Quantcast

ഗുജറാത്ത് തൂക്കുപാലം ദുരന്തം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം; പ്രധാനമന്ത്രി ഇന്ന് മോർബിയിൽ

ബി.ജെ.പി ഭരിക്കുന്ന പ്രാദേശിക ഭരണകൂടത്തിന്‍റെ ഉള്‍പ്പെടെയുള്ള ഗുരുതര വീഴ്ചയാണ് ദുരന്തം സൃഷ്ടിച്ചതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ഇത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായേക്കും

MediaOne Logo

Web Desk

  • Published:

    1 Nov 2022 2:07 AM GMT

ഗുജറാത്ത് തൂക്കുപാലം ദുരന്തം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം; പ്രധാനമന്ത്രി ഇന്ന് മോർബിയിൽ
X

അഹ്മദാബാദ്: ഗുജറാത്തിലെ മോർബി തൂക്കുപാലം അറ്റകുറ്റപണിക്കായി ടെൻഡർ ക്ഷണിച്ചില്ലെന്നടക്കമുള്ള റിപ്പോർട്ട് പുറത്തുവരുന്നതിനിടെ അപകടം രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പ്രചാരണം നടത്താനൊരുങ്ങുകുകയാണ് രാഷ്ട്രീയ പാർട്ടികൾ. അതിനിടെ, അപകടം നടന്ന മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശനം നടത്തും.

ബി.ജെ.പി ഭരിക്കുന്ന പ്രാദേശിക ഭരണകൂടത്തിന് ഉൾപ്പെടെ സംഭവിച്ച ഗുരുതര വീഴ്ചയാണ് ദുരന്തം സൃഷ്ടിച്ചതെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ പാർട്ടിക്ക് വലിയ തിരിച്ചടിയാകും. ഇത് മുന്നിൽകണ്ട് ദുരന്തത്തിന്റെ ഉത്തരവാദിത്തം ബി.ജെ.പി തുടക്കത്തിൽ തന്നെ ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് മുൻകൂട്ടി നിശ്ചയിച്ച പ്രചാരണ പരിപാടികളെല്ലാം റദ്ദാക്കിയാണ് പ്രധാനമന്ത്രി ഇന്ന് മോർബിയിലെ അപകട സ്ഥലം സന്ദർശിക്കുന്നത്. ഇന്നലെയും മോദിയുടെ റാലികൾ ഉൾപ്പെടെയുള്ള പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആംആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഇന്ന് നടത്താനിരുന്ന റാലികളും റദ്ദാക്കിയിട്ടുണ്ട്. അപകടത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ഉത്തരവാദിത്തം ഗുജറാത്ത് സർക്കാരിനാണെന്ന് എൻ.സി.പിയും ആരോപിച്ചു. പ്രതിപക്ഷ പാർട്ടികളിൽനിന്നുള്ള സമ്മർദം വർധിച്ചതോടെ അറ്റകുറ്റപണി കരാറുകാരെ ഉൾപ്പെടെ പ്രതിചേർത്ത് ഗുജറാത്ത് പൊലീസ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതിനിടെ, ഇന്നലെ നിർത്തിവച്ച ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കുമെന്നാണ് വിവരം. സംഭവത്തിൽ മരണസംഖ്യ 140 കടന്നിട്ടുണ്ട്. ഇനിയും നൂറിലേറെ പേരെ കണ്ടെത്താനുണ്ട്. മച്ചു നദിയിൽ പാലം സ്ഥിതിചെയ്തിരുന്ന ഭാഗം ചെളിക്കെട്ടാണ്. ഇത് തിരച്ചിലിനെ കാര്യമായി ബാധിച്ചിരുന്നു. ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളുടെകൂടി പിൻബലത്തിലാണ് മോർബിയിൽ രക്ഷാദൗത്യം പുരോഗമിക്കുന്നത്.

പാലം നവീകരണ കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയായ ഒറേവ ഗ്രൂപ്പിന്റെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ഗുജറാത്ത് സർക്കാരിന്റെയും ബി.ജെ.പിയുടെയും വാദം. ആരോപണം കമ്പനി അധികൃതർ ഇന്നലെ തന്നെ നിഷേധിച്ചിരുന്നു. രണ്ടുകോടിയുടെ നവീകരണ പ്രവൃത്തി കമ്പനി നൂറുശതമാനം പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് ഒറേവ എം.ഡി ജയ്‌സുഖ്ഭായ് പട്ടേൽ പ്രതികരിച്ചത്. അറ്റകുറ്റപണിക്കുശേഷവും പഴയ വയറുകൾ പാലത്തിലുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജനത്തിരക്കല്ല അപകടകാരണമെന്നും ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.

Summary: The opposition to use the Gujarat bridge accident as a political weapon amid reports that tender were not invited for the repair of the Morbi cable bridge

TAGS :

Next Story