Quantcast

കോണ്‍ഗ്രസ് പിന്തുണയോടെ മുംബൈയില്‍ മുനാവര്‍ ഫാറൂഖിയുടെ ഷോ

ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുനാവറിന്‍റെ 16 ഷോകൾ റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ പരിപാടിയായിരുന്നു ഇത്.

MediaOne Logo

Web Desk

  • Published:

    20 Dec 2021 12:09 PM GMT

കോണ്‍ഗ്രസ് പിന്തുണയോടെ മുംബൈയില്‍ മുനാവര്‍ ഫാറൂഖിയുടെ ഷോ
X

കൊമേഡിയന്‍ മുനാവര്‍ ഫാറൂഖിയുടെ സ്റ്റാന്‍ഡ് അപ് കോമഡി മുംബൈയില്‍ നടന്നു. മഹാരാഷ്ട്രയിലെ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (എഐപിസി) സംഘടിപ്പിച്ച ഷോയിലാണ് മുനാവർ ഫാറൂഖി പരിപാടി അവതരിപ്പിച്ചത്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുനാവറിന്‍റെ 16 ഷോകൾ റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ പരിപാടിയായിരുന്നു ഇത്.

കലാകാരന്മാര്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് എഐപിസി ട്വീറ്റ് ചെയ്തു- "കലാകാരന്മാർ ഭരണഘടനയെ അനുസരിക്കുകയും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്നിടത്തോളം ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. നമുക്ക് മറ്റുള്ളവരോട് വിയോജിക്കാം. എന്നാൽ മറ്റുള്ളവരുടെ മേൽ നമ്മുടെ അഭിപ്രായം അടിച്ചേൽപ്പിക്കാൻ ബലപ്രയോഗം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്"

പിന്തുണയ്ക്ക് കോണ്‍ഗ്രസിനും മുംബൈ പോലീസിനും മുനാവർ നന്ദി അറിയിച്ചു. മുനാവറിന് വേദിയൊരുക്കിയതിനു നടി പൂജാ ഭട്ട്, മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എന്നിവരും നന്ദി അറിയിച്ചു.

ബംഗളൂരു, ഗുരുഗ്രാം, സൂറത്ത്, റായ്പൂർ, സൂറത്ത്, അഹമ്മദാബാദ്, വഡോദര, ഗോവ, മുംബൈ എന്നിവിടങ്ങളിലെ മുനാവറിന്‍റെ ഷോകൾ റദ്ദാക്കിയിരുന്നു. നവംബർ 28ന് ബംഗളൂരുവിലെ ഷോ റദ്ദാക്കിയതിനു പിന്നാലെ താന്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി നിര്‍ത്തുകയാണെന്ന സൂചന മുനാവര്‍ നല്‍കുകയുണ്ടായി-

"വിദ്വേഷം, വിജയിച്ചു കലാകാരൻ തോറ്റു. എനിക്കു മതിയായി. വിട. അനീതിയാണിത്. 600ലേറെ ടിക്കറ്റുകള്‍ വിറ്റതാണ്. ഞാന്‍ പറയാത്ത തമാശയുടെ പേരില്‍ നേരത്തെ എന്നെ ജയിലിലടച്ചു. വിവാദപരമായ ഒരു ഉള്ളടക്കവുമില്ലാത്ത എന്‍റെ പരിപാടികള്‍ റദ്ദാക്കുന്നു. പല മതങ്ങളില്‍പ്പെട്ടവരുടെ സ്നേഹം നേടിയ പരിപാടിയാണിത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ട്. രണ്ട് മാസത്തിനിടെ 12 പരിപാടികള്‍ ഭീഷണി കാരണം റദ്ദാക്കി. ഇതാണ് അവസാനമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ പേര് മുനാവര്‍ ഫാറൂഖി എന്നാണ്. നിങ്ങള്‍ മികച്ച ഓഡിയന്‍സായിരുന്നു. വിട.. എല്ലാം അവസാനിക്കുന്നു"- എന്നാണ് മുനവ്വര്‍ ഫാറൂഖി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഹിന്ദു വികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി നേരത്തെ ഒരു മാസം മുനാവറിനെ ജയിലിലടച്ചിരുന്നു. സ്റ്റാന്‍ഡ് അപ് കോമഡിയുടെ റിഹേഴ്സലിനിടെ ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ കേട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുനാവറിനെതിരായ നടപടി. എന്നാല്‍ തെളിവ് ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല.

മുനാവറിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കലാകാരന്മാരും രംഗത്തെത്തിയിരുന്നു. താന്‍ സ്റ്റാന്‍ഡ് കോമഡി നിര്‍ത്തില്ലെന്ന് മുനാവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെയാണ് കോണ്‍ഗ്രസ് പിന്തുണയോടെ മുംബൈയില്‍ പരിപാടി അവതരിപ്പിച്ചത്.

TAGS :

Next Story