താജ് മഹലിലെ ഷാജഹാൻ ഉറൂസ് നാളെ മുതൽ; വിലക്കില്ലെന്ന് എ.എസ്.ഐ
താജ്മഹലിനുള്ളിൽ ഉറൂസ് നടത്തുന്ന പാരമ്പര്യം, നിർമാണ കാലഘട്ടത്തോളം പഴക്കമുള്ളതാണെന്ന് ഉറൂസ് സംഘാടക സമിതി ചെയർമാൻ
ആഗ്ര: താജ്മഹലിൽ മുഗൾ ചക്രവർത്തി ഷാജഹാന്റെ 369ാം ഉറൂസ് നാളെ മുതൽ. ഫെബ്രുവരി ആറു മുതൽ എട്ട് വരെയാണ് ഉറൂസ് നടക്കുക. ഷാജഹാന്റെ ചരമദിനത്തിൽ നടത്തപ്പെടുന്ന ഉറൂസ് താജ്മഹലിൽ വർഷം തോറും മൂന്ന് ദിവസങ്ങളിലായാണ് നടക്കാറുള്ളത്. ഈ ചടങ്ങ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ കോടതിയെ സമീപിച്ചതോടെയാണ് ഈ വർഷത്തെ ഉറൂസ് വാർത്തകളിൽ നിറഞ്ഞത്.
ഉറൂസ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭയുടെ ജില്ലാ പ്രസിഡന്റ് സൗരഭ് ശർമയാണ് ആഗ്ര കോടതിയിൽ വെള്ളിയാഴ്ച ഹരജി നൽകിയത്. എന്നാൽ മാർച്ച് നാലിനാണ് ഹരജി കോടതി പരിഗണിക്കുക. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യുടെ കീഴിലുള്ള സ്മാരകങ്ങളിൽ മതചടങ്ങുകൾ അനുവദിക്കരുതെന്നും താജ്മഹലിനകത്ത് നടക്കുന്ന ഉറൂസ് നിയമവിരുദ്ധമാണെന്നും ഹരജിക്കാരനായ സൗരഭ് ശർമ ദി പ്രിൻറിനോട് പറഞ്ഞു.
ഉറൂസ് സംഘാടക സമിതിക്ക് മുൻകൂർ അനുമതി നൽകിയിട്ടില്ലെന്ന് എഎസ്‌ഐ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സ്മാരകത്തിനുള്ളിൽ ഏതെങ്കിലും മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ നിന്ന് കമ്മിറ്റിയെ തടയണമെന്നും ശർമ പറഞ്ഞു.
വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി മസ്ജിദ് കോംപ്ലക്സ്, ഉത്തർപ്രദേശിലെ മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാ പരിസരം എന്നിവിടങ്ങളിൽ നടത്തിയ സർവേയുടെ മാതൃകയിൽ താജ്മഹൽ പരിസരവും അളന്ന് തിട്ടപ്പെടുത്താൻ കോടതിയിൽ ഹർജി നൽകാനും സംഘടന ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ആഗ്രയിലെ എഎസ്‌ഐ ഓഫീസിൽ ഉടൻ പ്രതിഷേധം നടത്തുമെന്നും ശർമ പറഞ്ഞു.
അതേസമയം, എഎസ്‌ഐ അനുമതി നൽകേണ്ടതില്ലെന്നും നിയമങ്ങളൊന്നും ലംഘിക്കാത്തിടത്തോളം എല്ലാ വർഷവും ചടങ്ങ് അനുവദിക്കപ്പെടുമെന്നും ഉറൂസ് സംഘാടക സമിതി ചെയർമാൻ സയ്യിദ് ഇബ്രാഹിം സെയ്ദി ദി പ്രിൻറിനോട് പറഞ്ഞു. കുറച്ച് ദിവസം മുമ്പ്, ഉറൂസിന്റെ ഒരുക്കം വിലയിരുത്താൻ എഎസ്‌ഐ ഓഫീസിൽ യോഗം നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1958ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും അവശിഷ്ടങ്ങളും നിയമപ്രകാരം, ഉറൂസിന് അനുമതി ആവശ്യമില്ലെന്ന് എഎസ്‌ഐ സൂപ്രണ്ട് രാജ് കുമാർ പട്ടേലും പറഞ്ഞു. 'താജ്മഹൽ ജീവനക്കാരെയും അവിടെ നിലയുറപ്പിച്ചിരിക്കുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെയും മാത്രമേ ഞങ്ങൾ ഉറൂസ് നടത്തുന്നത് അറിയിക്കൂ. രണ്ടാമത്തെ കാര്യം, സുപ്രിംകോടതിയുടെ അഭിപ്രായത്തിൽ, ഉറൂസ്, ഈദ്, വെള്ളിയാഴ്ച നമസ്‌കാരം തുടങ്ങിയ പരമ്പരാഗത പ്രവർത്തനങ്ങൾ താജ്മഹലിൽ എല്ലായ്‌പ്പോഴും തുടരണം'അദ്ദേഹം കൂട്ടിച്ചേർത്തു.
