Quantcast

ബാബാ സിദ്ധീഖി വധം: പ്രതികൾ ബിഷ്ണോയി സംഘാം​ഗങ്ങളെന്ന് പൊലീസ്; ആക്രമണം വൈ കാറ്റ​ഗറി സുരക്ഷയുണ്ടായിരിക്കെ

അതീവ സുരക്ഷ ഭേദിച്ച് ഭരണകക്ഷി നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിലെ ബിജെപി- ഷിൻഡെ- എൻസിപി സർക്കാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രം​ഗത്തെത്തി.

MediaOne Logo

Web Desk

  • Updated:

    2024-10-13 03:06:10.0

Published:

13 Oct 2024 3:00 AM GMT

Mumbai Police revealed The Accused Of Baba Sidhique Murder Are members of Lawrence Bishnois gang
X

മുംബൈ: മഹാരാഷ്ട്രയിലെ അജിത് പവാർ വിഭാ​ഗം എൻസിപി നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ധീഖിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ​ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുമായി ബന്ധമെന്ന് പൊലീസ്. തങ്ങൾ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ അം​ഗങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചതായി മുംബൈ പാെലീസ് വ്യക്തമാക്കി. കഴിഞ്ഞ 25-30 ദിവസമായി പ്രതികൾ പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കൊലപാതകം നടത്താനായി മൂന്നു പേരാണ് ഓട്ടോറിക്ഷയിൽ എത്തിയത്. തുടർന്ന് അവസരം ഒത്തുകിട്ടാനായി കാത്തിരുന്നു. ഒടുവിൽ രാത്രി 9.15നും 9.20നും ഇടയിൽ അദ്ദേഹത്തിന്റെ മകന്റെ ഓഫീസിനു സമീപത്തുവച്ച് വെടിയുതിർക്കുകയായിരുന്നു. കാറിൽ കയറുന്നതിനിടെയായിരുന്നു പ്രതികൾ വെടിവച്ചത്. ഉടൻ തന്നെ മുബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മൂന്നാമനായി തിരച്ചിൽ ഊർജിതമാണെന്നും പൊലീസും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും അറിയിച്ചു. ഹരിയാന സ്വദേശി കർണൈൽ സിങ്, യുപി സ്വദേശി ധർമരാജ് കശ്യപ് എന്നിവരാണ് പിടിയിലായത്. വെടിവെപ്പിന് ഉപയോഗിച്ച 9.9 എംഎം പിസ്റ്റളും ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. രക്ഷപെട്ട മൂന്നാമത്തെയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. കേസന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് ബാബ സിദ്ദീഖിയെ മുംബൈയിലെ ബാന്ദ്ര മേഖലയിൽ മൂന്ന് പേർ വെടിവച്ച് കൊലപ്പെടുത്തിയത്. നിർമൽ നഗറിലെ ബാന്ദ്രയിലെ എംഎൽഎയും മകനുമായ സീഷൻ സിദ്ദീഖിയുടെ ഓഫീസിന് പുറത്തുവച്ചാണ് 66കാരനായ ബാബാ സിദ്ദീഖി ആക്രമിക്കപ്പെട്ടത്. 15 ദിവസം മുമ്പ് ബാബ സിദ്ദീഖിക്ക് വധഭീഷണിയുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് അദ്ദേഹത്തിൻ്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് ഉയർത്തിയിരുന്നു.

അതീവ സുരക്ഷ ഭേദിച്ച് ഭരണകക്ഷി നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിലെ ബിജെപി- ഷിൻഡെ സർക്കാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രം​ഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനനില പാടേ തകർന്നതായും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ഉടൻ രാജിവയ്ക്കണമെന്നും ശിവസേന (യുബിടി) വക്താവ് ആനന്ദ് ദുബെ പ്രതികരിച്ചു. ക്രമസമാധാനത്തിന് ലോകമെമ്പാടും അറിയപ്പെടുന്ന ന​ഗരമാണ് മുംബൈ. എന്നാൽ ഇപ്പോൾ അതിന് എന്ത് സംഭവിച്ചെന്ന് ആർക്കുമറിയില്ല. മുൻ മന്ത്രിയും മൂന്ന് തവണ എംഎൽഎയുമായ ബാബ സിദ്ദീഖിയെ പോലുള്ളവർ പോലും സുരക്ഷിതരല്ലെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാബ സിദ്ദിഖിയുടെ ദാരുണമരണം ഞെട്ടലും ദുഖവും ഉണ്ടാക്കുന്നതാണെന്നും ഈ ഭയാനക സംഭവം മഹാരാഷ്ട്രയിലെ ക്രമസമാധാന തകർച്ച വ്യക്തമാക്കുന്നതായും സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നീതി ലഭ്യമാക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകം ഭരണത്തിൻ്റെയും ക്രമസമാധാനത്തിൻ്റേയും സമ്പൂർണ തകർച്ചയാണെന്നും മരണത്തിൽ അനുശോചനം അറിയിക്കുന്നതായും ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ എക്സിൽ കുറിച്ചു.

കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുക മാത്രമല്ല, ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സർക്കാർ രാജിവയ്ക്കണമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടു. മുൻ സംസ്ഥാന മന്ത്രി ബാബാ സിദ്ദീഖിക്ക് നേരെ മുംബൈയിൽ നടന്ന വെടിവയ്പ്പ് ഖേദകരമാണ്. സിദ്ദീഖിയുടെ കുടുംബത്തോടുള്ള അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പവാർ വ്യക്തമാക്കി.

ബാബ സിദ്ദീഖി കൊല്ലപ്പെട്ട വാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്നും എൻഡിഎ ഭരണത്തിന് കീഴിൽ മഹാരാഷ്ട്രയിൽ തുടർച്ചയായി നടക്കുന്ന ഇത്തരം ക്രിമിനൽ സംഭവങ്ങൾക്ക് നിങ്ങൾ എന്ത് പേരിടുമെന്നും ആർജെഡി തലവൻ തേജസ്വി യാദവ് പ്രതികരിച്ചു. അനുശോചനം അറിയിച്ച് രം​ഗത്തെത്തിയ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സർക്കാർ സമഗ്രവും സുതാര്യവുമായ അന്വേഷണത്തിന് ഉത്തരവിടണം. കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഖാർ​ഗെ ആവശ്യപ്പെട്ടു.

ബാബ സിദ്ദീഖിയുടെ കൊലപാതകം അപലപനീയമാണെന്നും മഹാരാഷ്ട്രയിലെ ക്രമസമാധാന നില വഷളായതിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അനുശോചനം അറിയിക്കുന്നതായും എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി പ്രതികരിച്ചു.

തന്റെ നല്ല സഹപ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്നും സിദ്ദീഖിക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അജിത് പവാർ എക്സിൽ കുറിച്ചു. ബാബ സിദ്ദീഖിക്ക് ആദരാഞ്ജലികൾ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ആക്രമണത്തിന് പിന്നിലെ സൂത്രധാരനെയും കണ്ടെത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. 48 വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഈ വർഷം ഫെബ്രുവരിയിലാണ് സിദ്ദീഖി കോൺഗ്രസിൽ നിന്ന് എൻസിപിയിലേക്ക് എത്തിയത്.

TAGS :

Next Story