മുഖ്താർ അൻസാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ജയിലിൽ വിഷം നൽകി കൊന്നതാണെന്ന് ബന്ധുക്കൾ
കിഴക്കൻ ഉത്തർപ്രദേശിൽ വൻ സ്വാധീനമുള്ള നേതാവായിരുന്നു മുഖ്താർ അൻസാരി
ലഖ്നൗ: ഉത്തർ പ്രദേശിലെ രാഷ്ട്രീയ നേതാവും മുൻ എം.എൽ.എയുമായ മുഖ്താർ അൻസാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അതേസമയം, ജയിലിൽവെച്ച് വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. അഞ്ച് ഡോക്ടർമാർ അടങ്ങിയ സംഘമാണ് മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടം നടത്തിയത്. ഹൃദയത്തിൽ മഞ്ഞ അടയാളം കണ്ടതായും ഇത് രക്തം കട്ടപിടിച്ചതിന്റെ ലക്ഷണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജയിൽ രേഖകൾ പ്രകാരം പറയുന്നത് ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റു അസുഖങ്ങളുമുണ്ടെന്നാണ്. കൂടാതെ വിഷാദരോഗം, ത്വക്ക് അലർജി, പ്രമേഹം എന്നിവ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
കടുത്ത വയറുവേദനയും ഛർദിയുമായി മാർച്ച് 26നാണ് ഇദ്ദേഹത്തെ ബാന്ദയിലെ റാണി ദുർഗാവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ വ്യാഴാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജയിൽ അധികൃതരുടെ ഒത്താശയോടെ കുറഞ്ഞ അളവിൽ ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതാണ് മരണകാരണമെന്ന് മുഖ്താർ അൻസാരിയുടെ മകൻ ഉമർ അൻസാരി ആരോപിച്ചു. ജയിലിൽവെച്ച് വിഷം നൽകിയതായി കാണിച്ച് 21ന് അൻസാരിയുടെ അഭിഭാഷകൻ ബരാബങ്കി കോടതിയിൽ പരാതി നൽകിയിരുന്നു.
തന്റെ സഹോദരനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഫ്സൽ അൻസാരിയും ആരോപിക്കുന്നു. വിഷം നൽകി കൊന്നതിന്റെ തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടും. ചില ക്രിമിനലുകളെ സംരക്ഷിക്കാനായി സർക്കാറും അതിന്റെ സംവിധാനങ്ങളും വലിയ ഗൂഢാലോചനയാണ് നടത്തുന്നത്. അവർക്ക് യാതൊരു ലജ്ജയില്ലെന്നും അഫ്സൽ അൻസാരി പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഖബറടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ശനിയാഴ്ച സ്വദേശമായ ഗാസിപൂരിൽ നടന്നു. ആയിരങ്ങളാണ് തങ്കളുടെ പ്രിയനേതാവിനെ യാത്രയാക്കാൻ ഒത്തുചേർന്നത്.
കിഴക്കൻ ഉത്തർപ്രദേശിൽ വൻ സ്വാധീനമുള്ള നേതാവായിരുന്നു മുഖ്താർ അൻസാരി. 2007ൽ സഹോദരൻ അഫ്സലിനൊപ്പം ബി.എസ്.പിയിൽ ചേർന്നു. 2009ൽ വാരാണസിയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും മുരളി മനോഹർ ജോഷിയോട് പരാജയപ്പെട്ടു. 2010ൽ ബി.എസ്.പിയിൽനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം സഹോരനൊപ്പം ഖ്വാമി ഏകത ദൾ എന്ന പാർട്ടി രൂപവത്കരിച്ചു. 2017 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.എസ്.പിയിൽ തിരിച്ചെത്തിയ മുഖ്താർ അൻസാരി മൗ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
മൗ നിയമസഭ മണ്ഡലത്തിൽനിന്ന് രണ്ടുതവണ ബി.എസ്.പി ടിക്കറ്റിലടക്കം അഞ്ചു തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിനെതിരെ കൊലപാതകമടക്കം 60ഓളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2005 മുതൽ വിവിധ കേസുകളിൽ തടവുശിക്ഷ അനുഭവിച്ചു. 2021 ഏപ്രിൽ മുതൽ ബാന്ദ ജയിലിലാണ്. എട്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് യു.പി കോടതി കണ്ടെത്തിയതിനെതുടർന്ന് 2022 സെപ്റ്റംബറിൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
മുഖ്താർ അൻസാരിയുടെ മരണത്തിൽ സുപ്രിംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ദുരൂഹമായ സാഹചര്യത്തിൽ തടവുകാർ മരിക്കുന്നത് ജുഡീഷ്യൽ നടപടികളിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16