തായ്ക്വോണ്ടോ കുടുംബമാണെന്ന് അറിഞ്ഞില്ല; മോഷ്ടാക്കളെ ഇടിച്ചോടിച്ച് അമ്മയും മകളും, വീഡിയോ വൈറൽ
കവർച്ചക്കാരിലൊരാൾ തോക്ക് കൊണ്ട് ഭീഷണിപ്പെടുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം
ഹൈദരാബാദ്: തോക്കും കത്തിയുമായി വീട്ടിൽ മോഷ്ടിക്കാനെത്തിയ യുവാക്കളെ ഇടിച്ചോടിച്ച് അമ്മയും മകളും. തെലങ്കാനയിലെ ഹൈദരാബാദ് ബേംഗപേട്ടയിലെ പൈഗ കോളനിയിലാണ് സംഭവം നടന്നത്. അമ്മയും മകളും കള്ളന്മാരെ ഇടിച്ചോടിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയും ചെയ്തു. തായ്ക്വോണ്ടോയിൽ പ്രാവീണ്യമുള്ള അമിത മഹ്നോത് (46) എന്ന വീട്ടമ്മയാണ് പ്ലസ്ടു വിദ്യാർഥിനിയായ മകളോടൊപ്പം ചേർന്ന് മോഷ്ടാക്കളെ ഇടിച്ചിട്ട് വീട്ടിൽ നിന്നും ഓടിച്ചത്.
പാർസൽ ഡെലിവറി ചെയ്യാനെന്ന് പറഞ്ഞാണ് മോഷ്ടാക്കള്‍ വീട്ടിലേക്ക് എത്തിയത്. ഈ സമയത്ത് അമിതയും മകളും വീട്ടുജോലിക്കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗേറ്റ് തുറന്ന് നൽകിയതോടെ രണ്ടുപേരും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീട്ടുജോലിക്കാരിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആദ്യം പകച്ചുനിന്നെങ്കിലും അമിത ധൈര്യപൂർവം മോഷ്ടാക്കളെ നേരിടുകയായിരുന്നു.
കവർച്ചക്കാരിലൊരാൾ തോക്ക് കൊണ്ട് ഇരുവരെയും ഭീഷണിപ്പെടുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാൽ അമിത ഈ തോക്ക് തട്ടിയെടുക്കുകയും മോഷ്ടാവിനെ മർദിക്കുകയും ചെയ്തു. മോഷ്ടാക്കളിൽ ഒരാൾ ഹെൽമറ്റ് ധരിച്ചാണ് എത്തിയത്. ശബ്ദം കേട്ടെത്തിയ മകളും അതിക്രമികളെ നേരിട്ടു. മര്‍ദനമേറ്റ ഒരാള്‍ ഓടിരക്ഷപ്പെട്ടു. ബഹളം കേട്ട് അയൽവാസികളും വീട്ടിലേക്ക് എത്തി. ഓടിപ്പോകാൻ ശ്രമിച്ച അടുത്തയാളെ പിടികൂടി പൊലീസിൽ ഏപ്പിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓടി രക്ഷപ്പെട്ടയാളെ അറസ്റ്റ് ചെയ്തതായി ഹൈദരാബാദ് നോർത്ത് സോൺ ഡിസിപി രോഹിണി പ്രിയദർശിനി പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശികളായ സുശീൽ കുമാർ, പ്രേംചന്ദ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ അമ്മയെയും മകളെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ഡിസിപി രോഹിണി പ്രിയദർശിനി വീട്ടിലെത്തി അമ്മയെയും മകളെയും ആദരിക്കുകയും ചെയ്തു.
summary: Mother and Daughter Fight off Armed Robbers in Hyderabad Home
Adjust Story Font
16