ തൊഴിൽ ഉപേക്ഷിക്കേണ്ടിവന്നു. ഭാര്യ റിസ്‌വാന ഹൃദ്രോഗിയുമാണ്. ഷാഹിദീൻ അസുഖബാധിതനായതിനെ തുടർന്ന് ഇവരുടെ 15ഉം 14നും വയസുള്ള ആൺമക്കൾ ജോലിയെടുത്താണു കുടുംബം നോക്കിയിരുന്നത്.

'ചെറിയ മക്കളാണ് എനിക്കുള്ളത്. ഭർതൃവീട്ടുകാരെല്ലാം മരിച്ചു. ഇപ്പോൾ ഭർത്താവിനെയും അവർ കൊലപ്പെടുത്തിയിരിക്കുകയാണ്. എന്നെയും മക്കളെയും ഇനി ആര് നോക്കും?'-റിസ്‌വാന ചോദിച്ചു.

'സ്‌കൂളിൽ എട്ടാം ക്ലാസു വരെ പഠിച്ചിട്ടുണ്ട്. എന്നാൽ, അബ്ബുവിന് അസുഖമായതോടെ ഫീസ് കൊടുക്കാനാകാതെ വന്നു. ഇതോടെ പഠനം ഉപേക്ഷിച്ചിരിക്കുകയാണ്.'-ഷാഹിദീന്റെയും റിസ്‌വാനയുടെയും 15 വയസുള്ള മകൻ അർഹാൻ പറഞ്ഞു.

ഡിസംബർ 31നു രാവിലെയാണ് ഷാഹിദീനെ ഗുരുതരാവസ്ഥയിൽ മൊറാദാബാദ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം കുടുംബം അറിയുന്നത്. ഉടൻ തന്നെ റിസ്‌വാനയും ഭർതൃസഹോദരനും ആശുപത്രിയിലെത്തി. ആശുപത്രിയിലെത്തുമ്പോൾ ഭർത്താവിന്റെ മൂക്കിൽ നിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നുവെന്ന് റിസ്‌വാന പറയുന്നു. ഒരു കണ്ണ് വീർത്തുനിൽക്കുന്നുണ്ടായിരുന്നു. ശ്വാസതടസം നേരിടുന്നുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. ആരോഗ്യനില വഷളായതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Summary: Moradabad lynching over ‘cattle slaughter’: Victim’s friend held, no arrest in murder case

TAGS :

Next Story