ഉറൂസിന്റെ ചരിത്രം സെയ്ദി വിശദമാക്കി. താജ്മഹലിനുള്ളിൽ ഉറൂസ് നടത്തുന്ന പാരമ്പര്യം, ഷാജഹാൻ തന്റെ ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി ശവകുടീരം പണിയാൻ ഉത്തരവിട്ട നിർമാണ കാലഘട്ടത്തോളം (1631 നും 1648 നും ഇടയിൽ) പഴക്കമുള്ളതാണെന്ന് സെയ്ദി ചൂണ്ടിക്കാട്ടി.
'392 വർഷം മുമ്പ് 1632 ജൂൺ 22 നാണ് മുംതാസ് മഹലിന്റെ ആദ്യ ഉറൂസ് ആഘോഷിച്ചത്. 1633 മെയ് 26 ന് താജ്മഹലിനുള്ളിൽ ശവകുടീരത്തിന്റെ നിർമാണ സ്ഥലത്ത് കൂടാരങ്ങൾ സ്ഥാപിച്ച് രണ്ടാമത്തെ ഉറൂസ് ആഘോഷിച്ചു. ഷാജഹാൻ 12 വർഷം തുടർച്ചയായി മുംതാസ് മഹലിന്റെ ഓരോ ഉറൂസിനും പാവപ്പെട്ടവർക്ക് ഒരു ലക്ഷം രൂപ വീതം വിതരണം ചെയ്തു' ചരിത്ര രേഖകൾ ഉദ്ധരിച്ച് സെയ്ദി വിശദീകരിച്ചു.
ഹിന്ദു മഹാസഭയുടെ വാദങ്ങളെ തള്ളിക്കൊണ്ട് ആഗ്ര ടൂറിസ്റ്റ് വെൽഫെയർ ചേംബർ പ്രസിഡന്റ് പ്രഹ്ലാദ് അഗർവാളും രംഗത്ത് വന്നു. ഷാജഹാന്റെ ഉറൂസ് നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യമാണെന്നും എഎസ്‌ഐ അനുമതി നൽകിയതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
'ഉറൂസ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ലെന്ന മഹാസഭയുടെ അവകാശവാദം അടിസ്ഥാനരഹിതവും നഗരത്തിലെ ടൂറിസം വ്യവസായത്തെ ദോഷകരമായി ബാധിക്കുന്ന അനാവശ്യ വിവാദം സൃഷ്ടിക്കാൻ മാത്രമുള്ളതാണ്' അദ്ദേഹം ദി പ്രിൻറിനോട് പറഞ്ഞു.
താജ് മഹൽ ഉറൂസിന്റെ ചരിത്രം
ഓസ്ട്രിയൻ ചരിത്രകാരനായ എബ്ബാ കോച്ച് തന്റെ 'ദി കംപ്ലീറ്റ് താജ് മഹൽ' എന്ന പുസ്തകത്തിൽ ഇറാനിയൻ ചരിത്രകാരനായ ജലാലുദ്ദീനെ ഉദ്ധരിച്ച് ഉറൂസിന്റെ വിശദാംശങ്ങൾ നൽകിയതായി സെയ്ദി പറയുന്നത്. ബുർഹാൻപൂരിൽ വെച്ച് പ്രസവസമയത്ത് മരിച്ച മുംതാസ് മഹലിന്റെ മൃതദേഹം ആദ്യ ഉറൂസ് നടന്ന 1632 ജനുവരിയിൽ ആഗ്രയിലേക്ക് കൊണ്ടുവന്നതാണെന്നും പറഞ്ഞു.
ആദ്യ ഉറൂസിൽ ഷാജഹാൻ, മുംതാസിന്റെ പിതാവ് ആസഫ് ഖാൻ, മുഗൾ കോടതിയിലെ ഇറാൻ അംബാസഡർ മുഹമ്മദ് അലി ബേഗ് എന്നിവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തിരുന്നു. ഷാജഹാൻ മുംതാസിന് വേണ്ടി ഫാത്തിഹ പാരായണം ചെയ്യുകയും ചെയ്തു. പാവപ്പെട്ടവർക്കായി 50,000 രൂപയും അദ്ദേഹം വിതരണം ചെയ്തു. ഉറൂസിൽ പങ്കെടുത്ത രാജകുടുംബത്തിലെ സ്ത്രീകളും പാവപ്പെട്ട സ്ത്രീകൾക്ക് 50,000 രൂപ വിതരണം ചെയ്തുവെന്ന് പുസ്തകം ഉദ്ധരിച്ച് സെയ്ദി പറഞ്ഞു.
