Quantcast

അഞ്ചു ദിവസത്തെ യുഎഇ സന്ദർശനം; സ്റ്റാലിൻ തമിഴ്‌നാട്ടിലെത്തിച്ചത് 6100 കോടിയുടെ നിക്ഷേപം

മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ എന്നിവരുമായി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    30 March 2022 7:05 AM GMT

അഞ്ചു ദിവസത്തെ യുഎഇ സന്ദർശനം; സ്റ്റാലിൻ തമിഴ്‌നാട്ടിലെത്തിച്ചത് 6100 കോടിയുടെ നിക്ഷേപം
X

ചെന്നൈ: അഞ്ചു ദിവസത്തെ യുഎഇ സന്ദർശനത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഒപ്പുവച്ചത് 6100 കോടി രൂപയുടെ നിക്ഷേപ കരാറുകളില്‍. ആറ് പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായാണ് സ്റ്റാലിൻ ധാരണാപത്രം ഒപ്പുവച്ചത്. സന്ദർശനം വിജയകരമായിരുന്നുവെന്നും ഇതുവഴി 14,700 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റാലിൻ പറഞ്ഞു.

മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പുമായി 3500 കോടിയുടെ കരാറിലാണ് ഒപ്പുവച്ചത്. 2500 കോടി നിക്ഷേപത്തിൽ രണ്ട് ഷോപ്പിങ് മാളുകളും ആയിരം കോടിയുടെ കയറ്റുമതി അധിഷ്ഠിത ഭക്ഷ്യസംസ്‌കരണ ശാലയും ലുലു സംസ്ഥാനത്ത് സ്ഥാപിക്കും. ചെന്നൈയിലെ ലുലു ഷോപ്പിങ് മാൾ 2024ൽ പ്രവർത്തനമാരംഭിക്കും. കോയമ്പത്തൂരിൽ ഹൈപ്പർ മാർക്കറ്റ് ഈ വർഷം അവസാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എംഎ യൂസഫലിക്കൊപ്പം എംകെ സ്റ്റാലിന്‍


ദുബൈ ആസ്ഥാനമായ നോബിൾ സ്റ്റീൽസുമായി 1,000 കോടിയുടെയും ടെക്‌സ്റ്റൈൽ മേഖലയിലുള്ള വൈറ്റ്ഹൗസ്, മെഡിക്കൽ മേഖലയിലുള്ള ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ, ചരക്കു കൈമാറ്റ കമ്പനിയായ ഷറഫ് ഗ്രൂപ്പ് എന്നിവയുമായി 500 കോടിരൂപ വീതമുള്ള കരാറുകളിലും ഒപ്പുവെച്ചു. ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌വേൾഡ് ഗ്രൂപ്പുമായി 100 കോടിയുടെ ധാരണാപത്രവും ഒപ്പുവച്ചതായി സ്റ്റാലിൻ പറഞ്ഞു.

മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ എന്നിവരുമായി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. തുറമഖം, ഊർജം, ഭക്ഷ്യസംസ്‌കരണം, വ്യവസായ പാർക്കുകൾ തുടങ്ങിയവയിൽ വരുംമാസങ്ങളിൽ കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കുന്നതായി സ്റ്റാലിൻ കൂട്ടിച്ചേർത്തു.

അടുത്ത പത്തു വർഷത്തിൽ ഒരു ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ സ്റ്റാലിൻ പറഞ്ഞു. 2019-20ൽ 265 ബില്യൺ ഡോളറാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച. ഇത് സാധാരണ ജോലിയല്ല. എന്നാൽ ലക്ഷ്യമെത്തിപ്പിടിക്കുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ട്- അദ്ദേഹം പറഞ്ഞു.

TAGS :

Next Story