Quantcast

100 വർഷം പഴക്കമുള്ള മരം മുറിച്ചത് ചോദ്യം ചെയ്തതിന് പരിസ്ഥിതി പ്രവർത്തകന് പൊലീസിന്റെ മർദനം

മുംബൈയിൽ പൊലീസിനെതിരെ പ്രതിഷേധം ഉയരുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-23 04:30:19.0

Published:

23 Jan 2022 3:40 AM GMT

100 വർഷം പഴക്കമുള്ള മരം മുറിച്ചത് ചോദ്യം ചെയ്തതിന് പരിസ്ഥിതി പ്രവർത്തകന് പൊലീസിന്റെ  മർദനം
X

മുംബൈ നഗരത്തിലെ നൂറുവർഷത്തോളം പഴക്കമുള്ള മരം മുറിച്ചതിനെ ചോദ്യം ചെയ്ത പരിസ്ഥിതി പ്രവർത്തകനെ പൊലീസ് ക്രൂരമായി മർദിച്ചു. ശനിയാഴ്ച, മുംബൈ പൊലീസ് ഒരാളെ മർദിക്കുകയും പോലീസ് വാനിലേക്ക് തള്ളിയിടുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ അഭയ് ആസാദാണ് ഇതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ നൂറ് വർഷം പഴക്കമുള്ള മരം മുറിച്ചതിനെ അഭയ് ചോദ്യം ചെയ്യുകയും മരം മുറിക്കാനുള്ള രേഖകൾ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇത് ഇഷ്ടപ്പെടാത്ത പൊലീസ് ഇയാളെ മർദിക്കുകയും വാനിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു. ഇയാൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു.

കഴിഞ്ഞ വർഷം മഹാരാഷ്ട്ര സർക്കാർ 50 വർഷത്തിലധികം പഴക്കമുള്ള എല്ലാ വൃക്ഷങ്ങളെയും പൈതൃക വൃക്ഷമായി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും മരങ്ങൾ മുറിക്കുന്നത് തുടരുകയാണ്. ഇതുപോലെ മരങ്ങൾ മുറിച്ചാൽ നഗരത്തിൽ ഒരു പൈതൃകവും അവശേഷിക്കില്ലെന്നും അഭയ് ആസാദ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. വീഡിയോ വൈറലായതോടെ പൊലീസിനെതിരെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇത് ചോദ്യം ചെയ്തതിന് ഒരാളെ ശിക്ഷിക്കുന്നത് അന്യായമാണ്, അയാൾ മരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ശബ്ദം ഉയർത്തിയതുമെന്ന രീതിയിൽ അഭയിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി.

2021ലാണ് പൈതൃക മരങ്ങൾ എന്ന ആശയം അവതരിപ്പിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ 1975 ലെ മഹാരാഷ്ട്ര (അർബൻ ഏരിയകൾ) പ്രൊട്ടക്ഷൻ ആൻഡ് പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ടിൽ ഭേദഗതി കൊണ്ടുവന്നത്. ഇതു പ്രകാരം 50 വർഷമോ അതിൽ കൂടുതലോ പ്രായമുള്ള മരങ്ങളെ 'പൈതൃക മരങ്ങൾ' എന്ന് തരംതിരിക്കുകയും പ്രത്യേക സംരക്ഷണം നൽകുകയും വേണമെന്നും ഉത്തരവിടുകയും ചെയ്തിരുന്നു.

TAGS :

Next Story