Quantcast

ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ ഏറെയും സ്വതന്ത്ര സ്ഥാനാർഥികൾ; പിന്നിൽ ബിജെപിയെന്ന് മെഹബൂബ മുഫ്തിയും ഉമർ അബ്ദുല്ലയും

പരമ്പരാഗത പാർട്ടികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് എഐപി

MediaOne Logo

Web Desk

  • Published:

    10 Sep 2024 4:13 PM GMT

omar abudlla and mahabooba mufti
X

ശ്രീനഗർ: ജമ്മു കശ്മീരിൽ സ്വതന്ത്ര സ്ഥാനാർഥികളെ ചൊല്ലി പരസ്പരം പഴിചാരി പാർട്ടികൾ. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലായാണ് ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്. ആകെ 90 മണ്ഡലങ്ങളാണുള്ളത്. ആദ്യഘട്ടത്തിൽ 24 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 26 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ രണ്ട് ഘട്ടത്തിൽ മത്സരിക്കുന്ന 450 സ്ഥാനാർഥികളിൽ 214 പേരും സ്വതന്ത്രരാണ്. മൊത്തം സ്ഥാനാർഥികളുടെ 44 ശതമാനം വരുമിത്. പരമ്പരാഗത പാർട്ടികൾക്ക് വലിയ ഭീഷണിയാണ് ഈ സ്ഥാനാർഥികൾ ഉയർത്തുന്നത്. അതിനാൽ തന്നെ ഇവർക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് പ്രധാന പാർട്ടികളായ പിഡിപിയും നാഷനൽ കോൺഫറൻസുമെല്ലാം.

ജയിലിലായിരുന്ന ലോക്സഭാ അംഗം എൻജിനീയർ റാഷിദിന്റെ അവാമി ഇത്തിഹാദ് പാർട്ടിക്ക് ബിജെപിയുടെ പിന്തുണയുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ​ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹബൂബ മുഫ്തി ആരോപിച്ചു. കശ്മീരികളുടെ വോട്ട് ഭിന്നിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. റാഷിദ് ജയിലിലായിട്ടും അവർക്ക് എങ്ങനെയാണ് എല്ലായിടത്തും സ്ഥാനാർഥികളെ നിർത്താൻ സാധിക്കുന്നതെന്നും മുൻ മുഖ്യമന്ത്രി ചോദിക്കുന്നു.

50 വർഷമെടുത്താണ് മുഹമ്മദ് സഈദ് ഒരു പാർട്ടി രൂപീകരിക്കുന്നത്. എന്നിട്ടും ഞങ്ങൾക്ക് എല്ലായിടത്തും സ്ഥാനാർഥികളെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. ജയിലിൽ കഴിഞ്ഞ് ഒരാൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നല്ലത് തന്നെയാണ്. എന്നാൽ, എല്ലായിടത്തും അവരുടെ സ്ഥാനാർഥികൾ മുന്നോട്ടുവരാൻ കാരണമെന്താണെന്ന് എനിക്ക് അറിയേണ്ടതുണ്ടെന്നും മെഹബൂബി മുഫ്തി പറഞ്ഞു.

പിഡിപി, നാഷനൽ കോൺഫറൻസ്, കോൺഗ്രസ് എന്നീ പാർട്ടികൾ ഒഴികെയുള്ളവയും സ്വതന്ത്രരും ബിജെപിയുടെ പ്രതിനിധികളാണ്. കശ്മീരിലെ വോട്ടർമാരെ ഭിന്നിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. പിഡിപിയെയാണ് അവർ പ്രധാനമായും ഉന്നമിടുന്നത്. കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി നിലനിന്ന ഒരേയൊരു പാർട്ടി പിഡിപിയാണെന്ന് അവർക്കറിയാം. രാഷ്ട്രീയ തടവുകാരോടൊപ്പം ഞങ്ങൾ നിലനിന്നു. കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും റദ്ദാക്കിയതിനെതിരെ ഞങ്ങൾ നിലനിന്നു. എന്നാൽ, സ്വതന്ത്ര സ്ഥാനാർഥികളായി രംഗത്തുവന്നവർക്കും അവാമി ഇത്തിഹാദ് പാർട്ടിക്കുമെല്ലാം കേന്ദ്ര സർക്കാറിൽനിന്ന് വ്യക്തമായി സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

നേരത്തേ നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയും സ്വതന്ത്രർക്കെതിരെയും ചെറു പാർട്ടികൾക്കെതിരെയും രംഗത്തുവന്നിരുന്നു. കേന്ദ്രഭരണ പ്രദേശത്ത് സർക്കാർ രൂപീകരിക്കാൻ ബിജെപി ഇവരുമായി ധാരണയുണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

