സല്‍മാന്‍ ഖാന്‍റെ വീടാക്രമിച്ച കേസ്; രണ്ടുപേര്‍ പിടിയില്‍
ഞായറാഴ്ചയാണ് ബൈക്കിൽ എത്തിയ അക്രമി സംഘം സൽമാന്‍റെ വീടിനുനേരെ വെടിയുതിർത്തത്
സല്‍മാന്‍ ഖാന്‍
ഡല്‍ഹി: ബോളിവുഡ് നടൻ സൽമാൻ ഖാന്‍റെ വീടാക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ഗുജറാത്തിൽ നിന്നാണ് ഇവരെ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഞായറാഴ്ചയാണ് ബൈക്കിൽ എത്തിയ അക്രമി സംഘം സൽമാന്‍റെ വീടിനുനേരെ വെടിയുതിർത്തത്.
തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു.കൂടുതൽ അന്വേഷണത്തിനായി ഇവരെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു.ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിന് മുൻപിൽ, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. നാല് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സൽമാനുമായി ഫോണിൽ സംസാരിച്ചു. ഷിൻഡെ മുംബൈ പൊലീസ് കമ്മീഷണറുമായി ചർച്ച ചെയ്യുകയും നടൻ്റെ സുരക്ഷ വർധിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു.
ഗുണ്ടാത്തലവന്‍മാരായ ലോറൻസ് ബിഷ്‌ണോയിയുടെയും ഗോൾഡി ബ്രാറിൻ്റെയും ഭീഷണിയെത്തുടർന്ന് 2022 നവംബർ മുതൽ സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തോക്ക് കൈവശം വയ്ക്കാനും മുംബൈ പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. 2022ല്‍ വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് താരം സ്വയം സുരക്ഷ ശക്തമാക്കിയിരുന്നു. തന്‍റെ ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവി കവചവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചിരുന്നു.
Adjust Story Font
16