Quantcast

ജയിലിലുള്ള എം.പി എൻജിനീയർ റാഷിദിന്റെ സഹോദരനും രാഷ്ട്രീയത്തിലേക്ക്; ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും

സർക്കാർ അധ്യാപക ജോലി രാജിവെച്ചാണ് മത്സരിക്കുക

MediaOne Logo

Web Desk

  • Published:

    18 Aug 2024 7:35 AM GMT

Jailed Engineer Rashid
X

ഖുർഷിദ് അഹമ്മദ് ഷെയ്ഖ്, എൻജിനീയർ റാഷിദ്

ന്യൂഡൽഹി: ​ജയിലിലായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ജമ്മു കശ്മീരിലെ എം.പി എൻജിനീയർ റാഷിദിന്റെ സഹോദരൻ ഖുർഷിദ് അഹമ്മദ് ഷെയ്ഖ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. വടക്കൻ കശ്മീരിലെ ഹന്ദ്വാരയിലെ ലാംഗേറ്റ് മണ്ഡലത്തിൽനിന്നാകും ഇദ്ദേഹം മത്സരിക്കുക. നേരത്തേ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് എൻജിനീയർ റാഷിദായിരുന്നു.

അവാമി ഇത്തിഹാദ് പാർട്ടിയുടെ ആക്ടിങ് പ്രസിഡന്റായ ഖുർഷിദ് അഹമ്മദ് ഷെയ്ഖ് തന്റെ സഹോദരന്റെ ദൗത്യം പൂർത്തിയാക്കാനായി രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. നിലവിൽ ഇദ്ദേഹം സർക്കാർ സ്കൂൾ അധ്യാപകനാണ്. ജോലിയിൽനിന്ന് സ്വമേധയാ വിരമിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്.

മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻ വൈസ് പ്രസിഡന്റുമായ ഉമർ അബ്ദുല്ല, പീപ്പിൾസ് കോൺഫറൻസ് സ്ഥാനാർഥി സജാദ് ലോൺ എന്നിവരെ പരാജയപ്പെടുത്തിയാണ് ബാരാമുല്ല മണ്ഡലത്തിൽനിന്ന് എൻജിനീയർ റാഷിദ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജമ്മു കശ്മീരിൽ വർഷങ്ങൾക്കുശേഷം തെരഞ്ഞെടുപ്പ് ​പ്രഖ്യാപിച്ചതോടെ നിരവധി രാഷ്ട്രീയ നേതാക്കാൾ പാർട്ടിയുടെ ഭാഗമാകുമെന്ന് എ.ഐ.പി പറയുന്നുണ്ട്. ഇത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്.

ഭീകരവാദ പ്രവർത്തനത്തിന് പണം സ്വരൂപിച്ചെന്ന് കാണിച്ച് യു.എ.പി.എ പ്രകാരം അറസ്റ്റിലായ എൻജിനീയർ റാഷിദ് 2019 മുതൽ ഡൽഹിയിലെ തിഹാർ ജയിലിലാണ്. ബാരാമുല്ല, കുപ്‍വാര, ബന്ദിപുര, ബുഡ്ഗാം ജില്ലകൾ അടങ്ങുന്ന ബാരാമുല്ലയിൽനിന്നാണ് എൻജിനീയർ റാഷിദ് വിജയിച്ചത്. 2.41 ലക്ഷമായിരുന്നു ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം. ലോക്സഭയിൽ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാൻ കോടതി ഇദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

TAGS :

Next Story