‘ബിജെപിക്ക് ബന്ധമില്ലാത്ത ഒരേയൊരു പാർട്ടിയാണ് എഐപി’

അതേമസയം, നാഷനൽ കോൺഫറൻസിന്റെയും പിഡിപിയുടെയും ആരോപണങ്ങളെ അവാമി ഇത്തിഹാദ് പാർട്ടി എതിർത്തു. ബിജെപിയുമായി നേരിട്ടും അല്ലാതെയും ബന്ധമില്ലാത്ത ഒരേയൊരു പാർട്ടി എഐപിയാണെന്ന് പാർട്ടി വക്താവ് ഫിർദൗസ് അഹമ്മദ് ബാബ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം അവർ ഞങ്ങളെ തീവ്ര ഇസ്‍ലാമിക സംഘടനയായിട്ടാണ് മുദ്രകുത്തിയത്. ഇപ്പോൾ ഞങ്ങളെ ബിജെപി ടീമായി മുദ്രകുത്തുന്നു. ഞങ്ങൾ ഇസ്‍ലാമിക് തീവ്രവാദികൾ ആണോ ബിജെപി അനുകൂലരാണോ എന്ന കാര്യത്തിൽ അവർ ആദ്യം വ്യക്തത വരുത്തട്ടെ. നാഷനൽ കോൺഫറൻസിനും പിഡിപിക്കും തങ്ങളെ ബിജെപിയുമായി ബന്ധിപ്പിക്കാൻ ധാർമികമായ യാതൊരു അവകാശവുമില്ല. മുമ്പ് ഈ രണ്ട് പാർട്ടികളും ബിജെപിയുമായി ബന്ധം സ്ഥാപിച്ചവരാണ്. മെഹബൂബ മുഫ്തിക്ക് ഇന്നത്തെ യുവജനതയെ കബളിപ്പിക്കാൻ കഴിയില്ല. അവരാണ് ഇവിടെ ബിജെപിയെ വളർത്തിയത്. കശ്മീരിൽ ജിഎസ്ടി കൊണ്ടുവന്ന് സംസ്ഥാന സ്വയംഭരണാവകാശം ഹനിച്ച സ്ത്രീയാണ് അവർ. അതായിരുന്നു ശവപ്പെട്ടിയിലെ അവസാനത്തെ ആണിയെന്നും ഫിർദൗസ് അഹമ്മദ് ബാബ പറഞ്ഞു.

അവാമി ഇത്തിഹാദ് പാർട്ടി കശ്മീർ മേഖലയിൽ 47ൽ 40-42 സീറ്റിലും ജമ്മുവിൽ 5-8 സീറ്റിലും സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. മറ്റു പ്രമുഖ പാർട്ടികളിൽ സീറ്റ് ലഭിക്കാത്ത പലരും എഐപി​യിൽ ചേർന്നിട്ടുണ്ട്. പാർട്ടിക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മുഖ്യ വക്താവ് ഇനാമുൻ നബി പറഞ്ഞു. വഞ്ചനാപരമായ നിലപാടുകളുടെ പേരിൽ പരമ്പരാഗത പാർട്ടികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തൂ.

പാർട്ടി നേതാവ് എൻജിനീയർ റാഷിദിന്റെ സഹോദരൻ ഖുർഷിദ് അഹമ്മദ് ഷെയ്ഖ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. വടക്കൻ കശ്മീരിലെ ഹന്ദ്വാരയിലെ ലാംഗേറ്റ് മണ്ഡലത്തിൽനിന്നാകും ഇദ്ദേഹം മത്സരിക്കുക. നേരത്തേ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് എൻജിനീയർ റാഷിദായിരുന്നു. ഇദ്ദേഹത്തിന് ചൊവ്വാഴ്ച ഡൽഹി പാട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ​ങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്. എൻജിനീയർ റാഷിദ് കൂടി പ്രചാരണത്തിന് എത്തുന്നത് പാർട്ടിക്ക് കൂടുതൽ കരുത്ത് പകരും.

ഭീകരവാദ പ്രവർത്തനത്തിന് പണം സ്വരൂപിച്ചെന്ന് കാണിച്ച് യുഎപിഎ പ്രകാരം അറസ്റ്റിലായ എൻജിനീയർ റാഷിദ് 2019 മുതൽ ഡൽഹിയിലെ തിഹാർ ജയിലിലാണ്. ബാരാമുല്ല, കുപ്‍വാര, ബന്ദിപുര, ബുഡ്ഗാം ജില്ലകൾ അടങ്ങുന്ന ബാരാമുല്ലയിൽനിന്നാണ് എൻജിനീയർ റാഷിദ് വിജയിച്ചത്. 2.41 ലക്ഷമായിരുന്നു ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം. ലോക്സഭയിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ കോടതി ഇദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

TAGS :

Next Story