പതിവായി മദ്യപിച്ചെത്തി മർദനം; മകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ അമ്മ അറസ്റ്റിൽ
മകനെ കൊല്ലാൻ 1.30 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് മാതാവ് നൽകിയത്.
അമരാവതി: മകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ മാതാവ് അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബിക്കവോലുവിലാണ് സംഭവം. സ്ഥിരമായി മദ്യപിച്ചെത്തിയുള്ള മർദനം സഹിക്കവയ്യാതെയായിരുന്നു മാതാവിന്റെ ക്വട്ടേഷൻ. മകനെ കൊല്ലാൻ 1.30 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് മാതാവ് നൽകിയത്. സംഭവത്തിൽ മാതാവിനെ കൂടാതെ മറ്റ് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാകിനാഡ ജില്ലയിലെ കാരപ്പ മണ്ഡൽ സ്വദേശിനിയായ കനക ദുർഗയും ക്വട്ടേഷൻ സംഘവുമാണ് അറസ്റ്റിലായത്. ഡ്രൈവറായി ജോലി ചെയ്യുന്ന മകൻ വീര വെങ്കട ശിവ പ്രസാദ് ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് മാതാവിനൊപ്പമാണ് കഴിയുന്നത്. ഇയാൾ മദ്യപിച്ച് വന്ന് മാതാവിനെ മർദിക്കുന്നത് പതിവായിരുന്നു.
മകന്റെ ദ്രോഹത്തിൽ മനംനൊന്ത് മാതാവ് അയാളെ ഇല്ലാതാക്കാൻ തീരുമാനിക്കുകയും അതിനായി അകന്ന ബന്ധുവായ യേഡുകൊണ്ടാലു എന്നയാൾക്ക് ചുമതല കൈമാറുകയുമായിരുന്നു. ഇയാൾ വീര വെങ്കട സത്യനാരായണ എന്നയാളോട് ഇക്കാര്യം സംസാരിച്ചു. ശിവപ്രസാദിനെ കൊല്ലാൻ അയാൾ 1.50 ലക്ഷം രൂപ ആവശ്യപ്പെട്ടു.
എന്നാൽ 1.30 ലക്ഷം രൂപ നൽകാമെന്ന് കനക ദുർഗ പറയുകയും ഇത് സമ്മതിച്ച സത്യനാരായണ ബോലെം വംശികൃഷ്ണ എന്നയാളെയും കൂട്ടി ശിവ പ്രസാദിനെ കൊല്ലാൻ പദ്ധതിയിടുകയും ചെയ്തു. ബിക്കാവോലുവിന്റെ പുറത്ത് വച്ച് വകവരുത്താനായിരുന്നു ഇവരുടെ പദ്ധതി.
തുടർന്ന് ഇരുവരും ശിവപ്രസാദിനെ ആക്രമിക്കുകയും സത്യനാരായണ ഒരു ഇരുമ്പ് കമ്പി കൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയും ചെയ്തു. ആക്രമണത്തിൽ ശിവപ്രസാദ് മരിച്ചെന്ന് കരുതി ഇവർ പോയി. എന്നാൽ അതുവഴി വന്നൊരു റെയിൽവേ ഗൺമാൻ അടിയേറ്റ് ചോര വാർന്നുകിടക്കുന്ന യുവാവിനെ കാണുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കനക ദുർഗ കുറ്റം സമ്മതിക്കുകയും ഇവരേയും മറ്റു പ്രതികളേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Adjust Story Font
16