Quantcast

'വ്യാജന്മാരുടെ സംഘടനയ്ക്ക് മറ്റുളവർ ചെയ്യുന്നതൊക്കെ വ്യാജമാണെന്ന് തോന്നും'; എസ്എഫ്ഐയ്ക്കും ദേശാഭിമാനിക്കും എംഎസ്എഫിന്റെ വക്കീൽ നോട്ടീസ്, മറുപടി

'ഇനി ഈ വക്കീൽ നോട്ടീസ് ഞങ്ങൾക്ക് വാറോലയാണ്, പുല്ലാണ് എന്നൊക്കെ മോങ്ങുന്നതിന്റെ മുൻപ് ഇന്നലെ പറഞ്ഞ വ്യാജരേഖ ഒന്ന് പുറത്തേക്ക് ഇട്ടേക്കണം'- പി.കെ നവാസ് കുറിച്ചു.

MediaOne Logo

Web Desk

  • Updated:

    11 Sep 2023 11:24 AM

Published:

11 Sep 2023 11:22 AM

msf sent legal notice to sfi over forgery allegation in calicut university
X

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റില്‍ നിന്നും എംഎസ്എഫ് നേതാവ് അമീന്‍ റാഷിദ് അയോഗ്യനാക്കപ്പെട്ട സംഭവത്തിൽ ഉയർന്ന വ്യാജരേഖാ ആരോപണത്തിൽ എസ്എഫ്ഐയ്ക്കും ദേശാഭിമാനിക്കും വക്കീൽ നോട്ടീസ്. എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയാണ് വക്കീൽ നോട്ടീസ് അയച്ചത്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് മറുപടി എന്ന നിലയിൽ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ എംഎസ്എഫ് സെനറ്റ് അംഗം വ്യജ രേഖ ഉണ്ടാക്കിയെന്ന വ്യാജ വാർത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ചതിനുള്ള പാരിതോഷികമാണ് ഈ വക്കീൽ നോട്ടീസെന്ന് കുറിപ്പിൽ പറയുന്നു. സൈബർ സഖാക്കൾക്ക് ഒരു ദിവസത്തെ മൃഷ്ടാന ഭോജനത്തിന് മാത്രമായി "വ്യാജ രേഖ" വാർത്ത ഒതുങ്ങി.

എന്തായാലും എഴുതാത്ത പരീക്ഷ ജയിക്കാൻ വ്യാജ മാർക്ക്ലിസ്റ്റും ഡിഗ്രി ജയിക്കാതെ പി.ജിക്ക് പഠിക്കാൻ വ്യാജ സർട്ടിഫിക്കറ്റും വാഴക്കുല പിഎച്ച്ഡിയും യൂണിവേഴ്സിറ്റി ഉത്തര കടലാസ് വ്യാജമായി പ്രിന്റ് ചെയ്ത് സ്റ്റോക്ക് ചെയ്യുന്നതും ആൾമാറാട്ടം നടത്തി യുയുസി ആവുന്നതും പിഎസ്‌സി ലിസ്റ്റിൽ വ്യാജമായി ഇടം കണ്ടെത്തുന്നമടക്കം അടിമുടി വ്യാജന്മാരുടെ സംഘടനയായ എസ്എഫ്ഐ മറ്റുളവർ ചെയ്യുന്നതൊക്കെ വ്യാജമാണെന്ന് തോന്നുന്നതിൽ തെറ്റ് പറയാനാവില്ല- പി.കെ നവാസ് കുറിച്ചു.

ഇനി ഈ വക്കീൽ നോട്ടീസ് ഞങ്ങൾക്ക് വാറോലയാണ്, പുല്ലാണ് എന്നൊക്കെ മോങ്ങുന്നതിന്റെ മുൻപ് ഇന്നലെ പറഞ്ഞ വ്യാജരേഖ ഒന്ന് പുറത്തേക്ക് ഇട്ടേക്കണം. പിന്നെ ഒന്നുറപ്പിച്ച് പറഞ്ഞേക്കാം, ജയിപ്പിക്കാനറിയാമെങ്കിൽ എംഎസ്എഫ് പ്രധിനിധികളെ സെനറ്റ് യോഗത്തിൽ ഇരുത്താനും ഞങ്ങൾക്കറിയാം. അത് തടുക്കാൻ എസ്എഫ്ഐ ഒന്നൂടെ മൂക്കണം, വ്യാജനായും ഒറിജിനലായും. സകല അധികാരവും വച്ച് എസ്എഫ്ഐ ഒന്ന് നോക്ക്. നമുക്ക് കാണാം- പി.കെ നവാസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് എംഎസ്എഫിനെതിരെ ആരോപണവുമായി എസ്എഫ്ഐ നേതാക്കൾ രം​ഗത്തെത്തിയത്. 'കാലിക്കറ്റ് സര്‍വകലാശാല സെനറ്റില്‍ നിന്നും അയോഗ്യനാക്കപ്പെട്ട എംഎസ്എഫ് നേതാവ് അമീന്‍ റാഷിദിന്റെ വ്യാജരേഖ നിര്‍മാണത്തിൽ വിശദമായ അന്വേഷണം നടത്തണം'- എന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പി.എം ആര്‍ഷോയും ആവശ്യപ്പെട്ടത്. സെനറ്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ വ്യാജ അറ്റന്‍ഡന്‍സ് രേഖ വിഷയം ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ അമീന്‍ റാഷിദിനെ സംരക്ഷിക്കുന്ന നിലപാടാണ് എംഎസ്എഫ് നേതാക്കള്‍ മുതല്‍ പ്രതിപക്ഷ നേതാവ് വരെയുള്ളവര്‍ സ്വീകരിച്ചതെന്നും എസ്എഫ്‌ഐ നേതാക്കൾ ആരോപിച്ചിരുന്നു. അമീന്‍ റാഷിദ് സ്വന്തം താത്പര്യപ്രകാരം ഉണ്ടാക്കിയതല്ല വ്യാജരേഖയെന്നും യുഡിഎഫ് നേതാക്കള്‍ക്ക് കൃത്യമായ പങ്കുണ്ടെന്നും ഇരുവരും ആരോപിച്ചിരുന്നു. സംഭവത്തില്‍ എംഎസ്എഫ് നേതാക്കളുടെയും കോളജ് അധികൃതരുടേയും പങ്ക് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും എസ്എഫ്‌ഐ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.



TAGS :

Next Story