നിർബന്ധിത സർവീസ് ചാർജ് ഈടാക്കിയതിന് മുംബൈ റെസ്റ്റോറന്റിന് 25,000 രൂപ പിഴ
നിർബന്ധിത സേവന നിരക്ക് വളരെ പ്രതിഷേധാർഹവും നിയമവിരുദ്ധവുമാണെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ പറഞ്ഞു.
മുംബൈ: ഉപഭോക്താക്കളിൽ നിന്ന് അഞ്ച് ശതമാനം നിർബന്ധിത സർവീസ് ചാർജ് ഈടാക്കിയതിന് മുംബൈയിലെ ഒരു റെസ്റ്റോറന്റിന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ 25,000 രൂപ പിഴ ചുമത്തി. 29 രൂപ സർവീസ് ചാർജ് തിരികെ നൽകാനും കമ്മീഷൻ റെസ്റ്റോറന്റിനോട് നിർദേശിച്ചു.
റെസ്റ്റോറന്റ് ഉടമയായ പ്രിൻസ് ക്യുസൈൻസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ 2017ൽ സൗത്ത് മുംബൈ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുമുമ്പാകെ യോഗേഷ് പട്കി എന്ന വ്യക്തി നൽകിയ പരാതിയിലായിരുന്നു വിധി. സർവീസ് ചാർജ് അത്യന്തം പ്രതിഷേധാർഹം മാത്രമല്ല നിയമവിരുദ്ധമാണെന്നും കമ്മീഷൻ വിശേഷിപ്പിച്ചു.
നിർബന്ധിത സർവീസ് ചാർജ് ഈടാക്കുന്നതിലൂടെ റെസ്‌റ്റോറന്റിന്റെ അന്തരീക്ഷം, എയർ കണ്ടീഷനിങ്, സ്റ്റാഫ് സേവനങ്ങൾ തുടങ്ങിയവ ഒരു പ്രത്യേക ഗുണനിലവാരമുമുള്ളതാണെന്ന് തെറ്റായി പ്രതിനിധീകരിക്കുകയാണ്. ഇത്തരം അധികസേവനങ്ങൾ മൊത്തത്തിലുള്ള ഡൈനിങ് അനുഭവത്തിന്റെ ഭാഗമാണെന്നും നിർബന്ധിത ചാർജിനെ ന്യായീകരിക്കാൻ ഉപയോഗിക്കരുതെന്നും കമ്മീഷൻ പറഞ്ഞു.
മെനു കാർഡിൽ സർവീസ് ചാർജും സർവീസ് ടാക്സും ഒറ്റവരിയായി രേഖപ്പെടുത്തി നിയമപരമായ നികുതിയാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് റെസ്റ്റോറന്റ് ചെയ്യുന്നതെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. നിർബന്ധിത സേവന നിരക്കുകൾ ഈടാക്കുന്നത് നിർത്താൻ റസ്റ്റോറന്റിനോട് നിർദേശിക്കുകയും ചെയ്തു. ടിപ്പുകൾ നൽകുന്നത് ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഇടയിലാണെന്നും ഹോട്ടൽ മാനേജ്മെന്റിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും കമ്മീഷൻ പറഞ്ഞു.
Adjust Story Font
16