നവരാത്രി ആഘോഷം; വ്യാപാരികൾ കടയ്ക്ക് മുന്നിൽ പേര് പ്രദർശിപ്പിക്കണമെന്ന് ബിജെപി കോർപറേഷൻ
കടകൾക്കു മുന്നിൽ ഉടമകൾ പേര് പ്രദർശിപ്പിക്കേണ്ടതില്ലെന്ന സുപ്രിംകോടതിയുടെ ജൂലൈയിലെ ഉത്തരവ് ലംഘിച്ചാണ് പ്രമേയം.
ഭോപ്പാൽ: നവരാത്രി ആഘോഷത്തിന് മുന്നോടിയായി വിവാദ ഉത്തരവുമായി മധ്യപ്രദേശിലെ ബിജെപി ഭരണത്തിലുള്ള മുനിസിപ്പൽ കോർപറേഷൻ. ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന 10 ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി എല്ലാ വ്യാപാരികളും അവരുടെ പേര് കടകൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നാണ് രത്‌ലം മുനിസിപ്പൽ കോർപറേഷൻ പ്രമേയം പാസാക്കിയത്.
ബിജെപി മേയർ പ്രഹ്ലാദ് പട്ടേലിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23ന് ചേർന്ന ഉപദേശക സമിതി യോഗത്തിലാണ് മുനിസിപ്പൽ കോർപ്പറേഷൻ പ്രമേയം പാസാക്കിയത്. '10 ദിവസത്തെ നവരാത്രി ആഘോഷം കണക്കിലെടുത്ത്, ഓരോ കടയുടമയും തങ്ങളുടെ കടകൾക്ക് മുന്നിൽ അവരുടെ പേര് പ്രദർശിപ്പിക്കണം'- പ്രമേയത്തിൽ പറയുന്നു.
മുനിസിപ്പൽ കോർപറേഷന്റെ പ്രമേയത്തിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്. നേരത്തെ, യുപി സർക്കാരിന്റെ വിവാദ ഉത്തരവിന്റ പശ്ചാത്തലത്തിൽ, കടകൾക്കു മുന്നിൽ ഉടമകൾ പേര് പ്രദർശിപ്പിക്കേണ്ടതില്ലെന്ന സുപ്രിംകോടതിയുടെ ജൂലൈയിലെ ഉത്തരവ് ലംഘിച്ചാണ് ബിജെപി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷന്റെ പ്രമേയം.
ഈ വർഷത്തെ കാവഡ് യാത്രയുമായി ബന്ധപ്പെട്ടായിരുന്നു യു.പിയിലെ പഴം, പച്ചക്കറി കടകൾ, റസ്റ്റോറൻ്റുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് മുന്നിൽ ഉടമകൾ തങ്ങളുടെ പേരുകൾ പ്രദർശിപ്പിക്കാനുള്ള വിവാദ ഉത്തരവ് ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയത്. ശ്രാവണമാസത്തിലെ കാവഡ് തീർഥയാത്ര കടന്നുപോവുന്ന വഴികളിലുള്ള ഭക്ഷണശാലകളിൽ കടയുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ നേരിട്ട് നിർദേശിക്കുകയായിരുന്നു. തീർഥാടകരുടെ പവിത്രത സംരക്ഷിക്കാനാണ് നടപടിയെന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം.
ഈ ഉത്തരവിനു മുമ്പ്, മുസാഫർനഗർ പൊലീസ് ഈ നിർദേശം മുന്നോട്ടുവച്ചിരുന്നെങ്കിലും പിന്നീട് വിമർശനങ്ങൾ ഉയർന്നതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പിന്നീട് മുഖ്യമന്ത്രിതന്നെ നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു പേരുകളിൽ മുസ്‌ലിംകൾ ഹോട്ടലുകൾ ആരംഭിച്ച് തീർഥാടകർക്ക് മാംസാഹാരം വിളമ്പുന്നുവെന്ന് യു.പി മന്ത്രി കപിൽ ദേവ് അഗർവാൾ നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു വിവാദ ഉത്തരവ്.
തുടർന്ന്, ഈ ഉത്തരവിനെ ചോദ്യം അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് എന്ന എൻജിഒ സമർപ്പിച്ച ഹരജി പരിഗണിച്ചായിരുന്നു കടയുടമകൾ തങ്ങളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയത്. ഉത്തർപ്രദേശ്‍ സർക്കാരിന്റെ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
ഉടമകൾ അവരുടെ ഭക്ഷണശാലകളിൽ വിളമ്പുന്ന ഭക്ഷണത്തിൻ്റെ പേരുകൾ മാത്രമേ പ്രദർശിപ്പിക്കാവൂ എന്നും സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. തുടർന്ന് 'നേംപ്ലേറ്റ് ഉത്തരവ്' പുറപ്പെടുവിച്ച ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
Adjust Story Font
16