സുൽത്താൻ ഗോൾഡ് ജ്വല്ലറിയിലെ അക്രമം; മൂന്ന് ബജ്‌റംഗ്ദൾ പ്രവർത്തകരെ നാടുകടത്തുന്നു
ഗണേഷ് അത്താവർ, ജയപ്രകാശ് ശക്തിനഗർ, ബാൽചന്ദർ അത്താവർ എന്നിവരെയാണ് നാടുകടത്തുന്നത്.
മംഗളൂരു: കഴിഞ്ഞ വർഷം ഡിസംബർ ആറിന് മംഗളൂരു കങ്കനാടിയിലെ സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു ബജ്‌റംഗ്ദൾ നേതാക്കളെ ഒരു വർഷത്തേക്ക് നാടുകടത്തും. മംഗളൂരു ആസ്ഥാനമായി രൂപീകരിച്ച വർഗീയ വിദ്വേഷ പ്രവർത്തനങ്ങൾക്കും സദാചാര ഗുണ്ടായിസത്തിനും എതിരായ പ്രത്യേക ശിപാർശ അനുസരിച്ചാണിത്.
ഗണേഷ് അത്താവർ, ജയപ്രകാശ് ശക്തിനഗർ, ബാൽചന്ദർ അത്താവർ എന്നിവരെയാണ് നാടുകടത്തുന്നത്. ജ്വല്ലറിയിൽ ജീവനക്കാരിയായ ഹിന്ദു പെൺകുട്ടിയോട് സഹപ്രവർത്തകനായ മുസ്‌ലിം യുവാവ് സംസാരിച്ചുനിൽക്കുമ്പോഴായിരുന്നു അക്രമം നടന്നത്. പെൺകുട്ടിയുടെ രക്ഷിതാക്കളെന്ന് പരിചയപ്പെടുത്തിയവർക്കൊപ്പം ഇരച്ചുകയറിയായിരുന്നു ബജ്‌റംഗ്ദൾ സംഘത്തിന്റെ ആക്രമണം.
കഴിഞ്ഞ മാർച്ച് 26ന് മംഗളൂരു നഗരത്തിൽ മറോളിയിൽ സംഘടിപ്പിച്ച ഹോളി ആഘോഷം ആക്രമിച്ച് അലങ്കോലപ്പെടുത്തിയ സംഭവത്തിനും നേതൃത്വം നൽകിയത് ഇവർ മൂന്നുപേരായിരുന്നു. യുവാക്കളും യുവതികളും ഇടകലരുന്നു, ഭിന്ന സമുദായക്കാർ ഒത്തുചേരുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ആഘോഷം നടക്കുന്നിടത്തേക്ക് ഇരച്ചുകയറി ബജ്‌റംഗ്ദൾ അക്രമം നടത്തിയത്. ഡി.ജെ പാർട്ടിക്കായി ഏർപ്പെടുത്തിയ സംഗീത ഉപകരണങ്ങൾ നശിപ്പിച്ച ഇവർ സംഘാടകരായ യുവാക്കളെ മർദിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16