മുലായം സിങ് യാദവ് അന്തരിച്ചു
ഗുഡ്ഗാവിലെ മേദാന്താ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഗുരുഗ്രാം: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഡൽഹിക്ക് അടുത്ത ഗുഡ്ഗാവിലെ മേദാന്താ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
മകനും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണം വിവരം അറിയിച്ചത്. ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ ഐ.സി.യുവിൽ നിന്നും സി.സി.യുവിലേക്കു മാറ്റിയിരുന്നത്. വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് പുറമേ ഉയർന്ന രക്തസമ്മർദവും ഓക്സിജൻ അളവിലെ കുറവുമാണ് മുലായത്തിന്റെ സ്ഥിതി ഗുരുതരമാക്കിയത്.
വൃക്കയിലെ അണുബാധയ്ക്ക് ഓഗസ്റ്റ് മുതൽ അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂലൈയിലും മേദാന്തയിൽ മുലായത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.
മൂന്നു തവണ യു.പി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. നിലവിൽ മെയ്ൻപുരിയിൽ നിന്നുള്ള ലോക്സഭാംഗമാണ്. അസംഗഢിൽ നിന്നും സംഭാലിൽ നിന്നും പാർലമെന്റിനെ പ്രതിനിധീകരിച്ചിട്ടുള്ള മുലായം 1996ൽ ദേവഗൗഡ, ഗുജ്റാൾ സർക്കാരുകളിലാണ് കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്നത്. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവിൽക്കിടന്നു.
1939 നവംബർ 22ന് ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ സയ്ഫായ് ഗ്രാമത്തിൽ സുഖാർ സിങിന്റെയും മൂർത്തിദേവിയുടെയും മകനായി ജനനം. ഒരു കർഷക കുടുംബത്തിൽ ജനിച്ച മുലായം ഇറ്റാവയിലെ കെ.കെ കോളജ്, ഷിക്കോഹബാദിലെ എ.കെ കോളജ്, ആഗ്ര സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
15ാം വയസിൽ തന്നെ രാഷ്ട്രീയത്തിൽ തൽപരനായ മുലായം കലാലയ പഠനകാലത്ത് രാം മനോഹർ ലോഹ്യയുടെ ആശയങ്ങളിൽ തൽപരനായാണ് സോഷ്യലിസ്റ്റ് ചിന്താധാരയുടെ ഭാഗമാകുന്നത്. 1967ൽ 28ാം വയസിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി ജസ്‍വന്ത്നഗറിൽ നിന്ന് മത്സരിച്ച് അദ്ദേഹം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. 1977ൽ ആദ്യമായി മന്ത്രിയായി.
ഏഴ് തവണയാണ് അദ്ദേഹം ജസ്‍വന്ത്നഗറിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 1992 ഒക്ടോബറിലാണ് സമാജ്‍വാദി പാർട്ടി രൂപീകരിക്കുന്നത്. യു.പി മുൻ മുഖ്യമന്ത്രിയും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകൻ. മൽതി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാർ.
Adjust Story Font
16