1633 മെയ് 26ന് മുംതാസിന്റെ രണ്ടാം ഉറൂസ് ആഘോഷിച്ചു. അപ്പോഴേക്കും യമുനാ നദിയുടെ തീരത്തുള്ള ശവകുടീരത്തിന്റെ താഴത്തെ നില തയ്യാറായിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പേർ ഇതിൽ പങ്കെടുത്തു. വൈകുന്നേരം ഷാജഹാനും രാജകുടുംബാംഗങ്ങളും ആഗ്ര കോട്ടയിൽ നിന്ന് ബോട്ടിൽ യമുനയുടെ തീരത്തെത്തി. താത്കാലിക പടവുകൾ കയറി ഫാത്തിഹ ഓതിയ ശേഷം പാവപ്പെട്ടവർക്ക് വസ്ത്രങ്ങളും ഒരു ലക്ഷം രൂപയും നൽകി. തുടർന്ന് രാജകുടുംബത്തിലെ സ്വർണപ്പണിക്കാരൻ ആറ് ലക്ഷം രൂപയ്ക്ക് ഒരു സ്വർണ്ണ നിർമിതി ഉണ്ടാക്കി, അത് കല്ലറയ്ക്ക് ചുറ്റും സ്ഥാപിച്ചു. 1643-ൽ, സ്വർണ്ണ നിർമിതിക്ക് പകരം നിലവിലുള്ള മാർബിൾ നിർമിതി സ്ഥാപിച്ചു-എബ്ബാ കോച്ചിന്റെ പുസ്തകത്തിൽ പറഞ്ഞു.
1645 ജനുവരി 15 വരെ ഷാജഹാൻ താജ്മഹലിൽ നടന്ന മുംതാസിന്റെ ഉറൂസിൽ പങ്കെടുത്തു. 1654-ലാണ് അദ്ദേഹം അവസാനമായി താജ്മഹൽ സന്ദർശിച്ചത്. 1658-ൽ ജയിലിൽ കിടന്നതിന് ശേഷം അദ്ദേഹം ഉറൂസികളിലേക്കോ താജ്മഹലിലേക്കോ പോയതായി ഒരു രേഖയുമില്ല- സെയ്ദി പറഞ്ഞു.
1666-ൽ ചക്രവർത്തിയുടെ മരണശേഷം, ഈ ദിനം അടയാളപ്പെടുത്താൻ ഉറൂസ് നടത്താൻ തുടങ്ങി, അത് ഇന്നും തുടരുന്നു. താജ്മഹലിന്റെ നിലവറയിലെ ഷാജഹാന്റെയും മുംതാസിന്റെയും യഥാർത്ഥ ശവകുടീരങ്ങൾ മൂന്ന് ദിവസത്തെ ഉറൂസിൽ മാത്രമേ കാണാൻ കഴിയൂ.
പ്രധാന ഖബറിടം ചൊവ്വാഴ്ച തുറക്കുമെന്ന് ചടങ്ങിലെ വഴിപാടുകളുടെ ചുമതലയുള്ള ഖുദ്ദാം-ഇ-റോസ കമ്മിറ്റി പ്രസിഡന്റ് ഹാജി താഹിറുദ്ദീൻ താഹിർ പറഞ്ഞു. പ്രാർത്ഥനകളും മുഷായിറയും (കവികളുടെ സിമ്പോസിയം) അന്ന് നടക്കും. ബുധനാഴ്ച സാൻഡൽ പൗഡർ ചടങ്ങും ഖവ്വാലിയും നടക്കും. സാമുദായിക സൗഹാർദ്ദത്തിന്റെ പ്രതീകമായ, 1560 മീറ്റർ വർണ്ണാഭമായ ചാദർ അർപ്പിക്കുന്ന 'ചദർപോഷി' ചടങ്ങ് വ്യാഴാഴ്ച അരങ്ങേറും. (MediaOne)
(വിവരങ്ങൾക്ക് കടപ്പാട് ദി പ്രിൻറ്)
Mughal emperor Shah Jahan's 369th Urs at Taj Mahal from tomorrow | Mumthas mahal
Adjust Story Font
16