മധ്യപ്രദേശിൽ പട്ടിക ജാതി -പട്ടിക വർഗ സീറ്റുകളിൽ മേധാവിത്വം ഉറപ്പിക്കാനുള്ള ഓട്ടത്തില്‍ ബി.ജെ.പിയും കോൺഗ്രസും
കഴിഞ്ഞ തവണ പട്ടിക വർഗ സീറ്റുകൾ കൈവിട്ടതാണ് ഭരണം നഷ്ടമാകാൻ പ്രധാന കാരണമായെന്ന് ബി.ജെ.പി വിലയിരുത്തിക്കഴിഞ്ഞു
ബി.ജെ.പി-കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശിൽ പട്ടിക ജാതി -പട്ടിക വർഗ സീറ്റുകളിൽ മേധാവിത്വം ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് ബി.ജെ.പിയും കോൺഗ്രസും. കഴിഞ്ഞ തവണ പട്ടിക വർഗ സീറ്റുകൾ കൈവിട്ടതാണ് ഭരണം നഷ്ടമാകാൻ പ്രധാന കാരണമായെന്ന് ബി.ജെ.പി വിലയിരുത്തിക്കഴിഞ്ഞു . പട്ടിക വർഗക്കാർ തിങ്ങിത്താമസിക്കുന്ന മേഖലയിൽ രാഹുൽ ഗാന്ധിയെ എത്തിച്ച് പ്രത്യേക യോഗം കോൺഗ്രസ് വിളിച്ചു കൂട്ടിയതും ഏറെ ശ്രദ്ധേയമായി.
മറ്റു സംസ്ഥാനങ്ങളെക്കാൾ പട്ടിക വർഗ സാന്നിധ്യത്തിൽ മുന്നിലാണ് മധ്യപ്രദേശിന്‍റെ സ്ഥാനം . പട്ടിക ജാതി സീറ്റുകൾ 35 ആണെങ്കിൽ പട്ടിക വർഗ സീറ്റുകളുടെ എണ്ണം 47 ആണ് . കഴിഞ്ഞ തവണ പട്ടിക ജാതി സീറ്റുകളിൽ കോൺഗ്രസിനു 17 സീറ്റ്, ബി.ജെ.പിക്ക് 18 എന്നിങ്ങനെയായിരുന്നു എം എൽ എ മാരുടെ എണ്ണം. പട്ടിക വർഗ സീറ്റുകളിൽ കോൺഗ്രസ് 30 എണ്ണം കൈപ്പിടിയിൽ ഒതുക്കിയപ്പോൾ ബി.ജെ.പിക്കു ലഭിച്ചത് 16 സീറ്റുകൾ മാത്രമായിരുന്നു. രണ്ട് പാർട്ടികളും തമ്മിലെ വോട്ടിങ് ശതമാനം നാലിലധികം ആയിരുന്നു. 2011 ലെ സെൻസസ് അനുസരിച്ചു മധ്യപ്രദേശിൽ പട്ടിക ജാതിക്കാർ ജനസംഖ്യയുടെ 16 ശതമാനം ആണെങ്കിൽ പട്ടിക വർഗ വിഭാഗം 21 ശതമാനം ആണ്. 2013ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പട്ടിക വർഗ സീറ്റുകളിൽ 15 എണ്ണം മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്.
ബി.ജെ.പിയാകട്ടെ 31 സീറ്റ് സ്വന്തമാക്കുകയും ചെയ്തു. ഈ അവസ്ഥയിൽ നിന്നാണ് അഞ്ച് വർഷം കഴിഞ്ഞപ്പോൾ ബി.ജെ.പി മുതല്‍ കൂപ്പ് കുത്തിയത്. പട്ടിക ജാതി വിഭാഗത്തിലെ സീറ്റുകൾ നിലനിർത്തുന്നതിന് ഒപ്പം പട്ടിക വർഗത്തില്‍ നഷ്ടമായ വിശ്വാസം നേടിയെടുക്കുക എന്ന ലക്‌ഷ്യം കൂടി ബിജെപിക്കുണ്ട്. ദലിത് വിഭാഗത്തിലെ സാമൂഹ്യ പരിഷ്കർത്താവ് ആയിരുന്ന സന്ത് രവിദാസിന്‍റെ പേരിൽ യാത്രയും നൂറ് കോടി രൂപ മുടക്കിയുളള ക്ഷേത്രവും ഒക്കെ ബി.ജെ.പി പ്രഖ്യാപിച്ചു. എന്നാൽ ആദിവാസി എന്ന് വിളിക്കാതെ വനവാസി എന്നാണ് ബി.ജെ.പി പട്ടിക വർഗ ക്കാരെ വിളിക്കുന്നതെന്നും രാഹുൽ ഗാന്ധി പ്രത്യേക സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വനമേഖലയിൽ തന്നെ തളച്ചിടാനാണ് സർക്കാരിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു .ഇതിനു ശേഷം വനവാസി എന്ന പ്രയോഗം തന്നെ ബി.ജെ.പി ഒഴിവാക്കി.
Adjust Story Font
16